Connect with us

National

ബംഗാളിലും വി എച്ച് പിയുടെ മതപരിവര്‍ത്തന മേള

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും മതപരിവര്‍ത്തന മേള. ബംഗാളിലെ ഖര്‍മദംഗാ ഗ്രാമത്തില്‍ നടന്ന ഘര്‍വാപസി ചടങ്ങില്‍ 100 പേരെ ക്രിസ്തുമതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് പുനര്‍ പരിവര്‍ത്തനം ചെയ്തതായി വി എച്ച് പി അവകാശപ്പെട്ടു. ഘര്‍വാപസിക്കെത്തിയവരില്‍ മിക്കവരും ഗോത്രവര്‍ഗക്കാരാണ്. പ്രത്യേക ചടങ്ങ് നടത്തി ഇവരെ ഹിന്ദുമതക്കാരാക്കി മാറ്റിയെന്നാണ് വി എച്ച് പി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ചടങ്ങിനെത്തിയെങ്കിലും മതപരിവര്‍ത്തനത്തിന് ആദിവാസികള്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പ്രലോഭിപ്പിച്ച് ചടങ്ങിലേക്ക് എത്തിക്കുകയാണ് വി എച്ച് പി ചെയ്തതെന്ന ആരോപണവുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
വി എച്ച് പി നേതാവ് ജുഗല്‍ കിശോറാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. തൊട്ടടുത്ത രാംപുര്‍ഹത്ത് പട്ടണത്തില്‍ പ്രവീണ്‍ തൊഗാഡിയയുടെ പ്രസംഗം നടന്നതിന് പിറകേയാണ് ഘര്‍വാപസി നടന്നതെന്നത് ശ്രദ്ധേയമാണ്. മിഷനറിമാരില്‍ നിന്ന് പണം സ്വീകരിച്ച് ഹിന്ദുക്കളായവരെയാണ് തിരിച്ചു കൊണ്ടുവന്നതെന്ന് ഗുഗല്‍ കിശോര്‍ അവകാശപ്പെട്ടു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരം നാടകങ്ങള്‍ സമൂഹത്തിലെ സമാധാനവും സുസ്ഥിരതയും തകര്‍ക്കാനേ ഉപകരിക്കൂവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ബീര്‍ഭൂം ജില്ലാ പ്രസിഡന്റ് അനുവൃതാ മണ്ഡല്‍ പറഞ്ഞു. ഗോത്രവര്‍ഗക്കാരെ പലതും പറഞ്ഞ് പറ്റിക്കുകയാണ് പി എച്ച് പിയും ബി ജെ പിയുമെന്ന് മണ്ഡല്‍ ചൂണ്ടിക്കാട്ടി.
അതേസമയം, മതപരിവര്‍ത്തനം നടന്നതായി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് ജില്ലാ പോലീസ് അധികാരികള്‍ പറഞ്ഞു. മതപരമായ ചടങ്ങുകള്‍ നടന്നിരിക്കാം. എന്നാല്‍ പേര് മാറാനോ മതം മാറിയുള്ള രേഖകള്‍ക്കോ ആരും ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബംഗാളിന് ശക്തമായ മതേതര പാരമ്പര്യമാണ് ഉള്ളതെന്നും അത് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തൃണമൂല്‍ രാജ്യസഭാ എം പി ദെറിക് ഒ ബ്രീന്‍ പറഞ്ഞു.

Latest