Connect with us

Ongoing News

കേരളം 744; പ്രീജ നയിക്കും

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജശ്രീധരന്‍ നയിക്കും. നിരവധി അന്തരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീരിച്ചിട്ടുള്ള പ്രീജ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമാണ്. 744 അംഗ ആതിഥേയ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുപ്പത്തിമൂന്ന് മത്സര ഇനങ്ങളിലും മാറ്റുരയക്കുന്ന കേരള ടീമില്‍ 391 പുരുഷ താരങ്ങളും 353 വനിതാ താരങ്ങളുമുണ്ട്. സംസ്ഥാനത്തിനു ഏറ്റവുമധികം മെഡല്‍ സാധ്യതയുള്ള അത്‌ലറ്റിക്‌സില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ 90 പേരും നീന്തലില്‍ 44 താരങ്ങളും മത്സരിക്കും. പരിശീലകരും മാനേജര്‍മാരും ഉള്‍പ്പടെ 203 പേരും ടീമിനൊപ്പം ഉണ്ട്. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗസിലിന്റെ കീഴില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന പരിശീലന ക്യാമ്പിലൂടെയാണ് ടീമുകളെ തെരഞ്ഞെടുത്തത്.

സ്‌പോര്‍ട്‌സ് കൗസിലിന്റെ മേല്‍ നോട്ടത്തില്‍ കുറ്റമറ്റതും വിദഗ്ധവുമായ പരിശീലനത്തിലൂടെ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ടീമാണ് ദേശീയ ഗെയിംസിനായി ഇത്തവണ കേരളത്തിനായി അണിനിരക്കുന്നത്.
പരിശീലനത്തനുള്ള താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകളും പ്ലേയിംഗ് കിറ്റുകളും തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സ്‌പോര്‍ട്‌സ് കൗസില്‍ നല്‍കി കഴിഞ്ഞു. സംസ്ഥാനത്തിനു പുറത്ത് ജോലി ചെയ്യുന്ന മലയാളി താരങ്ങളെ കൂടെ ഉള്‍പ്പെടുത്തി കിരീട നേട്ടത്തിനായുള്ള ടീമിനെയാണ് ഇത്തവണ ആതിഥേയര്‍ കളത്തിലിറക്കിയിരിക്കുന്നത്.
റെയില്‍വെയുടെയും സര്‍വ്വീസിന്റേയും ഒ എന്‍ ജി സിയുടെയും നിരവധി താരങ്ങള്‍ ഇത്തവണ കേരളത്തിനുവേണ്ടി മത്സരിക്കും.
മെര്‍ലിന്‍ കെ ജോസഫ്(റയില്‍വേ), എസ് സിനി (ഒ എന്‍ ജി സി), ഒ പി ജയ്ഷ(പഞ്ചാബ്), പ്രീജ ശ്രീധരന്‍(റയില്‍വേ) എം എ പ്രജുഷ(റയില്‍വേ), ലിക്‌സി ജോസഫ്(റയില്‍വേ), നിക്‌സി ജോസഫ്(റയില്‍വേ) എന്‍ എ ഷമീര്‍മോന്‍(സര്‍വീസസ്) ബിബിന്‍ മാത്യു(റയില്‍വേ), സജീഷ് ജോസഫ്(സര്‍വീസ്സ്) ജോസഫ് ജി എബ്രഹാം(റയില്‍വേ) ജിതിന്‍ പോള്‍( റയില്‍വേ) എം രഞ്ജിത്ത്(റയില്‍വേ) കെ പി ബിമിന്‍(റയില്‍വേ), പിന്റോ മാത്യു(റയില്‍വേ) അത്‌ലറ്റിക്‌സിലും കപില്‍ ദേവ്( റയില്‍വേ)്, മനു ജോസഫ് (റയില്‍വേ), ടെറിന്‍ ആന്റണി(റയില്‍വേ), പൗര്‍ണിമ(റയില്‍വേ), സൗമ്യ(റയില്‍വേ) വോളിബോളിലും അപര്‍ണ ബാലന്‍(ഒന്‍ജിസി), പി സി തുളസി(ഒ എന്‍ ജി സി), എസ് എച്ച് പ്രണോയ്(ഒ എന്‍ ജി സി), അരു വിഷ്ണു(ഒ എന്‍ ജി സി) ബാഡ്മിന്റണിലും രഞ്ജിത്ത് മോഹന്‍(ബി എസ് എഫ്), ബി വിനു(ബി എസ് എഫ്), ജോസഫ് ഫ്രാന്‍സിസ്(ബി എസ് എഫ്), ജി മോഹിത(ഇന്ത്യന്‍ നേവി), മംഗളം സിംഗ് (ഇന്ത്യന്‍ നേവി), സുനില്‍കുമാര്‍( ഇന്ത്യന്‍ നേവി), സൈമ സിംഗ്(ഇന്ത്യന്‍ നേവി) ഹരികുമാര്‍ (ഇന്ത്യന്‍ നേവി) ശിവശങ്കരന്‍( ഇന്ത്യന്‍ നേവി) കനോയിംഗ് കയാക്കിംഗിലും സംസ്ഥാനത്തിനുവേണ്ടി കളത്തിലിറങ്ങും. ബാസ്‌കറ്റ് ബോളില്‍ സ്മൃതിയും(റയില്‍വേ) ജിംനാസ്റ്റിക്‌സില്‍ ഷിനോജും( സര്‍വീസസ്) ആതിഥേയരുടെ ജേഴ്‌സി അണിയും. നീന്തലില്‍ അന്താരാഷ്ട്ര താരങ്ങളായ സാജന്‍ പ്രകാശ്, അനൂപ് അഗസ്റ്റിന്‍, ശര്‍മ എസ് പി നായര്‍, പൂജ ആര്‍ ആല്‍വ കേരളത്തിനുവേണ്ടി മത്സരത്തിനിറങ്ങും. ദേശീയ ഗെയിംസിനുള്ള കേരള സംഘത്തിന്റെ ചുമതല മുന്‍ അന്താരാഷ്ട്ര നീന്തല്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ വില്‍സണ്‍ ചെറിയാനാണ്.
ഡപ്യൂട്ടി ചീഫ് ഡി മിഷന്‍സായി ഫുട്‌ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഐ എം വിജയനും രാജ്യാന്തര താരം സുഭാഷ് ജോര്‍ജ്ജും സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴ്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ നജൂമുദ്ദീനും ചുമതലയേറ്റിട്ടുണ്ട്.
ദേശീയ ഗെയിംസില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് പരിശീലനം തേടുന്ന ടീമംഗങ്ങള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സൈക്കോളജിസെറ്റുകളും മസാജേഴ്‌സും ഡോക്ടറും സേവനമനുഷ്ഠിക്കുന്നുണ്ട്.
ദേശീയ ഗെയിംസില്‍ കിരീട നേട്ടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടാതെയാണ് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗസിലിന്റെ കീഴില്‍ താരങ്ങള്‍ മൂന്നു ഘട്ടത്തിലും പരിശീലനം നേടിയത്.
ഈ ലക്ഷ്യം നേടുന്നതിലേക്കായാണ് വിദഗ്ധ പരിശീലനത്തോടൊപ്പം സൈക്കോളജിസ്റ്റിന്റെയും മസാജേഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിരിക്കുന്നതെന്ന് സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അറിയിച്ചു.

---- facebook comment plugin here -----

Latest