Connect with us

National

ഗോഡ്‌സെയുടെ പ്രതിമ ക്ഷേത്രങ്ങളില്‍ സ്ഥാപിക്കാന്‍ നീക്കം

Published

|

Last Updated

മീറത്ത്: ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ രാജ്യത്താകെയുള്ള ക്ഷേത്രങ്ങളില്‍ സ്ഥാപിക്കാന്‍ നീക്കം. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭയാണ് ഈ നീക്കവുമായി മുന്നോട്ടു പോകുന്നത്. ഉത്തര്‍ പ്രദേശിലെ ഏതാനും പൊതു കേന്ദ്രങ്ങളില്‍ നാഥുറാം പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെയാണ് ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്.
നിരവധി ക്ഷേത്രങ്ങളുടെ ഭരണസമിതിയില്‍ നിര്‍ണായക സ്വാധീനമുള്ള ഹിന്ദു മഹാസഭ ഇതിനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. ക്ഷേത്ര ഭരണത്തിന്റെ നേതൃത്വത്തിലുള്ളവരുമായും ട്രസ്റ്റ് അധികാരികളുമായും സന്ന്യാസികളുമായും ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടന്നു കഴിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാന്ധി രക്തസാക്ഷി ദിനമായ ഇന്ന് തന്നെ ഇതുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
യു പിയിലെ സീതാപൂര്‍ ജില്ലയിലും മീറത്തിലും ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഈ രണ്ടിടങ്ങളും പോലീസ് വലയത്തിലായതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഐ പി സി സെക്ഷന്‍ 144 പ്രഖ്യാപിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഈയിടെ അലഹാബാദില്‍ നടന്ന മാഘ കുംഭമേളയോടനുബന്ധിച്ച് നിരവധി സന്ന്യാസികളുമായി ചര്‍ച്ച നടത്തിയെന്നും തിരഞ്ഞെടുത്ത ക്ഷേത്രങ്ങളില്‍ പ്രതിമ സ്ഥാപിച്ച ശേഷം മാധ്യമങ്ങളെ അറിയിക്കാനാണ് നീക്കമെന്നും ഹിന്ദു മഹാസഭാ വക്താക്കള്‍ അറിയിച്ചു. അനാവശ്യ ശ്രദ്ധയാകര്‍ഷിക്കലല്ല ലക്ഷ്യം. കാര്യം നടക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് പദ്ധതി രഹസ്യമാക്കി വെച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ഭാരവാഹി പറഞ്ഞു.

Latest