Connect with us

International

ഇസ്‌റാഈലിനെതിരെ പ്രത്യാക്രമണം നിറുത്തിവെക്കുന്നതായി ഹിസ്ബുല്ല

Published

|

Last Updated

ജറൂസലം: കൂടുതല്‍ ആക്രമണങ്ങള്‍ക്ക് മുന്നിട്ടുവരാതെ പിന്മാറുകയാണെന്ന് വ്യക്തമാക്കിയ സന്ദേശം ഹിസ്ബുല്ലയില്‍ നിന്ന് ലഭിച്ചതായി ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി മോശെ യാലോനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികരും യു എന്‍ സമാധാന സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഹിസ്ബുല്ലക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് തിരിച്ചടി നല്‍കിയതെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നു.
ലബനാനിലെ ഐക്യരാഷ്ട്ര സഭ സമാധാന ദുതര്‍ വഴിയാണ് തങ്ങള്‍ക്ക് സന്ദേശം ലഭിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റൊരു ആക്രമണത്തിന് തങ്ങള്‍ താത്പര്യമെടുക്കുന്നില്ലെന്നാണ് സന്ദേശം. പരസ്പര സഹകരണത്തിന്റെ വരികളാണ് സന്ദേശത്തിലുള്ളതെന്നും ഇത് ലബനാനില്‍ നിന്ന് തന്നെയുള്ളതാണെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച പ്രതികരണങ്ങളൊന്നും ഹിസ്ബുല്ല നടത്തിയിട്ടില്ല. പ്രദേശം പൂര്‍ണ സമാധാനത്തിലെത്തുന്നതു വരെ ഇവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും എപ്പോഴും തങ്ങള്‍ യുദ്ധസജ്ജരായിരിക്കുമെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ രണ്ട് സൈനികരെ കൊലപ്പെടുത്തിയ ഹിസ്ബുല്ലക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിട്ടുണ്ട്.

Latest