Connect with us

Alappuzha

കയര്‍ കേരള: 200 കോടി രൂപയുടെ വിദേശ ഓര്‍ഡര്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി

Published

|

Last Updated

ആലപ്പുഴ: കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും ലോകത്തിലെ ഏറ്റവും വലിയ വ്യാപാര മേളയായ കയര്‍ കേരളയിലൂടെ 200 കോടി രൂപയുടെ വിദേശ ഓര്‍ഡര്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം ഒന്നിന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. 53 രാജ്യങ്ങളില്‍ നിന്ന് 170 വിദേശ വ്യാപാരികളാണ് കയര്‍ ഉത്പന്നങ്ങള്‍ തേടി മേളയിലെത്തുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സൗത്ത് ആഫ്രിക്ക, കെനിയ, നൈജീരിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം പ്രതിനിധികള്‍ മേളയിലെത്തുന്നത്. കേരള കയറിന്റെ പരമ്പരാഗത വിപണികളായ അമേരിക്ക, റഷ്യ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വ്യാപാര പ്രതിനിധികള്‍ ആലപ്പുഴയിലെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 വ്യാപാരികളും പുതിയ ഉത്പന്നങ്ങളും സാധ്യതകളും തേടി മേളയിലെത്തുമെന്ന് മന്ത്രി പറഞ്ഞു.
കയര്‍മേഖലയില്‍ തൊഴിലവസരങ്ങള്‍ക്കുതകുന്ന പുതിയ പദ്ധതികളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യുന്ന മേള തൊഴിലെടുക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഉത്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങളും പരിശോധിക്കും. ശാസ്ത്രജ്ഞരെയും ഗവേഷകരെയും നയകര്‍ത്താക്കളെയും പരിപാടിയില്‍ ഒരുമിച്ചു ചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രതിനിധികള്‍ക്കു മാത്രമായുള്ള വ്യാപാര പ്രദര്‍ശനത്തിനായി ഒരുക്കുന്ന രാജ്യാന്തര പവലിയനില്‍ 100 സ്റ്റാളുകളും ദേശീയ പവലിയനില്‍ 150 സ്റ്റാളുകളും ഉണ്ടാകും. പൊതുപ്രദര്‍ശനത്തില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള 50 പ്രദര്‍ശകര്‍ ഉള്‍പ്പെടെ 275 പ്രദര്‍ശകരായിരിക്കും ഉണ്ടാകുക.