Connect with us

Articles

സ്ഥലത്തെ പ്രധാന ദിവ്യന്മാരും നമ്മുടെ നീതിന്യായ വ്യവസ്ഥയും

Published

|

Last Updated

സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ ആരൊക്കെയെന്ന് മഹാനായ വൈക്കം മുഹമ്മദ് ബഷീര്‍ നമുക്കു പറഞ്ഞു തന്നിട്ടുണ്ട്. ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശു തോമാ, എട്ടുകാലി മമ്മുഞ്ഞ്, ചാത്തങ്കേരി മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, ഒറ്റക്കണ്ണന്‍ പോക്കര്‍, സ്ഥലത്തെ രണ്ട് പോലീസുകാര്‍, മണ്ടന്‍മുത്തപാ, മുഴയന്‍ നാണു; ഇവരെ കൂടാതെ കൊച്ചുനീലാണ്ടന്‍ എന്ന കൊമ്പനാനയും പാറുക്കുട്ടി എന്ന പിടിയാനയും. ഇവരുടെ വീരശൂരപരാക്രമങ്ങളെക്കുറിച്ചു വിനീതചരിത്രകാരനായ നമ്മുടെ ബഷീര്‍ക്ക ധാരാളം ഉപന്യസിച്ചിട്ടുണ്ടെങ്കിലും അവരാരും ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടതിന്റെയും ജയിലില്‍ അവര്‍ക്കു ലഭിച്ച വി ഐ പി പരിചരണത്തിന്റെയും ചരിത്രം ഒരിടത്തും എഴുതിയത് വായിച്ചതായി ഓര്‍മയിലില്ല. സമീപകാലത്തായി നമ്മുടെ നാട്ടില്‍ വിടര്‍ന്നു വിലസുന്ന മതേതര ജനാധിപത്യ പൂങ്കാവനത്തില്‍ ബഷീറിന്റെ പല കഥാപാത്രങ്ങളും ജീവനോടെ മേഞ്ഞു നടക്കുന്നത് നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്. മോഷണം, പിടിച്ചുപറി, ബലാത്‌സംഗം, കൊലപാതകം തുടങ്ങിയ നിസ്സാരകുറ്റങ്ങള്‍ ആദ്യം ആരോപണരൂപത്തിലും പിന്നെ വിചാരണ രൂപത്തിലും ഒടുവില്‍ ശിക്ഷയുടെ രൂപത്തിലും കഴുത്തിനു കുത്തിപ്പിടിച്ചതിന്റെ അടിസ്ഥാനത്തില്‍ ജയില്‍വാസത്തിനു വിധിക്കപ്പെട്ട നമ്മുടെ രാഷ്ട്രീയ വി ഐ പികള്‍ക്ക് ജയിലില്‍ കിട്ടിയ മുന്തിയ സുഖസൗകര്യങ്ങള്‍ നമ്മള്‍ എത്രവട്ടം കണ്ടതാണ്. അവരില്‍ ഇന്ദിരാ ഗാന്ധി മുതല്‍ ജയലളിത വരെ ഉള്‍പ്പെടുന്നു.
ഈ പട്ടികയില്‍ അടുത്തതായി ഇടം പിടിക്കാന്‍ യോഗം കാണുന്നത് നമ്മുടെ വിശ്വസാഹിത്യകാരന്‍ ശശി തരൂരിനാണ്. പ്രതികളാരെന്നു നിശ്ചയമില്ലാത്ത ഈ കേസില്‍ എല്ലാം അറിയാവുന്ന ഒരാളുണ്ട്. അത് നമ്മുടെ സുബ്രഹ്മണ്യ സ്വാമിയാണ്. അദ്ദേഹം പറയുന്നത് തരൂരിനെ മാത്രമല്ല, അതിലും വലിയ ചില വമ്പന്മാരെയും അകത്താക്കിയിട്ടേ താന്‍ പിന്‍വാങ്ങൂ എന്നാണ്. സ്വാമി ചില്ലറക്കാരനല്ല. പറഞ്ഞാല്‍ പറഞ്ഞതാണ്. സുനന്ദാ പുഷ്‌കറിന്റെ കൊലപാതകത്തോട് ബന്ധപ്പെട്ട് അന്തര്‍ദേശീയാടിസ്ഥാനത്തില്‍ നടക്കാന്‍ പോകുന്ന അന്വേഷണത്തില്‍ എന്തെങ്കിലും തെളിവുകള്‍ കണ്ടെടുക്കപ്പെടാന്‍ സാധ്യത കുറവാണ്. വി ഐ പികള്‍ സംശയിക്കപ്പെടുന്ന ഏത് കുറ്റകൃത്യങ്ങളിലും തെളിവുകളൊക്കെ ബന്ധപ്പെട്ടവര്‍ക്കു വിദഗ്ധമായി നശിപ്പിക്കാന്‍ ആവശ്യമായ ഇടവേളകള്‍ അനുവദിച്ചതിനു ശേഷമേ നമ്മുടെ കുറ്റാന്വേഷണ വിഭാഗവും നീതിന്യായ കോടതികളും അവരുടെ പ്രാഥമിക ജോലി തുടങ്ങാറുള്ളൂ എന്നത് എത്ര ആശ്വാസപ്രദം.! എങ്കിലും ചുരുങ്ങിയ ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടവര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ എത്രയെത്ര വി ഐ പികള്‍ക്കു ചുരുങ്ങിയ ദിവസങ്ങളിലെങ്കിലും അന്തിയുറങ്ങാനുള്ളതാണ് രാജ്യത്തെ ജയിലറകള്‍.! ബാറുകളില്‍ മാത്രമല്ല ജയിലുകളിലും പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണം. മാത്രമല്ല, കാര്യങ്ങള്‍ ഈ നിലയിലൊക്കെ പുരോഗമിച്ചാല്‍ നമ്മുടെ ധനമന്ത്രി പാലയുടെ മാണിക്യം മാണി സാറും ചിലപ്പോള്‍ ജയിലില്‍ അന്തിയുറങ്ങേണ്ടിവരും.
ക്രിക്കറ്റ് വാതുവെപ്പ് പോലെയുള്ള സര്‍ഗാത്മക ധനസമ്പാദന മാര്‍ഗങ്ങളാണ് ഇനി അങ്ങോട്ടുള്ള കാലം നമ്മുടെ പുതുതലമുറയുടെ ജീവിതസ്വപ്‌നം. ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ ജോലിയില്‍ തുടങ്ങി 250 കോടിയുടെ ആസ്തിയും വിശ്വസാഹിത്യകാരനായ കേന്ദ്രമന്ത്രിയുടെ ഭാര്യാപദവിയും ചുരുങ്ങിയകാലത്തേക്കെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞ സുനന്ദപുഷ്‌കറുടെ ഒരു ഭാഗ്യം നോക്കണേ. നമ്മള്‍ സാധാരണമനുഷ്യര്‍ക്കൊന്നും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത പൊളോണിയം 210 ഉള്ളില്‍ ചെന്നു മരിക്കാനുള്ള യോഗം! മുന്തിയ വിഷം. അതാണിന്നു ലോകത്തെ ഏറ്റവും വിലകൂടിയ വസ്തു. സാധാരണ മനുഷ്യര്‍ക്ക് തികച്ചും അപ്രാപ്യം. അന്താരാഷ്ട്ര കൊലപാതകങ്ങളില്‍ മാത്രമേ ഈ വിഷം ഉപയോഗിക്കപ്പെടാറുള്ളു. ആണവ കേന്ദ്രങ്ങിലും മറ്റും മാത്രം ലഭ്യമാകുന്ന പൊളോണിയം വിഷം അത്യുന്നതങ്ങളില്‍ പിടിപാടുള്ള സ്ഥലത്തെ പ്രധാനദിവ്യന്മാര്‍ക്കു മാത്രമേ അല്‍പ്പമെങ്കിലും കൈവശപ്പെടുത്താന്‍ കഴിയൂ.
ഇതിനും പുറമെ ഈ ക്രിക്കറ്റ് വാതുവെപ്പുപോലുള്ള ഊഹക്കച്ചവടങ്ങളില്‍ നിന്ന് മുതല്‍മുടക്കില്ലാതെ കോടികള്‍ സമ്പാദിക്കുന്ന വിദ്യ ശാസ്ത്രീയമായി പഠിപ്പിക്കുന്ന വല്ല കോഴ്‌സുകളും (സ്വാശ്രയസ്ഥാപനങ്ങളിലൂടെ ആയാലും മതി) ആരംഭിക്കുന്ന കാര്യം നമ്മുടെ സര്‍വകലാശാലകള്‍ അടിയന്തരമായി പരിഗണിക്കണം. ക്രിക്കറ്റ് എന്നൊക്കെപ്പറഞ്ഞാല്‍ വെറും കുറ്റിയും കോലും കളിയല്ല, പത്ത് കാശുണ്ടാക്കാനുള്ള വഴിയാണെന്നു നമ്മുടെ കുട്ടികളും മനസ്സിലാക്കട്ടെ. ഒരു കേന്ദ്രമന്ത്രിയുടെ മന്ത്രിപ്പണി തെറിപ്പിക്കാനും മന്ത്രിപത്‌നിയുടെ കൊലപാതകത്തിനും വരെ വഴിയൊരുക്കിയ ഈ ക്രിക്കറ്റ്കളി മറ്റു പല കളികളുടെയും മുന്നൊരുക്കമാണ് സുഹൃത്തുക്കളേ.
ഇപ്പോഴിതാ നമ്മുടെ ഈ കൊച്ചുകേരളവും നമ്മുടെ ബഹുമാനപ്പെട്ട കളിവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മറ്റൊരു കളിഭ്രാന്തിന്റെ വക്കത്താണ്. ദേശീയ ഗെയിംസ് എന്ന കളിമാമാങ്കത്തിനു കേന്ദ്രത്തില്‍ നിന്നു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന 500 കോടിയുടെ ശര്‍ക്കരക്കുടത്തിലാണ് എല്ലാവരുടെയും നോട്ടം. കുടത്തിന്റെ ചുവട്ടില്‍ ഇപ്പോഴേ ദ്വാരം വീണുകഴിഞ്ഞു. അതിനാല്‍ കൈ അകത്തിട്ട് നക്കേണ്ട കാര്യമൊന്നുമില്ല. കുടത്തിന്റെ അരികുപറ്റി നിന്നാല്‍ മതി. ശര്‍ക്കര അല്‍പ്പാല്‍പ്പമായി നേരെ വായിലേക്കു വീണുകൊള്ളും. ആദ്യ ഗഡുവായി ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ എന്ന നിലയില്‍ ഒരു കൂട്ടയോട്ടം- റണ്‍ കേരള റണ്‍. (ഓട് കേരളമേ ഓട്. ചുറ്റും നടക്കുന്നതൊന്നും നോക്കരുത്, നേരെ മുന്നോട്ട് മാത്രം നോക്ക്. നഷ്ടപ്പെടാന്‍ നിങ്ങള്‍ക്കുള്ളത് വെറും ആത്മാഭിമാനം മാത്രം. കിട്ടാനുള്ളതോ ഒരു വലിയ പുട്ടുകുറ്റിയും) പരിപാടിക്ക് ഒരു പത്രപരസ്യം. ഇവന്റ്മാനേജ്‌മെന്റ് ജോലി, അതിനുള്ള പ്രതിഫലം എന്നൊക്കെ വേണമെങ്കില്‍ വഴി എഴുതി ക്രിയചെയ്യാവുന്ന ഒരു ലളിതമായ കണക്ക്. ഇതിന്റെ പേരില്‍ വെറും പത്ത് കോടി രൂപ പൊതുഖജനാവില്‍ നിന്നും ഒരു കോട്ടയം പത്രത്തിന്റെ അക്കൗണ്ടിലേക്കൊഴുകിയത് ഇപ്പോള്‍ വിവാദമായിരിക്കുന്നു.
എന്തെല്ലാം കളികള്‍ കണ്ടതാണീ കേരളം. ദേവന്മാരും അസുരന്മാരും ചേര്‍ന്നു നടത്തിയ പാലാഴിമഥനം എന്ന കളിയില്‍ നിന്നാണ് തുടക്കം. ജയിച്ചത് അസുരന്മാരായിരുന്നെങ്കിലും ഫലപ്രഖ്യാപനത്തിനു കാത്തുനില്‍ക്കാതെതന്നെ ദേവന്മാര്‍ ട്രോഫിയും കൊണ്ട് സ്ഥലം വിട്ടു എന്നാണ് പുരാണങ്ങള്‍ പറയുന്നത്. അടുത്ത കളി ബ്രഹ്മര്‍ഷിയായ പരശുരാമനും ഇവിടുത്തെ ക്ഷത്രിയരാജാക്കന്മാരും തമ്മില്‍ നടത്തിയ തലവെട്ടിക്കളിയായിരുന്നു. അതില്‍ പരശുരാമന്‍ വിജയിച്ചു. അങ്ങനെ കടലിനടിയില്‍ ആണ്ടുപോയ കേരളത്തെ അദ്ദേഹം തന്റെ ദിവ്യായുധം കൊണ്ട് പൊക്കിയെടുത്ത് ഇവിടുത്തെ ബ്രാഹ്മണജന്മിമാര്‍ക്ക് സമ്മാനിച്ചു. അവരുടെ ഔദാര്യം കൊണ്ട് മറ്റ് പരദേശി മതങ്ങളും കാക്കത്തൊള്ളായിരം ഹിന്ദു ജാതിക്കാരും ഇവിടെ പുറംപോക്കുവാസികളായി തുടരുന്നു.
ഇനി നമ്മള്‍ക്കറിയേണ്ടത് ദേശീയ ഗെയിംസ് കഴിയുമ്പോള്‍ ആരൊക്കെ ജയിലില്‍ പോകേണ്ടി വരുമെന്ന കാര്യമാണ്. പണ്ട് ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കഥ നമുക്കറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പേടിക്കേണ്ടാ, ഏതാപത്തിലും കൈവിടാതെ കൂടെനില്‍ക്കാന്‍ മാത്രം ശക്തമാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കോട്ടയം പത്രം. അത് വെറുമൊരു പത്രം മാത്രമല്ല, ഒരു കുടുംബമാണ്. പാമോലിനും ബാര്‍കോഴയും ഗണേഷ്‌കുമാര്‍ വിളിച്ചു പറഞ്ഞ് നടക്കുന്ന അഴിമതിയും എല്ലാം ആയി തട്ടിച്ചു നോക്കുമ്പോള്‍ ദേശീയഗെയിംസില്‍ നടക്കാനിടയുള്ള അഴിമതി അത്ര വലിയതുകയൊന്നും ആകാനിടയില്ല. നിര്‍ഭാഗ്യവശാല്‍ അടുത്ത പൊതു തിരഞ്ഞെടുപ്പുകളിയില്‍ പ്രതിപക്ഷം എങ്ങാനും ഗോളടിച്ചുപോയാല്‍ അവരുടെ ഭരണകാലാവധി തീരും വരെയും കേരളത്തില്‍ നടക്കാനിടയുള്ള ഒരേയൊരു വികസനപ്രവര്‍ത്തനം മുന്‍ സര്‍ക്കാറിന്റെ അഴിമതി അന്വേഷണവും വിചാരണയും ഒക്കെത്തന്നെയാകും. അപ്പോഴും ജയില്‍ നിയമങ്ങളില്‍ കൂടുതല്‍ പുരോഗമനപരമായ നടപടികള്‍ക്കു വേഗത കൂട്ടുമെന്നു പ്രതീക്ഷിക്കാം. സെന്‍ട്രല്‍ ജയിലുകളെല്ലാം ഫൈവ് സ്റ്റാര്‍ സൗകര്യത്തോടുകൂടിയതും സബ്ജയിലുകളെല്ലാം ത്രീസ്റ്റാര്‍ സൗകര്യത്തോടു കൂടിയതും ആക്കുമെന്നു പ്രതീക്ഷിക്കാം. കാരണം, ഇന്ത്യയില്‍ മാത്രമല്ല ഇപ്പോഴത്തെ ഈ ആധുനികോത്തര ജനാധിപത്യലോകത്തില്‍ ആകമാനം ഇന്നത്തെ ഭരണാധികാരികള്‍ക്ക് നാളത്തെ ജയില്‍പുള്ളികളാകാനാണ് യോഗം കാണുന്നത്.
സുനന്ദ കേസില്‍ തിരുവനന്തപുരം എം പി ശശിതരൂരെങ്ങാനും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടാല്‍ എന്തുമാതിരി സൗകര്യങ്ങളായിരിക്കും നമ്മുടെ ജയിലധികൃതര്‍ അദ്ദേഹത്തിനു വേണ്ടി ഒരുക്കുക എന്നത് കാത്തിരുന്നു കാണേണ്ടി വരും. വിമാനത്തിലെ കന്നുകാലി ക്ലാസില്‍ പോലും യാത്രചെയ്യാന്‍ തയ്യാറല്ലാത്ത, ഡല്‍ഹിയിലെ സാധാരണ എം പി മാരുടെ കൊട്ടാരങ്ങളില്‍ തൃപ്തിപ്പെടാത്ത ശശി തരൂര്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജയിലിലെ കന്നുകാലി ക്ലാസില്‍ അന്തിയുറങ്ങുന്ന കാര്യം നമുക്കാലോചിക്കാനേ കഴിയുന്നില്ല. ആള്‍ നിസ്സാരക്കാരനല്ലല്ലോ. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു പോലും ഒരിക്കല്‍ പരിഗണിക്കപ്പെട്ട വ്യക്തിയാണ്. അത് തരമാകാതെ വന്നപ്പോള്‍ അതുവരെയും അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യത്തിനു വിഷയമായിരുന്ന സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഷെയര്‍ എടുത്ത് രാഷ്ട്രീയ ഗോദയില്‍ ഇറങ്ങുകയായിരുന്നല്ലോ. ഇത്തരം ഒരു വിശ്വപൗരനെ സ്ഥാനാര്‍ഥിയായി കിട്ടിയതില്‍ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ രോമാഞ്ചക്കുപ്പായം ഈറന്‍ മാറാതെ തന്നെ പുതച്ചു. ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം ജയിപ്പിച്ചുവിട്ടു. ആദ്യം തന്നെ മന്ത്രിയായി. രണ്ടാംവട്ടം ഭരണം കൈവിട്ടുപോയതിനാല്‍ വെറും എം പിപ്പണികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിനനുസരിച്ച് തരൂര്‍ പുതിയ ചില കച്ചവടതന്ത്രങ്ങള്‍ പരീക്ഷിച്ചു നോക്കി. മോദി സ്തുതി, കാവിയാരാധന, കേരളത്തിലെ കോണ്‍ഗ്രസ് എം പിമാരോട് പുച്ഛം…. എല്ലാത്തിന്റെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നോ?
ഇപ്പോഴിതാ കാറ്റ് മാറി വീശി. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹി പോലീസ് പുതിയ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു. മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതികളെ ഒഴിവാക്കി കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു. കേസിലെ ഒന്നാം പ്രതി കൊല്ലപ്പെട്ട സുനന്ദ തന്നെയാണെന്ന നിഗമനത്തില്‍ ഡല്‍ഹി പോലീസ് എത്തിച്ചേരുകയും അവരെ മരണാനന്തര വധശിക്ഷക്കു വിധിക്കാന്‍ നീതിന്യായക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്യുമോ എന്നേ ഇനി അറിയേണ്ടതുള്ളു.
ഇതാണ് സാധാരണക്കാരും വി ഐ പികളും തമ്മിലുള്ള വ്യത്യാസം.“”ഓള്‍ ആര്‍ ഈക്വല്‍, ബട്ട് സം ആര്‍ മോര്‍ ഈക്വല്‍” എന്നൊക്കെ സായിപ്പു പറഞ്ഞു പഠിപ്പിച്ചതിന്റെ അര്‍ഥം മനസ്സിലായില്ലേ. വി ഐ പി ആകാനും വേണം ചില പരിശീലനം ഒക്കെ. തൊലിയുടെ നിറം, നെറ്റിയിലെ കുറി, ബോഡിലാംഗ്വേജ് എന്ന പുത്തന്‍ഭാഷയില്‍ മാസ്റ്റര്‍ ബിരുദം, സോഷ്യല്‍ മീഡിയാ വഴിയുള്ള ആത്മപ്രശംസകള്‍ ഇതൊക്കെയുണ്ടെങ്കില്‍ ഒന്നല്ല മൂന്നു കെട്ടിയാലും കെട്ടിയവളല്ലാത്തവളെ കൂടെക്കൊണ്ടു നടന്ന് ശൃംഗരിച്ചാലും ഒരു സദാചാരപ്പോലീസും തിരിഞ്ഞു നോക്കില്ല. സാധാരണക്കാര്‍ വല്ലവരും സ്വന്തം കെട്ടിയവളെയും കൂട്ടി കടപ്പുറത്ത് പോയിരുന്നു പരസ്യമായി കാറ്റു കൊണ്ടാലോ റെസ്റ്റോറന്റില്‍ പോയി ചായകുടിച്ചാലൊ സദാചാര പോലീസിനു മുമ്പില്‍ മാത്രമല്ല യഥാര്‍ഥ പോലീസിനു മുമ്പിലും ഐഡന്റിറ്റി കാര്‍ഡ് കാണിച്ചു മാപ്പിരക്കേണ്ടി വരും. ത്രിവര്‍ണ ഷാളിലെ കുങ്കുമനിറം ചുവപ്പില്‍ നിന്നും കാവിയിലേക്കു മാറി ത്തുടങ്ങിയെന്നു മാധ്യമപ്പുലികള്‍ സംശയം പ്രകടിപ്പിക്കുമ്പോഴും ഭാരതീയ സംസ്‌കാരത്തോടും ശ്രീരാമന്റെ ഏകപത്‌നി വ്രതത്തോടും ഒക്കെ തരൂരിന് പുച്ഛമാണ്. സുന്ദരിയും വിവാഹമുക്തയുമൊക്കെയായ സുനന്ദപുഷ്‌കര്‍ ജീവിതത്തിലേക്കു കടന്നു വന്നപ്പോഴാണ് തരൂര്‍സാറിന് ജീവിതത്തിന്റെ സൗന്ദര്യം എന്തെന്നു മനസ്സിലായത്. പാവം തരൂര്‍! തരൂരിന്റ ജീവിതം തന്നെ ഒരു നോവലായി മാറുകയായിരുന്നു. പെെട്ടന്നല്ലേ മാധ്യമപ്രവര്‍ത്തകയായ പാക്‌സുന്ദരി തരാര്‍ തരൂരിലേക്കു പ്രവേശിക്കുന്നതും സുനന്ദ പൊട്ടിത്തെറിക്കുന്നതും.
വിരോധികള്‍ വെറുതെ പറയുന്നതാണോ എന്നറിയില്ല, സോണിയാ ഗാന്ധിയുടെ മരുമകനെന്ന നിലയില്‍ ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ്‌കാരുടെയും മരുമകനായ റോബര്‍ട്ട് വധേരയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടാനിടയുണ്ടെന്നു കേള്‍ക്കുന്നു. വധേര കുടുംബത്തിന്റെ പൂര്‍വചരിത്രം അത്ര പന്തിയല്ലെന്നാണ് കേള്‍ക്കുന്നത്. പേര് കൊണ്ട് ക്രിസ്ത്യാനിയാണെങ്കിലും അത്ര ക്രൈസ്തവമല്ലാത്ത മാര്‍ഗങ്ങളിലൂടെയാണ് ഈ മനുഷ്യന്‍ നടന്നു വന്നതും കോടികള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഭാവിപ്രജാപതിയുടെ പിതൃസ്ഥാനത്തെത്തിയതെന്നും ഡല്‍ഹിയിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സത്യം ദൈവം മാത്രം അറിയുന്നു.
എന്തു തന്നെയായാലും എങ്ങനെയെങ്കിലും ഒരു വി ഐ പി ആകുന്നത് സുഖമുള്ള കാര്യം തന്നെ. എവിടെയും മുന്തിയ പരിഗണന, എന്തു കുറ്റം ചെയ്തിട്ടും നീതിന്യായവ്യവസ്ഥകളെ എങ്ങനെ വേണമെങ്കിലും അട്ടിമറിക്കാം. താന്‍ പിടിക്കപ്പെടുമെന്നു വന്നാല്‍ കൂടെ കിടന്നവന്റെ രഹസ്യം വിളിച്ചുപറഞ്ഞ് രക്ഷപെടാം. അല്ലെങ്കില്‍ രാഷട്രീയ പകപോക്കല്‍ എന്നു പറഞ്ഞു ജനസമ്മതി നേടാം. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ആര്‍ക്കുവേണമെങ്കിലും നില്‍ക്കുന്ന നില്‍പ്പില്‍ വി ഐ പി ആകാം. അത്തരം മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനു പകരം നിലവിലുള്ള വി ഐ പികളെ ആക്ഷേപിക്കുന്ന അല്‍പ്പബുദ്ധികളെന്നു ഈലേഖകനേയും ഈ ലേഖനം വായിക്കുന്നവരേയും ചിലരെങ്കിലും ആക്ഷേപിക്കാനിടയുണ്ട്. അവരോട് പറയാനുള്ള മറുപടിയും നമ്മള്‍ കരുതി വെയ്‌ക്കേണ്ടി വരും.
(കെ സി വര്‍ഗീസ് ഫോണ്‍-9446268581)