Connect with us

National

മോദി ധരിച്ച സ്യൂട്ടിന്റെ വില പത്ത് ലക്ഷമെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച സ്യൂട്ടിന് പത്ത് ലക്ഷം രൂപ വരുമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഇതിന് പൊതുപണം ദുരുപയോഗപ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചു. സ്വന്തം പേര് തുന്നിയ സ്യൂട്ടാണ് അന്ന് മോദി ധരിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
വിദേശ അക്കൗണ്ടുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് മോദി രാഷ്ട്രത്തെ വിഡ്ഢിയാക്കി. വിലക്കയറ്റം പരിശോധിക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. 100 ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെകൊണ്ടുവരുമെന്നായിരുന്നു വാഗ്ദാനം. കള്ളപ്പണം കൊണ്ടുവന്ന് എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ 15 ലക്ഷമെങ്കിലും ലഭിച്ചോ? രാഹുല്‍ ഗാന്ധി ചോദിച്ചു.
ഡല്‍ഹിയുടെ വികസന ചരിത്രത്തില്‍ ദരിദ്രരെയും ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. വികസനമെന്നത് തങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാവര്‍ക്കും വികസനമുണ്ടാകണം. എന്നാല്‍ ആ സ്വപ്‌നത്തില്‍ പാവങ്ങളെയും ഉള്‍പ്പെടുത്തണം. അവര്‍ക്കും കൂടിയുള്ളതാണ് ഡല്‍ഹിയെന്നത് യുവസമൂഹം മനസ്സിലാക്കണം. ബി ജെ പിയുടെയും എ എ പിയുടെയും ലക്ഷ്യം വികസനത്തില്‍ നിന്ന് പാവങ്ങളെ അകറ്റുകയെന്നാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റുകയെന്ന ഒറ്റ ലക്ഷ്യമാണ് എ എ പിക്കുള്ളത്. ഒരുകാലത്ത് ഒപ്പം പ്രവര്‍ത്തിച്ച കിരണ്‍ ബേദിയെ പോലും തിരികെയെത്തിക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയാണ് അരവിന്ദ് കെജ്‌രിവാളിന്റെത്. കൂറ്റന്‍ വാഗ്ദാനങ്ങള്‍ ബി ജെ പി നല്‍കിയെങ്കിലും അധികാരത്തിലെത്തിയപ്പോള്‍ വളരെ കുറച്ചാണ് നല്‍കിയത്. ഡല്‍ഹിയെ നയിക്കാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും എല്ലാവരെയും മുന്‍നിരയില്‍ എത്തിക്കും. രാഹുല്‍ പറഞ്ഞു.