Connect with us

Gulf

ആഗോള റീട്ടെയില്‍ കമ്പനികളില്‍ ലുലു ഗ്രൂപ്പും; മധ്യ പൗരസ്ത്യ ദേശത്തുനിന്നുള്ള ഏക സാന്നിധ്യം

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ മധ്യപൗരസ്ത്യ ദേശത്തെ പ്രമുഖ സ്ഥാപനമായ ലുലു ഗ്രൂപ്പും സ്ഥാനം പിടിച്ചു. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ലോകത്തിലെ പ്രമുഖ റീട്ടെയില്‍ കമ്പനികളുടെ പുതിയ പട്ടികയുള്ളത്. 2013ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രമുഖരായ 250 റീട്ടെയില്‍ കമ്പനികളിലൊന്നായാണ് ലുലു ഇടം പിടിച്ചിരിക്കുന്നത്.
540 കോടി യു എസ് ഡോളര്‍ (35,000 കോടി രൂപയിലധികം) വിറ്റുവരവുള്ള ലുലുവിന് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 110 ലേറെ ഹൈപ്പര്‍മാര്‍ക്കറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളുണ്ട്. ഡിലോയ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 2008 മുതല്‍ 2013 വരെ 18 ശതമാനമാണ് ലുലുവിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്ക്. 2012ല്‍ 450 കോടി യു എസ് ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന ഗ്രൂപ്പിന് 2013 ആകുമ്പോഴേക്കും മൊത്തം വിറ്റുവരവ് 500 കോടി ഡോളര്‍ മറികടന്നു.
2012നെ അപേക്ഷിച്ച് 14 സ്ഥാനങ്ങള്‍ മറികടന്നാണ് ലുലു ആഗോള പട്ടികയില്‍ 183-ാ മതായി സ്ഥാനം മെച്ചപ്പെടുത്തിയത്. വാര്‍ഷിക വളര്‍ച്ചാ നിരക്കിലെയും വിറ്റുവരവിലെയും വര്‍ധനവാണ് ആഗോള റിട്ടെയില്‍ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ലുലുവിനെ സഹായിച്ചത്.
ആഗോള റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഏകസ്ഥാപനം കുടിയാണ് വ്യവസായി എം എ യൂസുഫലി സാരഥിയായിട്ടുള്ള ലുലുഗ്രൂപ്പ്. 37 രാജ്യങ്ങളില്‍ നിന്നായി 32,000ത്തില്‍ പരം ആളുകളാണ് ഗ്രൂപ്പില്‍ ജോലിചെയ്യുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ മലേഷ്യയിലും ഇന്തോനേഷ്യയിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങും. സഊദി അറേബ്യ, കുവൈത്ത്, യു എ ഇ, ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത് എന്നിവിടങ്ങളിലായി 15 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് 2015-16 വര്‍ഷത്തില്‍ ലുലു തുറക്കുന്നത്.