Connect with us

Gulf

ഖസ്ര്‍ അല്‍ ഹുസ്ന്‍ മേള; ഒരുക്കം ദ്രുതഗതിയില്‍

Published

|

Last Updated

അബുദാബി: അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റിയുടെ (എ ഡി ടി സി) സാംസ്‌കാരിക പൈതൃകോത്സവമായ ഖസ്ര്‍ അല്‍ ഹുസ്ന്‍ ആഘോഷം ഫെബ്രുവരി 11 മുതല്‍ 21 വരെ നഗരത്തില്‍ നടക്കും.

അബുദാബിയുടെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന ചരിത്ര മുഹൂര്‍ത്തങ്ങളുടെ ഗര്‍ഭ ഗൃഹമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന, 250 വര്‍ഷത്തിലേറെ പഴക്കമുള്ള സ്മാരകം. രാജ്യത്തിന്റെ പൂര്‍വ ചരിത്രം വര്‍ത്തമാനകാല സമൂഹത്തിന് സമര്‍പിക്കുകയാണ് ഖസ്ര്‍ അല്‍ ഹുസ്ന്‍ ഉത്സവത്തിന്റെ ലക്ഷ്യം.
അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മേല്‍നോട്ടത്തിലാണ് മേള. പത്തു ദിനരാത്രങ്ങളിലായി രാജ്യത്തിന്റെ കലാ സാംസ്‌കാരിക തനിമയുടെ കേളികൊട്ടും അറേബ്യന്‍ സംസ്‌കൃതിയുടെ പരമ്പരാഗത വിളംബരവും അരങ്ങേറും. അബുദാബിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ കേന്ദ്ര സ്ഥാനമാണ് ഖസ്ര്‍ അല്‍ ഹുസ്ന്‍. ഇമാറാത്തി ചരിത്രത്തിന്റെ സമ്പന്നമായ ഭൂതകാലത്തിന്റെ പ്രതീകവുമാണത്. രാജ്യത്തിന്റെ പാരമ്പര്യവും മഹിമയും തലമുറകളിലേക്ക് പകരുന്ന അവസരമായാണ് മേളയെ കാണുന്നതെന്ന് എ ഡി ടി സി എ ചെയര്‍മാനും മേളയുടെ മുഖ്യ സംഘാടകനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ചരിത്ര സ്മാരകങ്ങളിലൊന്നായ ഖസ്ര്‍ അല്‍ ഹുസ്ന്‍. ഫെസ്റ്റിവല്‍ ലോകവിനോദ സഞ്ചാരികളുടെയും വിജ്ഞാന കുതുകികളുടെയും മനംകവരുന്ന വിധം അതിഗംഭീരമാക്കി മാറ്റുന്നതിന് തികച്ചും വേറിട്ട സജ്ജീകരണങ്ങളാണ് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റി നടത്തുന്നത്.
പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെങ്കിലും അവധി ദിവസങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിയന്ത്രിക്കും. ഇത് രണ്ടാമത്തെ വര്‍ഷമാണ് വിലുപമായ രീതിയില്‍ ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കോട്ടയുടെ ഗതകാല പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ഈ ചരിത്ര സൗധത്തിന്റെ സംരക്ഷണാര്‍ഥം എ ഡി ടി സി എ നടത്തുന്ന പദ്ധതികളും വിശദമാക്കുന്ന പ്രദര്‍ശനവും കോട്ടയുടെ ഉള്ളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനവും സന്ദര്‍ശന പരിപാടിയുമാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഇതുവരെ പ്രവേശനം അനുവദിക്കാത്ത ഭാഗങ്ങളിലും ഈ വര്‍ഷം പ്രവേശനം അനുവദിക്കുന്നുണ്ട്. കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ 14-ാമത് രാജ്യാന്തര ആര്‍കിടെക്ച്വറല്‍ എക്‌സിബിഷനിലെ യു എ ഇയുടെ നാഷണല്‍ പവലിയന്റെ പ്രദര്‍ശനവും മേളക്ക് ഹരം പകരും. മേളയുടെ ഒരുക്കം അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി