Connect with us

Kerala

അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പിള്ളയോടൊപ്പം നില്‍ക്കില്ല: വി എസ്

Published

|

Last Updated

തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിളക്ക് ഒപ്പം നില്‍ക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തന്നെ അഴിമതിക്കേസില്‍ ശിക്ഷിച്ചിട്ടില്ലെന്ന പിള്ളയുടെ വാദം തെറ്റാണെന്നും പിള്ളയെ ശിക്ഷിച്ചത് താന്‍ നല്‍കിയ അഴിമതിക്കേസിലാണെന്നും വി എസ് പറഞ്ഞു.

അഴിമതി വിരുദ്ധ സമരത്തില്‍ വി എസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമാണെന്നും താനും വി എസും ഇപ്പോള്‍ അഴിമതിക്ക് എതിരായ പോരാട്ടത്തിലാണെന്നും പിള്ള പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരന്നു വിഎസ്.

ബാലകൃഷ്ണപിള്ളയെയും പിസി ജോര്‍ജിനെയും പരോക്ഷമായി പിന്തുണച്ച് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അഴിമതിക്കെതിരെ ആര് സംസാരിച്ചാലും ഇടതുമുന്നണി അംഗീകരിക്കും. ഇപ്പോള്‍ അഴിമതിക്കെതിരെ എന്ത് പറയുന്നുവെന്ന് നോക്കിയാല്‍ മതിയെന്നും വിഎസ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്നായിരുന്നു അഴിമതി വിരുദ്ധ സമരത്തില്‍ വി എസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമാണെന്ന് പിള്ള ഇന്ന് പ്രതികരിച്ചത്.

അതിനിടെ, വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. 31 കോടി രൂപയുടെ അഴിമതിയാണ് പാറ്റൂര്‍ ഇടപാടില്‍ നടന്നത്. ഇത് മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെയാണ് നടന്നതെന്നും വി എസ് കുറ്റപ്പെടുത്തി.

Latest