Connect with us

Oddnews

ചത്ത പൂച്ചയെ കുഴിച്ചിട്ടു; അഞ്ച് ദിവസം കഴിഞ്ഞ് മ്യാവൂ.. മ്യാവൂ...

Published

|

Last Updated

ടാംബ, ഫ്‌ളോറിഡ: കാറിടിച്ച് പരുക്കേറ്റ് “ചത്ത” വളര്‍ത്തുപൂച്ചയെ വേദനയോടെയാണ് 52കാരനായ എല്ലിസ് ഹ്യൂട്‌സന്‍ കുഴിച്ചിട്ടത്. തന്റെ പൊന്നോമനയായിരുന്നു ബാര്‍ട്ട് എന്ന സുന്ദരി പൂച്ച. അതുകൊണ്ടു തന്നെ പൂച്ചയെ കത്തിച്ചു സംസ്‌കരിക്കാന്‍ മനസ്സ് സമ്മതിക്കാത്തതിനാല്‍ അയല്‍വാസിയോട് കുഴിച്ചിടാന്‍ നിര്‍ദേശിച്ചു എല്ലിസ്. ഇതനുസരിച്ച് വലിയ കുഴിയെടുത്ത് അയല്‍വാസി പൂച്ചയെ കുഴിച്ചിട്ടു.

എന്നാല്‍ ദിവസം അഞ്ച് കഴിഞ്ഞപ്പോള്‍ അതാ ബാര്‍ട്ടിന്റെ ശവക്കുഴിയുടെ ഭാഗത്ത് നിന്നും ഒരു ശബ്ദം കേള്‍ക്കുന്നു… മ്യാവൂ, മ്യാവൂ… എല്ലിസ് ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അത്ഭുത കാഴ്ച. അഞ്ച് ദിവസം മുമ്പ് താന്‍ കുഴിച്ചിട്ട പൊന്നോമന പൂച്ചയിതാ ശവക്കുഴി സ്വയം മാന്തി പുറത്ത് വന്നിരിക്കുന്നു. ഇത് കണ്ട് വിശ്വസിക്കാനാകാതെ അമ്പരന്നു പോയി താനെന്ന് എല്ലിസ് ടാംബ ബേ ടൈംസ് പത്രത്തോട് പറഞ്ഞു.

പൂച്ചയുടെ താടിയെല്ലുകള്‍ക്കും കണ്ണുകള്‍ക്കും മുഖത്തിനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇതോടൊപ്പം അഞ്ച് ദിവസമായി ഭക്ഷണം ലഭിക്കാത്തതിനാല്‍ നിര്‍ജലീകരണംവും സംഭവിച്ചിരുന്നു. ഏതായാലും ബാര്‍ട്ടിനെ തിരിച്ചുകിട്ടിയ എല്ലിസ് അവനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചു. പൂച്ചയെ ശസ്ത്രക്രിയ ചെയ്ത് രക്ഷിക്കാന്‍ 1,000 ഡോളര്‍ ചെലവ് വരുമെന്ന് കേട്ടപ്പോള്‍ എല്ലിസിന് നിരാശയായി. പക്ഷേ സംഭവം അറിച്ച ഹ്യൂമന്‍ സൊസൈറ്റി എന്ന സംഘടന എല്ലിസിന്റെ സഹായത്തിനെത്തി. ബാര്‍ട്ടിന്റെ ചികിത്സക്കുള്ള പണം അവര്‍ വാഗ്ദാനം ചെയ്തു. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ആറ് ആഴ്ചകള്‍ക്ക് ശേഷം ബാര്‍ട്ട് പൂര്‍ണമായും സുഖം പ്രാപിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.