Connect with us

National

വിദേശകാര്യ സെക്രട്ടറിയെ മാറ്റിയത് വിവാദമാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ ചുമതലയേറ്റു. യു എസ് പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെയാണ് ഇന്ത്യയുടെ അമേരിക്കയിലെ അംബാസഡറായ ജയശങ്കറെ നിയമിച്ചത്. എന്നാല്‍ എട്ട് മാസം കാലാവധി ശേഷിക്കെ നിലവിലെ സെക്രട്ടറി സുജാതാ സിങ്ങിനെ നീക്കിയത് വിവാദമായി. എന്തുകൊണ്ടാണ് സുജാത സിങ്ങിനെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
സുജാത സിങ്ങിനെ മാറ്റിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ധൃതിപിടിച്ച് വിദേശകാര്യ സെക്രട്ടറിയെ മാറ്റിയത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വശ്യപ്പെട്ടു. ഒബാമയുടെ സന്ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചോ എന്നും അദ്ദേഹം ചേദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ജയശങ്കറെ നിയമിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമന സമിതി ഇന്നലെയാണ് എസ്. ജയശങ്കറെ നിയമിക്കാന്‍ തീരുമാനിച്ചത്. സുജാത സിങ്ങിനെ മാറ്റാന്‍ പ്രധാനമന്ത്രി നേരത്തെ തന്നെ ശ്രമിച്ചിരുന്നെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ താല്‍പര്യ പ്രകാരമാണ് ഇതുവരെ തുടര്‍ന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സുജാത സിങ്ങിനെ നയതന്ത്ര തലത്തില്‍ തീരുമാനമെടുക്കേണ്ട ചില നിര്‍ണായക കൂടിയാലോചനകളില്‍ നിന്ന് പ്രധാനമന്ത്രി ഒഴിവാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. സര്‍ക്കാരിന്റെ കൂടെ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 1977ലെ ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് 60കാരനായ ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍. നേരത്തെ 2013ല്‍ രഞ്ജന്‍ മത്തായി വിദേശകാര്യ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ജയശങ്കറെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ സീനിയോറിറ്റി പരിഗണിച്ച് സുജാതാ സിങ്ങിനെ നിയമിക്കുകയായിരുന്നു.

Latest