Connect with us

Kerala

യുഡിഎഫ് യോഗത്തില്‍ ഇനി പങ്കെടുക്കില്ല: ബാലകൃഷ്ണ പിള്ള

Published

|

Last Updated

തിരുവനന്തപുരം: നല്ലനടപ്പിന് വിധിച്ച ആദ്യ ദിവസം തന്നെ യു ഡി എഫിനും മുഖ്യമന്ത്രിക്കുമെതിരെ തിരിഞ്ഞ ആര്‍ ബാലകൃഷ്ണ പിള്ള എല്‍ ഡി എഫുമായി അടുക്കാന്‍ ശ്രമം തുടങ്ങി. അഴിമതി ആയുധമാക്കി വരുംദിവസങ്ങളില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുന്നണിമാറ്റം സുഗമമാക്കാനാണ് പിള്ളയുടെ നീക്കം. അതേസമയം, ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് യു ഡി എഫ്. സഹകരിക്കാന്‍ സന്മനസ്സില്ലെങ്കില്‍ പുറത്തു പോകട്ടെയെന്നാണ് അവരുടെ നിലപാട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ നടത്തിയ പ്രതികരണത്തില്‍ തന്നെ ഇത് വ്യക്തവുമാണ്. അതേസമയം, പിള്ളയുടെ ഇടത്തോട്ടുള്ള വരവ് സുഗമമാകില്ലെന്നാണ് വിലയിരുത്തല്‍. പിള്ളയുമായി സഹകരിക്കുന്നതിനോട് വിയോജിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ ഇന്നലെ രംഗത്തുവന്നു. യു ഡി എഫില്‍ തുടരുന്നത് രാഷ്ട്രീയമായി ഇനി ഗുണം ചെയ്യില്ലെന്ന് ബോധ്യമുള്ള പിള്ള തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് കളത്തിലിറങ്ങിയത്. മുതിര്‍ന്ന നേതാവ് എന്ന പരിഗണനയില്‍ അനുനയത്തിന്റെ ഭാഷയാണ് യു ഡി എഫ് സ്വീകരിച്ചതെങ്കിലും ഒത്തുതീര്‍പ്പിന് സന്നദ്ധനല്ലെന്നാണ് പിള്ളയുടെ നിലപാട്.

പ്രകോപനം ഒഴിവാക്കിയാല്‍ പിള്ള വഴങ്ങുമെന്നായിരുന്നു യു ഡി എഫിന്റെ പ്രതീക്ഷ. വി എസ് ഉള്‍പ്പെടെ തുടക്കത്തില്‍ പിള്ളയോട് അനുകൂലിച്ചതും ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ യു ഡി എഫിനെ പ്രേരിപ്പിച്ചു. അനുനയിപ്പിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മുന്നണി യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. യോഗം കഴിഞ്ഞതിന് പിന്നാലെ അദ്ദേഹം പിള്ളയെ ഫോണില്‍ വിളിച്ചിരുന്നു. മുന്നണിക്ക് ദോഷമുണ്ടാക്കുന്ന പ്രതികരണം ഒഴിവാക്കണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അഭ്യര്‍ഥന. തനിക്കെതിരെ യോഗം ഒരു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അംഗീകരിക്കാമെന്ന് മറുപടിയും നല്‍കി. എന്നാല്‍, തെറ്റുതിരുത്തണമെന്ന പി പി തങ്കച്ചന്റെ പരാമര്‍ശത്തില്‍ പിടിച്ചാണ് പിള്ള തിരിച്ചടിച്ചത്. തന്നെ യു ഡി എഫ് യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ ശേഷം പി സി ജോര്‍ജിനെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു.
സര്‍ക്കാറിനെയും യു ഡി എഫിനെയും ലക്ഷ്യമിട്ടുള്ള രൂക്ഷമായ വിമര്‍ശവും പരിഹാസവുമായിരുന്നു ഇന്നലെ പിള്ള നടത്തിയ വാര്‍ത്താസമ്മേളനത്തിലുടനീളം. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടെന്ന വാദത്തെ പ്രതിരോധിക്കാന്‍ അഴിമതിക്കെതിരായ പോരാട്ടം തന്നെയാണ് പിള്ള ഉപയോഗിക്കുന്നത്. ശിക്ഷിക്കപ്പെട്ടത് അഴിമതിയുടെ പേരിലല്ലെന്ന് സ്ഥാപിക്കാനും ശ്രമിക്കുന്നു. തനിക്കൊരു തെറ്റും പറ്റിയിട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതിനാല്‍ തിരുത്തേണ്ടത് മുഖ്യമന്ത്രിയും യു ഡി എഫുമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്. മുന്നണിയില്‍ നിന്ന് യു ഡി എഫ് പുറത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് പിള്ളയുടെ ലക്ഷ്യം. ഇതിലൂടെ അഴിമതി ആരോപണവിധേയരായവരെ സംരക്ഷിച്ചെന്നും ചൂണ്ടിക്കാണിച്ചവരെ പുറത്താക്കിയെന്നുമുള്ള പ്രചാരണം നടത്താന്‍ പിള്ളക്ക് കഴിയും. ഇതുകൊണ്ടാണ് സ്വയം പുറത്തു പോകട്ടെയെന്ന നിലപാടിലേക്ക് യു ഡി എഫ് എത്തിയത്.
യു ഡി എഫിനെതിരെ ഇത്രയും രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും എല്‍ ഡി എഫിനോട്- പ്രത്യേകിച്ച് ജീവിതകാലം മുഴുവന്‍ വേട്ടയാടിയെന്ന് പിള്ള തന്നെ മുമ്പ് വിശേഷിപ്പിച്ച വി എസ് അച്യുതാനന്ദനോട് സ്വീകരിക്കുന്ന മൃദുസമീപനവും ശ്രദ്ധേയമാണ്. അഴിമതിയുടെ കാര്യത്തില്‍ വി എസ് അച്യുതാനന്ദനുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് പിള്ള ഇന്നലെ പറഞ്ഞത്. വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി എസ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പിള്ള പ്രതീക്ഷ കൈവിടുന്നില്ല. സി പി എം സമ്മേളനം കഴിഞ്ഞാലുടന്‍ ഇതിനുള്ള ചര്‍ച്ചകളിലേക്ക് കടക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
പിള്ള വരുന്നതിനോട് സി പി എം നേതൃത്വത്തിനും വലിയ എതിര്‍പ്പില്ല. മുന്നണി വിപുലീകരിക്കുമെന്ന് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിള്ളയുടെ കാര്യത്തില്‍ ആദ്യം യു ഡി എഫില്‍ ഒരു തീരുമാനമുണ്ടാകട്ടെയെന്ന കാത്തിരിപ്പിലാണ് ഇടത് മുന്നണി. സി പി ഐ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്. ബാലകൃഷ്ണ പിള്ളയെ മുന്നില്‍ നിര്‍ത്തി പുതിയൊരു കേരള കോണ്‍ഗ്രസ് രൂപപ്പെടാനുള്ള സാധ്യതകളും ചര്‍ച്ചകളിലുണ്ട്. പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. ഭിന്നിച്ചു നില്‍ക്കുന്ന പി സി തോമസ് വിഭാഗത്തെ കൂടി ചേര്‍ത്ത് മധ്യതിരുവിതാംകൂറില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയുടെ സാധ്യതകളാണ് സി പി എം ആരായുന്നത്.

Latest