Connect with us

Malappuram

വജ്ര ജൂബിലിയുടെ നിറവില്‍ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയം

Published

|

Last Updated

മലപ്പുറം: 1955ല്‍ വള്ളിക്കാപ്പറ്റയില്‍ സ്ഥാപിതമായ കേരള അന്ധവിദ്യാലയം വജ്രജൂബിലിയുടെ നിറവില്‍. കാഴ്ച വൈകല്യമുള്ളവരുടെ വിദ്യാഭ്യാസ പുനരധിവാസ മാര്‍ഗ ദര്‍ശനത്തിനായാണ് കേരളത്തിലെ ആദ്യ എയ്ഡഡ് വിദ്യാലയമായി സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്.
മങ്കടക്കും മഞ്ചേരിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1994ല്‍ ഡോ. വി കുഞ്ഞഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തി വരികയാണ്. അഞ്ചിനും 15നുമിടക്ക് പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ നിലവാരമനുസരിച്ച് ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പ്രവേശനം നല്‍കുകയും സംസ്ഥാന സിലബസ് അനുസരിച്ച് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കാഴ്ചയില്ലാത്തവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ കമ്പ്യൂട്ടര്‍, ഓറിയന്റേഷന്‍ ആന്‍ഡ് മൊബിലിറ്റി, സംഗീതം, കരകൗശലം തുടങ്ങിയവയിലെല്ലാം പരിശീലനം നല്‍കുന്നുണ്ട്. പത്താം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സും ബോധവത്കരണവും നടത്തി വരുന്നു. 60 വര്‍ഷത്തിനിടയില്‍ 1000ല്‍ പരം കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങി. ഡി ഡി ഇ. രാജന്‍ ആര്‍, ജെ എന്‍ യു വിദ്യാര്‍ഥി ഇബ്‌റാഹീം, കാഴ്ച വൈകല്യമുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പില്‍ മത്സരിച്ച ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് ഫര്‍ഹാന്‍ എന്നിവര്‍ ഇവിടെ പഠിച്ചവരാണ്. വൈകല്യം സംഭവിച്ചവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് പതിറ്റാണ്ട് കാലമായി ചുക്കാന്‍ പിടിക്കുന്ന ഈ സ്ഥാപനത്തിന് 2000ല്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ഇതേ വര്‍ഷത്തില്‍ ബധിരാന്ധരുടെ വിദ്യാഭ്യാസത്തിനായി കേരളത്തില്‍ തന്നെ ആദ്യമായി ഒരു വിദ്യാലയം തുടങ്ങാനും സാധിച്ചു. വജ്ര ജൂബിലി ആഘോഷം നാളെ വിവിധ പരിപാടികളോടെ നടക്കും. രാവിലെ ഒമ്പത് മണിക്ക് സ്‌കൂള്‍ മാനേജര്‍ ഡോ.വി കുഞ്ഞഹമ്മദ് കുട്ടി പതാക ഉയര്‍ത്തും. പത്ത് മണിക്ക് തുടങ്ങുന്ന രക്ഷാകര്‍തൃ സംഗമം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ശേഷം നടക്കുന്ന നാടന്‍പാട്ട് കളരി എം കെ സുബ്രഹ്മണ്യന്‍ വള്ളിക്കുന്ന് നയിക്കും. വൈകുന്നേരം 4.30ന് തുടങ്ങുന്ന യാത്രയയപ്പ് സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30ന് തുടങ്ങുന്ന പൊതു സമ്മേളനം ടി എ അഹമ്മദ് കബീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സുഹറ മമ്പാട് അധ്യക്ഷത വഹിക്കും. ഗായിക കെ എസ് രഹ്‌ന മുഖ്യാതിഥിയാകും.
കാഴ്ച വൈകല്യമുള്ളവരുടെ ലോക കപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്ടന്‍ മുഹമ്മദ് ഫര്‍ഹാനെ മലപ്പുറം പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ ആദരിക്കും. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറും. ബധിരാന്ധ വിദ്യാര്‍ഥികള്‍ക്കുള്ള കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അടുത്തമാസം എട്ടിന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ജെ ടി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, അധ്യാപകരായ എം ഇ നിസാര്‍ തൊടുപുഴ, കെ പി ഗീതു, കെ കെ സജ്‌ന തിരുവമ്പാടി, എസ് ശശ്രീജ സംബന്ധിച്ചു.

Latest