Connect with us

Wayanad

ഗോത്ര സംസ്‌കൃതിയിലേക്ക് സന്ദര്‍ശകരെ വഴി നടത്തി പൈതൃകഭവനം

Published

|

Last Updated

അമ്പലവയല്‍: കാലം തിരശീലക്കു പിന്നിലാക്കുന്ന ഗോത്രസംസ്‌കൃതിയുടെ പ്രൗഢിയിലേക്ക് സന്ദര്‍ശകരെ വഴിനടത്തി പൈതൃകഭവനം. മേഖലാ ഗവേഷണ കേന്ദ്രം “പൂപ്പൊലി”യുടെ ഭാഗമായി മുളയിലും വൈക്കോലിലും നിര്‍മിച്ച കുടിലും അതിലുള്ള ഉപകരണങ്ങളും പുഷ്‌പോത്സവം ആസ്വദിക്കാനെത്തുന്നവര്‍ക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ വേറിട്ട അനുഭവം. പോയ തലമുറ വീട്ടിലും പുറത്തും ഉപയോഗിച്ചിരുന്ന ഓരോ ഉപകരണവും നിശബ്ദം വര്‍ണിക്കുന്നത് പരമ്പരാഗത സാങ്കേതിക വിദ്യയുടെ പൂക്കാലത്തെക്കുറിച്ച്.
ഗവേഷണ കേന്ദ്രത്തിലെ വിശാലമായ കുളക്കരയില്‍ സ്വപ്‌നോദ്യാനത്തിലേക്കുള്ള പാതയിലാണ് പൈതൃകഭവനം. ഇതോടു ചേര്‍ന്ന് പരമ്പരാഗത ആദിവാസിക്കുടിലും ഒരുക്കിയിട്ടുണ്ട്. മുന്‍പേ നടന്നവര്‍ കൃഷിക്കും മീന്‍പിടിത്തത്തിനും വേട്ടയ്ക്കും അടുക്കളയിലെ ആവശ്യത്തിനും രൂപകല്‍പന ചെയ്ത് മുള, മരം, ഓട, കാട്ടുവള്ളികള്‍ എന്നിവയില്‍ തീര്‍ത്തതാണ് പൈതൃകഭവനത്തെ ധന്യമാക്കുന്ന ഉപകരണങ്ങള്‍. പശക്കോല്‍, കറവപ്പാത്രം, വല്ലി (അളവുപാത്രം), മണ്‍വിളക്ക്, വെള്ളംകോരി, കുണ്ടന്‍വടി(ഊന്നുവടി), ഏരുവടി, നുകം, കൊമ്മാരം, താവ, ഒക്കല്‍കോല്, മുളസഞ്ചി, തൊപ്പിക്കുട, ഉരല്‍, മീന്‍കൂട്, പാല്‍പ്പാത്രം, കൊരമ്പക്കുട, ചീക്കല്ല്, കലംതിരിക, കോണി, ഉറി, ഊറ്റുപാത്രം, മുളമ്പെട്ടി, തവി, മുറം, മീന്‍കോരി, തട്ട്, കത്തിയമ്പ്, മുട്ടമ്പ്, വില്ല്… ഇങ്ങനെ നീളുന്നതാണ് പൈതൃകഭവനത്തിലെ ഉപകരണനിര. ആറ്റക്കൂട്, പഞ്ഞിക്കൂട്, തേനീച്ചക്കൂട് എന്നിവയും ഇതിനെ ആകര്‍ഷമാക്കുന്നു.
അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി രാജേന്ദ്രന്റെ നിര്‍ദേശാനുസരണം ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികള്‍ നിര്‍മിച്ചതാണ് പൈതൃകഭവനവും ആദിവാസിക്കുടിലും. പൈതൃകഭവനത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഉപകരണങ്ങള്‍ അമ്പലവയല്‍ എടകല്ല് വാഴക്കോടന്‍ ബഷീര്‍ എടകല്ല്, കുപ്പമുടി പ്രദേശങ്ങളിലെ ആദിവാസി വീടുകളില്‍നിന്നു ശേഖരിച്ചതാണെന്ന് ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളി എം കെ സുരേന്ദ്രന്‍ പറഞ്ഞു.