Connect with us

International

ഇസ്‌റാഈല്‍ സൈന്യത്തിനെതിരെ ഹിസ്ബുല്ലയുടെ പ്രത്യാക്രമണം

Published

|

Last Updated

ബെയ്‌റൂത്ത്: സിറിയയുമായി അതിര്‍ത്തിപങ്കിടുന്ന ലബനാനിലെ ഷേബായില്‍ ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഏറ്റെടുത്തു. ടാങ്ക് വേധ മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാല് പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരമുണ്ട്. ഹിസ്ബുല്ലയില്‍ നിന്നുള്ള ആക്രമണ ശേഷം നിരവധി റോക്കറ്റുകള്‍ ലബനാന്‍ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ പ്രയോഗിച്ചു. തങ്ങളുടെ സ്‌പെയിന്‍കാരനായ ഒരു സമാധാന ദൂതന്‍ ഷെല്ലാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായി ലബനാനിലെ യുനൈറ്റഡ് നാഷന്‍ ഇടക്കാല സൈന്യം വ്യക്തമാക്കി. ലബനാനിന്റെ വ്യോമ മേഖലയില്‍ ഇസ്‌റാഈല്‍ വിമാനങ്ങള്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹിസ്ബുല്ല പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തതായി അറിയിച്ചിരിക്കുന്നത്. പ്രത്യേക തരം റോക്കറ്റുകള്‍ ഉപയോഗിച്ച് ഷേബ പ്രദേശത്ത് വെച്ച് തങ്ങളുടെ സൈന്യം ഇസ്‌റാഈലിന് നേരെ ആക്രമണം നടത്തിയെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ലബനാനിന്റെ ഭൂമിയില്‍ നിന്നല്ല മിസൈലുകള്‍ തൊടുത്തുവിട്ടതെന്ന് ലബനീസ് സൈനിക വക്താവ് അറിയിച്ചു.
ഈ മാസം 18ന് ഇസ്‌റാഈല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ആറ് ഹിസ്ബുല്ല സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നു. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടാകുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും നേരത്തെ ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

Latest