Connect with us

International

ഗാസ യുദ്ധത്തിനിടെ വീടുകള്‍ തകര്‍ത്തത് ഇസ്‌റാഈല്‍ നയത്തിന്റെ ഭാഗമായിരുന്നുവെന്ന്

Published

|

Last Updated

ജറൂസലം : കഴിഞ്ഞ വര്‍ഷം നടന്ന ഗാസ യുദ്ധത്തില്‍ വ്യോമാക്രമണത്തിലൂടെ വീടുകള്‍ തകര്‍ത്ത് നൂറ് കണക്കിന് ഫലസ്തീന്‍ സിവിലിയന്‍മാരെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് ആലോചനപൂര്‍വമെടുത്ത നയത്തിന്റെ ഭാഗമായാണെന്ന് ഇസ്‌റാഈലിലെ മനുഷ്യാവകാശ സംഘടന. ഫലസ്തീന്‍ പ്രദേശം ഉപരോധിച്ച് ജനവാസ കെട്ടിടങ്ങളില്‍ 70 ഓളം ആക്രമണം നടത്തിയതായി ബി ടി സെലിം എന്ന മനുഷ്യാവകാശ സംഘടന പറഞ്ഞു. അമ്പത് ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനിടെ വളരെയധികം സാധാരണക്കാര്‍ക്ക് പരുക്ക് പറ്റിയതിന്റെയും 2,200 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന്റെയും ഉത്തരവാദിത്വം ഇസ്‌റാഈല്‍ ഉദ്യോഗസ്ഥര്‍ക്കാണെന്നും സംഘടന 49 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന സൈനിക മേധാവികളും രൂപം നല്‍കിയ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഭയാനകമായ ആക്രമണം ഇസ്‌റാഈല്‍ സൈന്യം നടത്തിയത്. സംഘടന അന്വേഷിച്ച 606 പേരുടെ മരണത്തില്‍ എഴുപത് ശതമാനവും 18 വയസ്സിന് താഴെയുള്ളവരോ അല്ലെങ്കില്‍ 60ന് മുകളിലുള്ളവരോ ആണ്. അതേ സമയം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍കാരില്‍ 70 ശതമാനം പേര്‍ സാധാരണക്കാരാണെന്ന് യു എന്‍ പറയുന്നു. ജുലൈ-ആഗസ്റ്റ് മാസങ്ങളിലായി നടന്ന യുദ്ധത്തില്‍ 67 ഇസ്‌റാഈല്‍ സൈനികരും അഞ്ച് ഇസ്‌റാഈല്‍ പൗരന്‍മാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ മനുഷ്യാവകാശ സംഘടന ഇന്നലെ നടത്തിയ പ്രസ്താവന ഇസ്‌റാഈല്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്.