Connect with us

National

ബേദിയോട് നേതാക്കള്‍ക്ക് അലര്‍ജി; ബി ജെ പിയുടെ മുന്നേറ്റ സാധ്യതക്ക് മങ്ങല്‍

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ ബി ജെ പിയെ വിട്ടൊഴിയുന്നില്ല. മുഖ്യശത്രുവായ എ എ പിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തലസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണയോട് കിടപിടിക്കുന്ന തിരഞ്ഞെടുപ്പ് നീക്കങ്ങളൊന്നും ഇതുവരെ ബി ജെ പി യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിപ്പോഴും കിരണ്‍ ബേദിയോട് അലര്‍ജിയും അസന്തുഷ്ടിയും ഉള്ളതുകൊണ്ടാണ് ബി ജെ പിയുടെ പ്രചരണ പരിപാടികള്‍ക്ക് തലസ്ഥാനത്ത് ഇപ്പോഴും ഏകീകരണവും ചിട്ടയും കൈവരാത്തത്.
കിരണ്‍ ബേദിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ തുടക്കത്തില്‍ തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. കുറഞ്ഞ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കെജ്‌രിവാളിനെയും എ എ പിയെയും പിന്നിലാക്കി മുന്‍തൂക്കം നേടാന്‍ അണിയറിയില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി അരുണ്‍ ജെയ്റ്റ്‌ലിയെ തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണവും പാര്‍ട്ടി ഓഫീസില്‍ തുടര്‍ച്ചയായ യോഗങ്ങളും സംഘടിപ്പിക്കാന്‍ ചുമതലപ്പെടുത്തി. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് റാലികളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അങ്കത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ പതിനൊന്ന് കേന്ദ്ര മന്ത്രിമാരെയും പാര്‍ട്ടിയുടെ പതിനേഴ് എം പിമാരെയും രംഗത്തിറക്കി ബി ജെ പി സജീവമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയാണ് അടുത്തിടെ വിധിയെഴുതിയ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക നേതാവിനെയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. രാഷ്ട്രീയത്തില്‍ അനുഭവസമ്പത്തില്ലാത്ത ഈ മുന്‍ പോലീസ് ഓഫീസര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പരാജയമാണെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. കിരണ്‍ ബേദിയുടെ പ്രസ്താവനകള്‍ അവരുടെ തന്നെ അനുകൂലികള്‍ക്ക് അപ്രിയമാണെന്നും ആരോപണമുണ്ട്.
സുരക്ഷിതമായ കൃഷ്ണനഗര്‍ സീറ്റാണ് കിരണ്‍ ബേദിക്ക് ബി ജെ പി നല്‍കിയത്. കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ അഞ്ച് തവണ ജനപ്രതിനിധിയായത് ഇവിടെ നിന്നാണ്. ഇവിടെ കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയില്‍ ഹര്‍ഷ വര്‍ധന്റെ അസാന്നിധ്യം ശ്രദ്ധേയമയിരുന്നു. ഡോക്ടര്‍ കൃഷ്ണ നഗറിനെ പരിചരിച്ചുകൊണ്ടിരിക്കുന്നു, ഞാനും നിങ്ങളുടെ ഡോക്ടറാകുന്നു. എന്നാണ് കിരണ്‍ ബേദി പറഞ്ഞത്. കിരണ്‍ ബേദി നേതൃപദവിയിലേക്ക് വന്നതോടെ ഹര്‍ഷന്‍ വര്‍ധന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ അവഗണിക്കപ്പെടുകയാണ്.

Latest