Connect with us

Editorial

ഒബാമ പോലും പറയുന്നു

Published

|

Last Updated

ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനൊടുവില്‍ മതസ്വാതന്ത്ര്യത്തിന്റെ അനിവാര്യതയെക്കുറിച്ചു മോദി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു കൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിടപറഞ്ഞത്. “തനിക്ക് ശരിയെന്ന് തോന്നുന്ന മതത്തില്‍ വിശ്വസിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളില്‍ നിന്നു മോചിതമായെങ്കില്‍ മാത്രമേ ഇന്ത്യയുടെ വളര്‍ച്ച ത്വരിതപ്പെടുകയുള്ളു.നിങ്ങളുടെ ഭരണഘടനയുടെ 25ാം വകുപ്പ് വാഗ്ദാനം ചെയ്യുന്നത് എത് മതവിശ്വാസവും പ്രചരിപ്പിക്കാനും ഉള്‍ക്കൊള്ളാനുമുള്ള അവകാശത്തെക്കുറിച്ചാണ്. ഇന്ത്യയിലും അമേരിക്കയിലും മാത്രമല്ല, എല്ലാ രാജ്യങ്ങളിലും ഈ അടിസ്ഥാന സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കുണ്ട്. മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കാനും വേര്‍തിരിച്ചു കാണാനുമുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടതാണ്.”- ഡല്‍ഹി സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പ്രസംഗത്തില്‍ ഒബാമ പറയുകയുണ്ടായി.
ഭീകരവാദത്തെയും തീവ്രവാദത്തെയും കുറിച്ച ഉത്കണ്ഠയാണ് അമേരിക്കന്‍ ഭരണാധികാരികളുടെ മുന്‍കാല ഇന്ത്യന്‍ സന്ദര്‍ശനവേളകളിലെ പ്രസംഗങ്ങളില്‍ മുഴച്ചുനില്‍ക്കാറുള്ളതെങ്കില്‍, ഇപ്പോള്‍ മതത്തിന്റെ പേരിലുള്ള അന്തഃഛിദ്രതക്കെതിരെ മുന്നറിയിപ്പ് നല്‍കാന്‍ ഒബാമ നിര്‍ബന്ധിതനായതിന്റെ സാഹചര്യം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വര്‍ഗീയതയുടെ നീക്കങ്ങളും “ഘവാപസി”യുമാണ്. ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളില്‍ മനംമടുത്ത് ഹൈന്ദവ വിശ്വാസികളുടെ ഇസ്‌ലാമിലേക്കും ക്രിസ്തീയ മതത്തിലേക്കുമുള്ള പരിവര്‍ത്തനത്തില്‍ പ്രകോപിതരായാണ് സംഘ്പരിവാര്‍ വ്യാപകമായി “ഘര്‍ വാപസി” സംഘടിപ്പിച്ചു വരുന്നത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച്, മതപരിവര്‍ത്തനം നിരോധിക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഈ ഗൂഢ പദ്ധതിയില്‍ ആഗോള സമൂഹം ആശങ്കപ്പെടുകയും ഇന്ത്യയുടെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പ്പിക്കുകയും ചെയ്തതായി ഒബാമയുടെ പ്രസംഗത്തിന്റെ വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാകുന്നതാണ്.
നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. സാംസ്‌കാരിക വൈവിധ്യങ്ങളെയും വ്യത്യസ്തങ്ങളായ മാനവിക ഗുണങ്ങളെയും ആദരിക്കുകയും സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്യുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. രാജ്യവും രാഷ്ട്ര ശില്‍പ്പികളും ഉയര്‍ത്തിപ്പിടിച്ച ഈ തത്വം ആഗോള സമൂഹം ആദരവോടെയാണ് നോക്കിക്കണ്ടിരുന്നത്. ബഹുദേശീയ രാഷ്ട്രമായ ഇന്ത്യയുടെ ഏകോപനവും അഖണ്ഡതയും മതേതരത്വമെന്ന അടിത്തറയിലാണ്. ഈ അടിസ്ഥാന തത്വങ്ങളെയും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തെയും ദൂര്‍ബലമാക്കുന്ന പ്രവണതകളാണ് കുറച്ചു കാലമായി രാജ്യത്ത് വ്യാപകമായി കണ്ടുവരുന്നത്. ഉത്തരേന്ത്യയില്‍ മതന്യൂനപക്ഷ സമൂഹങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമം, ബാബ്‌രി മസ്ജിദ് ധ്വംസനം, ഗുജറാത്തിലെ വംശീയ ഹത്യ തുടങ്ങി എത്രയെത്ര സംഭവങ്ങള്‍. രാജ്യത്തിന്റെ തീരാശാപമാണ് വര്‍ഗീയ കലാപങ്ങള്‍. ഹിന്ദുരാഷ്ട്ര വാദവും അടുത്ത കാലത്തായി ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന് തടയിടേണ്ട ഭരണകൂടം പോലും ഭീകരവാദ നിര്‍മാര്‍ജനത്തിന്റെ പേരില്‍ ന്യൂനപക്ഷ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബഹുമത സംസ്‌കാരങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകള്‍ക്കനുസൃതമായി ഒരു മതത്തോടും പ്രത്യേകമായ മമതയോ വിവേചനമോ പുലര്‍ത്താതിരിക്കുക എന്നാണ് ഭരണഘടന ഊന്നിപ്പറയുന്ന മതേതരത്വത്തിന്റെ വിവക്ഷയെങ്കിലും മതന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ഭരണ കൂടം പലപ്പോഴും മനഃപൂര്‍വം ഇത് വിസ്മരിക്കുകയാണ്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പോലെ അവഗണനയുടെയും വിവേചനത്തിന്റെയും കയ്പുനീര്‍ ഏറെ കുടിച്ചിട്ടുണ്ട്, ആദ്യകാലങ്ങളില്‍ ഒബാമ. തൊലി കറുത്തതിന്റെ പേരില്‍ വെള്ളക്കാരില്‍ നിന്നുണ്ടായ വേദനാജനകമായ പെരുമാറ്റം അദ്ദേഹം തന്റെ പ്രസംഗത്തില്‍ അയവിറക്കുന്നുണ്ട്. ഞാന്‍ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നുവെന്ന ധാരണയില്‍ എന്റെ വിശ്വാസത്തെ ചിലര്‍ ചോദ്യം ചെയ്തിരുന്നുവെന്നും അങ്ങനെ വിശ്വസിക്കുന്നത് തെറ്റാണെന്ന ധാരണയായിരുന്നു അവര്‍ക്കെന്നും അദ്ദേഹം അനുസ്മരിക്കുകയുണ്ടായി. ഈ കയ്‌പേറിയ അനുഭവങ്ങളായിരിക്കണം വിശ്വാസ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഇന്ത്യന്‍ ഭരണാധികാരികളെ ഓര്‍മിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. മതസ്വാതന്ത്ര്യത്തെക്കുറിച്ചും, മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചും മറ്റൊരു രാഷ്ട്രത്തലവന്‍ ഇവിടെ വന്നു ശക്തമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നത് നമ്മുടെ ഭരണ നേതൃത്വത്തിന് നാണക്കേടായിപ്പോയി. ഇതിനവസരം സൃഷ്ടിച്ചത് സര്‍ക്കാറിന്റെ നയവൈകല്യവും അസന്തുലിത നയങ്ങളുമാണ്. മതവിഭാഗങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തിയും വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിച്ചും ഇനിയെങ്കിലും രാജ്യത്തിന്റെ യശസ്സ് വീണ്ടെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.