Connect with us

Kerala

പിള്ളക്കും ജോര്‍ജിനും യു ഡി എഫ് യോഗത്തില്‍ താക്കീത്

Published

|

Last Updated

തിരുവനന്തപുരം: തെറ്റ് തിരുത്തണമെന്ന് ആര്‍ ബാലകൃഷ്ണപിള്ളക്കും പി സി ജോര്‍ജിനും യു ഡി എഫ് നിര്‍ദേശം. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ചേര്‍ന്ന മുന്നണി യോഗം പിള്ളയും പി സി ജോര്‍ജും ബാര്‍കോഴ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. യോഗത്തില്‍ പങ്കെടുത്ത് തെറ്റ് ഏറ്റുപറഞ്ഞ പി സി ജോര്‍ജ് കെ എം മാണിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

തിരുത്താന്‍ തയ്യാറാണെങ്കില്‍ പിള്ളയും യു ഡി എഫില്‍ തുടരട്ടെയെന്നാണ് നിലപാട്. തെറ്റ് ആവര്‍ത്തിച്ചാല്‍ പിള്ള യു ഡി എഫില്‍ നിന്ന് സ്വയം പുറത്ത് പോയതായി കണക്കാക്കും. ആര്‍ ബാലകൃഷ്ണപിള്ളയുമായി സംസാരിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. പിള്ളയുടെ പരാമര്‍ശങ്ങളില്‍ കടുത്ത അതൃപ്തിയാണ് യോഗത്തിലുണ്ടായത്. സംസാരിച്ച നേതാക്കളില്‍ ഭൂരിഭാഗം പേരുടെയും വാക്കുകളില്‍ താക്കീതിന്റെ സ്വരമായിരുന്നു. ഒടുവില്‍ ഇനി ആവര്‍ത്തിച്ചാല്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ യോഗം പിരിഞ്ഞു.
പിള്ളയുടെ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് പങ്കെടുത്ത നേതാക്കളെല്ലാം ഒരേ സ്വരത്തില്‍ വ്യക്തമാക്കി. പിള്ളയുടെ നിലപാടില്‍ മുഖ്യമന്ത്രി തന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. യോജിച്ച് പോകുമെങ്കില്‍ അങ്ങിനെയാകട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പിള്ള തയ്യാറാകണം. തെറ്റായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
യു ഡി എഫുമായി യോജിച്ച് പോകണമെന്ന് പി സി ജോര്‍ജിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വക്താക്കളെ നിയന്ത്രിക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. പിള്ളയുടെ പ്രതികരണം ആശ്രയിച്ചാകും തുടര്‍നടപടികള്‍. ബിജു രമേശുമായുള്ള പി സി ജോര്‍ജ്ജിന്റെ സംഭാഷണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ പങ്കെടുത്തിരുന്ന പി സി ജോര്‍ജ് തന്റെ നിലപാട് വിശദീകരിച്ചു.
പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും ജോര്‍ജ് വിശദീകരിച്ചു. ഇക്കാര്യത്തില്‍ ഒരു ദുരുദ്ദേശവുമില്ല. കെ എം മാണിക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായും അറിയിച്ചു.
യോഗത്തിന് മുന്നോടിയായി ക്ലിഫ് ഹൗസില്‍ ജോര്‍ജുമായി മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. കേരളാ കോണ്‍ഗ്രസില്‍ നിന്ന് തനിക്കെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതായി അദ്ദേഹം പരാതിപ്പെട്ടു. ഇക്കാര്യം മാണിയുമായി സംസാരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുന്നണിയുമായി യോജിച്ച് പോകണമെന്ന് ജോര്‍ജിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോജിച്ച് പോകാമെന്നും എന്നാല്‍ കൈനീട്ടുന്ന മന്ത്രിമാരെ നിയന്ത്രിക്കണമെന്നുമായിരുന്നു ജോര്‍ജിന്റെ മറുപടി.
നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. മുന്നണി യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ യോഗത്തിലാണ് കാര്യങ്ങള്‍ പറയേണ്ടത്. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല. ആര്‍ ബാലകൃഷ്ണപിള്ള ബിജു രമേശുമായി നടത്തിയ സംഭാഷണത്തിലെ പല കാര്യങ്ങളോടും യു ഡി എഫിന് യോജിക്കാന്‍ കഴിയില്ലെന്ന് യോഗത്തിന് ശേഷം പി പി തങ്കച്ചന്‍ പറഞ്ഞു. മുന്നണി മര്യാദക്ക് ചേര്‍ന്ന കാര്യമല്ല ആ വാചകങ്ങളില്‍. ഈ സംഭാഷണം ബാലകൃഷ്ണപിള്ള നിഷേധിച്ചിട്ടുമില്ല. മുന്നണിയിലെ പൊതുവികാരം കണക്കിലെടുത്ത് ഇത്തരം നിലപാടുകളില്‍ നിന്ന് പിന്‍മാറണമെന്ന് ബാലകൃഷ്ണപിള്ളയോട് ആവശ്യപ്പെടുന്നു. മുതിര്‍ന്ന നേതാവെന്ന നിലയില്‍ തുടര്‍ന്നും യു ഡി എഫില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
പിള്ളയെ പോലുള്ള നേതാവ് മുന്നണിക്കകത്തെ മറ്റൊരു കക്ഷി നേതാവിനെക്കുറിച്ച് ആരോപണം ഉന്നയിച്ച ബിജു രമേശിനോട് ഒരിക്കലും അങ്ങിനെ ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. അത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. യു ഡി എഫ് ഇക്കാര്യത്തില്‍ പൊതുവെ അസംതൃപ്തി രേഖപ്പെടുത്തി. ആരോപണത്തില്‍ നിന്ന് പിള്ള പിന്മാറണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.