Connect with us

Gulf

നാദാപുരം ആക്രമണം: ശാന്തി സന്ദേശവുമായി പ്രവാസികള്‍

Published

|

Last Updated

ഷാര്‍ജ: നാദാപുരത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് വടകര എന്‍ ആര്‍ ഐ ഫോറത്തിന്റെ നേതൃത്വത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന കൂട്ടായ്മ ആവശ്യപ്പെട്ടു. ഒത്തു ചേരല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.
പല കാര്യത്തിലും മാതൃകകള്‍ കാട്ടിയ പ്രവാസികള്‍ക്ക് നാദാപുരത്തിന്റെ ഇന്നത്തെ അവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം യോഗം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്ത വിവിധ സംഘടനാ നേതാക്കള്‍ നാട്ടിലെ കുടുംബത്തിന്റെ അരക്ഷിതമായ ജീവിതം ഓര്‍ത്ത് വികാര പരമായിട്ടാണ് സംസാരിച്ചത്.
തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍, സഹദ് പുറക്കാട്, മുഹമ്മദലി പുന്നക്കന്‍, അബ്ദുള്ള മല്ലശ്ശേരി അടക്കം വിവിധ സംഘടനാ നേതാക്കന്മാര്‍ രക്ഷാധികാരികളായി. കൗണ്‍സിലിന്റെ അധ്യക്ഷനായി റഫീക്ക് എരോത്തും ജനറല്‍ കണ്‍വീനര്‍മാരായി ശിവപ്രസാദ്, മുഹമ്മദ് കുറ്റിയാടി, ഇ കെ ദിനേശന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഇത്തരം പങ്കു വെക്കലുകള്‍ക്കിടയില്‍ പ്രധാനമായി ഉയര്‍ന്ന ഒരു കാര്യം വികാരപരമായി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങളെ പ്രതിരോധിക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി നന്മ നിറഞ്ഞ നാദാപുരം എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങാനും നാദാപുരത്തിന്റെ നന്മകള്‍ പ്രചരിപ്പിക്കാനും തീരുമാനിച്ചു.
വടകര എന്‍ ആര്‍ ഐ ഫോറം ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട് ഇടവന മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ ബിജു സോമനും ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കരയും യോഗത്തില്‍ ഉത്‌ബോധനം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രാജന്‍ കൊളാവിപ്പാലം, അഡ്വ. ഹാഷിക്, പ്രദീപ് കുമാര്‍, ഹാരിസ് നീലാംബ്ര, അഡ്വ. മുഹമ്മദ് സാജിദ്, ചന്ദ്രന്‍ ആയഞ്ചേരി, സാദിഖ് വാണിമേല്‍, പ്രേമാനന്ദന്‍ കുനിയില്‍, റിയാസ് ഹൈദര്‍, മൊയ്തു ഹാജി യു ടി കെ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്ള മാണിക്കോത്ത് സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.