Connect with us

Gulf

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മുഖ്യമന്ത്രിമാര്‍

Published

|

Last Updated

പ്രശ്‌നങ്ങള്‍, പ്രതികരണങ്ങള്‍-9

പ്രവാസി സംഗമങ്ങളില്‍ ഉയര്‍ന്നുവന്ന
വിഷയങ്ങളെക്കുറിച്ചുള്ള വിശകലനം

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ എങ്ങിനെ ഫല പ്രദമായി തടയാം എന്നതായിരുന്നു പ്രധാന ചര്‍ച്ച. കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങണമെന്ന അഭിപ്രായം മുന്നോട്ടുവെച്ചത് കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനാണ്. നിരവധി പേര്‍, വിശേഷിച്ച് നഴ്‌സുമാര്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്ത് നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ 2,500 ഡോളര്‍ ബേങ്ക് ഗ്യാരണ്ടി വേണമെന്ന ഇന്ത്യന്‍ നിയമത്തില്‍ പ്രതിഷേധിച്ചാണിത്.
എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന പല നിയമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ട്. പെണ്‍വാണിഭ സംഘങ്ങളെ ഭയന്ന്, സ്ത്രീകളുടെ തൊഴില്‍ സാധ്യതകള്‍ക്ക് വിഘാതമാകുന്ന നടപടികളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ സ്ത്രീകള്‍ ചോദ്യം ചെയ്യലിന് വിധേയരാകുന്നു. ഇത് മറികടക്കാന്‍ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പല ഗൂഢ വഴികളും സ്വീരിക്കുന്നു. അതിന്റെ മറവില്‍ തട്ടിപ്പുകള്‍ നടത്തുന്നു.
പതിനായിരക്കണക്കിന് രൂപ വാങ്ങിയാണ് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കരാര്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നില്ല. ഇതിന്റെയൊക്കെ ഭാരം ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ചുമക്കേണ്ടിവരുന്നു.
യു എ ഇയില്‍ കുറവാണെങ്കിലും തട്ടിപ്പുകള്‍ അവസാനിച്ചിട്ടില്ലെന്ന് ടി പി സീതാറാം ചൂണ്ടിക്കാട്ടി. യു എ ഇയില്‍ നിരവധിപേരെ സ്ഥാനപതി കാര്യാലയവും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം മാര്‍ഗ നിര്‍ദേശക ലഘുപുസ്തകം പുറത്തിറക്കിയിട്ടുണ്ട്. അത് ഗുണകരമാണ്. യു എ ഇ നിയമങ്ങളെക്കുറിച്ച് ഏകദേശ ധാരണ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നു. ഈ ലഘുപുസ്തകം കേരളത്തില്‍ പുനഃപ്രസിദ്ധീകരിക്കാമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് വിതരണം ചെയ്യാമെന്നും നോര്‍ക്ക മന്ത്രി കെ സി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിമാരുടെ സെഷനില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് കൂടുതല്‍ സമയം സംസാരിച്ചത്. ആന്ധ്രയില്‍ നിക്ഷേപകര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. എം എ യൂസുഫലി അടക്കം നിരവധി നിക്ഷേപകരെ ആന്ധ്രയിലേക്ക് നേരിട്ട് ക്ഷണിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗള്‍ഫ് മലയാളികളുടെ ആവലാതികള്‍ നിരത്താനാണ് മുഖ്യമന്ത്രിമാരുടെ സെഷനെ ഉപയോഗിച്ചത്. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പിന്റെ പ്രവര്‍ത്തനം മാറണമെന്നും ഗള്‍ഫ് മലയാളികളുടെ യാത്രാ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കൊച്ചി മെട്രോ, സ്മാര്‍ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികളില്‍ വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നതെന്നും ഗ്രാമവികസനത്തിന് നിക്ഷേപങ്ങള്‍ വേണമെന്നും അധ്യക്ഷന്‍, ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് കൂടെക്കൂടെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിദേശ മലയാളികള്‍ക്കു വേണ്ടി സമാന്തര സെഷന്‍ ഉണ്ടായിരുന്നു. നെടമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തെ ഇന്റര്‍നാഷനല്‍ ഹബ് പട്ടികയില്‍പ്പെടുത്താത്തതിനെതിരെ പ്രതിഷേധം ഉയരണമെന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മാഈല്‍ റാവുത്തര്‍ പറഞ്ഞു.
(തുടരും)

Latest