Connect with us

Gulf

സബര്‍മതി ആശ്രമം പുനഃസൃഷ്ടിച്ച് കുരുന്ന് വിദ്യാര്‍ഥികള്‍

Published

|

Last Updated

ഷാര്‍ജ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുള്ള ഗുജറാത്തിലെ സബര്‍മതി ആശ്രമം കുരുന്നു വിദ്യാര്‍ഥികളില്‍ കൗതുകം പരത്തി.

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കിയ സബര്‍മതി ആശ്രമമാണ് കാണികളായ കുരുന്നുകളില്‍ കൗതുകമുളവാക്കിയത്.
രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെയും അനുയായികളുടെയും ഗേഹമായിരുന്ന സബര്‍മതി ആശ്രമം സ്വാതന്ത്ര്യ സമരവുമയി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. അതു കൊണ്ടുതന്നെ ഈ ആശ്രമത്തെ വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വേദിയില്‍ ഇത് പുനഃസൃഷ്ടിച്ചത്. ഇതേ വിദ്യാലയത്തിലെ ജീവനക്കാരനും കലാകാരനുമായ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു സൃഷ്ടിച്ചത്. അന്നുണ്ടായിരുന്ന അതേ നിലയിലായിരുന്നു പുനര്‍ സൃഷ്ടി. വിദ്യാര്‍ഥികളെ മാത്രമല്ല കാണികളായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. വൈ എ റഹീം എന്നിവരുള്‍പ്പെടെ അധ്യാപകരുടെയും ജീവനക്കാരെയും, രക്ഷിതാക്കളെയും ഏറെ ആകര്‍ഷിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ അനുഭവങ്ങളിലേക്ക് പ്രവാസികളായ ഇന്ത്യന്‍ ജനതയുടെ മനസ്സ് കൊണ്ടെത്തിക്കുകയായിരുന്നു. സബര്‍മതി ആശ്രമത്തെക്കുറിച്ച് വായിച്ച് പഠിച്ച അറിവല്ലാതെ മറ്റൊരറിവും ഇല്ലാതിരുന്ന വിദ്യാര്‍ഥികള്‍ക്കു കണ്‍മുന്നില്‍ ഇത് ആവിഷ്‌കരിക്കപ്പെട്ടത് കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല.
എട്ടാം തരം മുതല്‍ക്കുള്ള വിദ്യാര്‍ഥികളാണ് ഗാന്ധിജി, അംബേദ്കര്‍ തുടങ്ങിയവരുടെ വേഷമിട്ട് സബര്‍മതിയില്‍ പ്രത്യക്ഷപ്പെട്ടത്. ഗാന്ധി കണ്ണടയും ഉടുപ്പും ധരിച്ച കുട്ടി കാണികളെ ആകര്‍ഷിച്ചു. ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യ വിളിച്ചോതുന്നതായിരുന്നു ആഘോഷ പരിപാടികള്‍. വര്‍ണശബളമായ പരേഡാണ് സ്‌കൂള്‍ അങ്കണത്തില്‍ നടന്നത്.
ഗാന്ധിജിയുടെയും അംബേദ്കറുടെയും പ്ലോട്ടുകള്‍ ഏറെ ആകര്‍ഷകമായിരുന്നു. കുട്ടികള്‍ സൈനിക വേഷം ധരിച്ചും, മിസൈലുകള്‍ വഹിച്ചും പരേഡില്‍ അണിനിരന്നു. ബാന്റ് മേളങ്ങളും, സ്‌കൗട്ടും പരേഡിനു അകമ്പടി സേവിച്ചു. വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അണിനിരന്ന കുരുന്നുകള്‍ പരേഡിനു മാറ്റ് കൂട്ടി. തുടര്‍ന്നു വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ പതാകയുയര്‍ത്തി.

 

Latest