Connect with us

Gulf

വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു

Published

|

Last Updated

ദുബൈ: ബഗ്ദാദില്‍ ഫ്‌ളൈ ദുബൈ വിമാനത്തിന് നേരെ വെടിവെപ്പുണ്ടായ സംഭവം യു എ ഇയില്‍ ആശങ്ക പരത്തി. തിങ്കളാഴ്ചയാണ് ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായത്. ഫ്‌ളൈ ദുബൈ ഇറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. എയര്‍ ക്രാഫ്റ്റിന്റെ പിന്‍ഭാഗത്ത് വെടിയുണ്ട തുളച്ച് കയറിയ നിലയിലാണ്. എഫ് ഇസന്റ് 215 വിമാനത്തിന് നേരെയാണ് ആക്രമണം. യാത്രക്കാരെ സുരക്ഷിതമായി പുറത്ത് കടത്തിയതായി അധികൃതര്‍ അറിയിച്ചു. ബഗ്ദാദില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങേണ്ട വിമാനമായിരുന്നു ഇത്. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വെറെ ഒരു വിമാനം ഏര്‍പെടുത്തി. അതേ സമയം വിമാനത്തിലുണ്ടായിരുന്ന കുട്ടികളടക്കം രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റതായും ഇറാഖി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. റണ്‍വേക്കു സമീപത്ത് നിന്നാണ് വെടിവെപ്പുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാനങ്ങള്‍ ബാഗ്ദാദിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു.

ജനുവരി 26 മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സര്‍വീസ് നടക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വക്താക്കള്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ബദല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റീ ബുക്കിംഗിന് വേണ്ടി എമിറേറ്റ്‌സ് കോള്‍ സെന്ററുമായി ബന്ധപ്പെടണം. യു എ ഇ വ്യോമ ഗതാഗത വിഭാഗത്തിന്റെ തീരുമാനമായതിനാല്‍ ഇത്തിഹാദും വിമാനം പറത്തില്ലെന്ന് ഇത്തിഹാദ് വക്താക്കള്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വം പ്രധാനപ്പെട്ടതാണ്.
അധികൃതരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. വിമാനം റദ്ദ് ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ പണം തിരിച്ച് നല്‍കാന്‍ നടപടി സ്വീകരിക്കണം. ബഗ്ദാദ് വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചതായി എയര്‍ അറേബ്യയും അറിയിച്ചു.
ഇതിനിടെ കടുത്ത മഞ്ഞ് കാരണം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ് എന്നിവയുടെ സര്‍വീസ് തടസ്സപ്പെട്ടിരിക്കുകയാണ്. അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍ നിന്ന് പല വിമാനങ്ങളും യാത്ര തിരിച്ചിട്ടില്ല. ന്യൂയോര്‍ക്ക്, വാഷിംഗ് ടണ്‍ ഡി സി, ചിക്കാഗോ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ജനുവരി 30ന് മുമ്പ് സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്നാണ് അറിയിപ്പ്. ജനുവരി 27ലെ ദോഹ, ന്യൂയോര്‍ക്ക് വിമാന സര്‍വീസ് റദ്ദ് ചെയ്തതായി ഖത്തര്‍ എയര്‍വേസ് അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest