Connect with us

Gulf

യാത്രക്കാരുടെ എണ്ണത്തില്‍ ദുബൈ ലോകത്തിന്റെ നെറുകയില്‍

Published

|

Last Updated

ദുബൈ: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്ത് പ്രഥമ സ്ഥാനം ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്. 7,04,75,36 യാത്രക്കാരാണ് 2014ല്‍ ദുബൈ വിമാനത്താവളത്തില്‍ എത്തിയത്. 2013നെക്കാള്‍ 6.1 ശതമാനം വര്‍ധനവുണ്ട്. ഡിസംബറില്‍ 7.5 ശതമാനമാണ് വര്‍ധിച്ചത്. 64.98 ലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ചരിത്രത്തിലെ നാഴികക്കല്ലാണിതെന്ന് ദുബൈ എയര്‍പോര്‍ട്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. ലോകത്തിന്റെ കണ്ണായ സ്ഥലമായി ദുബൈ മാറിയിരിക്കുന്നു. ഓപണ്‍ സ്‌കൈ നയം നടപ്പാക്കിയത് കൊണ്ടാണ് ഈ നേട്ടം. ഇതോടൊപ്പം വാണിജ്യത്തിന് സൗഹൃദ അന്തരീക്ഷം, വിനോദ സഞ്ചാരത്തിനും വ്യവസായത്തിനും മറ്റുമുള്ള സാധ്യതകള്‍, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ വിമാനങ്ങളുടെ വളര്‍ച്ച തുടങ്ങിയവയും നേട്ടത്തിന് കാരണമായി. എയര്‍ ക്രാഫ്റ്റുകളുടെ പോക്കുവരവില്‍ ഡിസംബറില്‍ നാല് ശതമാനത്തിന്റെ വര്‍ധനവുണ്ട്. 34,136 വിമാനങ്ങളാണ് വന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ വര്‍ധനവുണ്ട്.
അതേ സമയം, കഴിഞ്ഞ വര്‍ഷം 3,57,339 വിമാനങ്ങളാണ് വന്നു പോയത്. ഇത് 2013നെക്കാള്‍ കുറവാണ്. ഇതിന് കാരണം നവീകരണത്തിനായി ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വെ 80 ദിവസം അടച്ചതും ചില വിമാനങ്ങള്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റിയതുമാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ട്. അതേ സമയം, ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്ന് 11.92 ലക്ഷം യാത്രക്കാര്‍ എത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ നിന്ന് 9.36 ലക്ഷം യാത്രക്കാരാണ് എത്തിയത്. ചരക്ക് നീക്കത്തില്‍ വര്‍ധനവില്ല. 23.67 ലക്ഷം ടണ്‍ ചരക്ക് നീക്കമാണ് നടന്നത്. ഇത് മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് ചരക്ക് വിമാനങ്ങളെ ഏറെ മാറ്റിയത് കൊണ്ടാണ് വര്‍ധനവില്ലാത്തത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഒമ്പത് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കോണ്‍കൂസ് ഡിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് ശൈഖ് അഹ്മദ് പറഞ്ഞു. അടുത്തവര്‍ഷത്തോടെ 7.9 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബൈ എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫിത്ത് പറഞ്ഞു.

Latest