Connect with us

Wayanad

പൂപ്പൊലി: വയനാട് ഒഴുകുന്നു, അമ്പലവയലിലേക്ക്

Published

|

Last Updated

അമ്പലവയല്‍:കേരള കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച ദേശീയ കാര്‍ഷികോത്സവത്തിനും പൂപ്പൊലി 2015 എന്ന പേരില്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം ഒരുക്കിയ രണ്ടാമത് പുഷ്പ-ഫല പ്രദര്‍ശനത്തിനും ആതിഥ്യം വഹിക്കുന്ന അമ്പലവയലിലേക്ക് വയനാട് ഒഴുകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഉദ്യാനഗ്രാമത്തില്‍ അനുഭവപ്പെട്ടത് സംഘാടകരെ വിസ്മയിപ്പിച്ച ജനത്തിരക്ക്. രണ്ട് ദിവസങ്ങളിലുമായി എത്തിയത് 80,000 ഓളം സന്ദര്‍ശകര്‍. ഞായറാഴ്ച മാത്രം 7.75 ലക്ഷം രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ വരുമാനമെന്ന് മേഖലാ ഗവേഷണ കേന്ദ്രം മേധാവി ഡോ.പി.രാജേന്ദ്രന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ 7.24 ലക്ഷം രൂപയാണ് ഗേറ്റ് കലക്ഷന്‍. ആറ് വയസിനു മുകളിലുളളവര്‍ക്ക് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. ജനുവരി 20നായിരുന്നു കാര്‍ഷികോത്സവത്തിനും പൂപ്പൊലിക്കും തുടക്കം. ഫെബ്രുവരി രണ്ടിനാണ് സമാപനം.
2014 ഫെബ്രുവരിയില്‍ മേഖലാ ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പ്രഥമ പുഷ്പ-ഫല പ്രദര്‍ശനം കാണാന്‍ ആകെ എത്തിയത് രണ്ടു ലക്ഷം ആളുകളാണ്. 42 ലക്ഷം രൂപയായിരുന്നു വരുമാനം. ചെലവ് 27 ലക്ഷം രൂപയും. ഫെബ്രുവരി ഒന്‍പതിനാണ് കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ ഗേറ്റ് കലക്ഷന്‍ ലഭിച്ചത്- 5.40 ലക്ഷം രൂപ.
പൂപ്പൊലി ഒന്നാം പതിപ്പിന്റെ വിജയം കണക്കിലെടുത്താണ് സര്‍വകലാശാല ഇത്തവണത്തെ ദേശീയ. കാര്‍ഷികോത്സവത്തിനു അമ്പലവയലിനെ തെരഞ്ഞെടുത്തത്. ഇക്കുറി ആറ് ലക്ഷം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് ജനപ്രവാഹം. സായാഹ്നങ്ങളിലാണ് പൂരത്തിരക്ക്. മേളയുടെ ഭാഗമായി ദിവസവും അരങ്ങേറുന്ന കലാപരിപാടികള്‍ ആസ്വദിക്കാന്‍ മാത്രമായും ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കുന്നത് നൂറുകണക്കിനു ആളുകള്‍.
പൂക്കളുടെ വൈവിധ്യസമൃദ്ധി മേളമിടുന്ന ഉദ്യാനങ്ങളാണ് പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണം. സണ്‍, മൂണ്‍, ഡ്രീം, ഡാലിയ , ഗ്ലാഡിയോലസ് , റോസ് , ജര്‍ബറ, സോളാര്‍ ഫ്‌ളോട്ടിംഗ് എന്നിങ്ങനെ എട്ട് പൂന്തോപ്പുകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മേളയ്ക്കും പുഷ്പ-ഫല പ്രദര്‍ശനത്തിനുമായി ഉപയോഗപ്പെടുത്തുന്ന പത്തര ഏക്കറില്‍ ഏകദേശം ഏഴ് എക്കറിലാണ് പൂക്കളുടെ ലോകം.
ഹൈ ടെക് കാര്‍ഷിക നഴ്‌സറി, കറങ്ങുന്ന ചിത്രശലഭം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചലിക്കുന്ന കഥകളി രൂപം, കാളവണ്ടിയിലുംന കുതിരവണ്ടിയിലുമുള്ള സവാരി, മ്യൂസിക് ഫൗണ്ടെയ്ന്‍, വണ്‍ സെന്റ് പോളി ഹൗസ്, സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന സാങ്കേതിക പ്രദര്‍ശനം തുടങ്ങിയവയും ഉദ്യാനഗ്രാമത്തിലേക്ക് ആളുകളെ മാടി വിളിക്കുകയാണ്. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാങ്കേതിക സെമിനാറുകളിലും അനുഭവപ്പെടുന്നത് മെച്ചപ്പെട്ട കര്‍ഷക പങ്കാളിത്തം. “നടന്നുനടന്നു കണ്ടിട്ടും മതിവരുന്നില്ല” എന്നായിരുന്നു പൂപ്പൊലിയെക്കുറിച്ചു ചോദിച്ചപ്പോള്‍ സന്ദര്‍ശകരില്‍ ഒരാളുടെ പ്രതികരണം.

---- facebook comment plugin here -----

Latest