Connect with us

Palakkad

ശാസ്ത്രബോധവും മാനവികതയും പ്രചരിപ്പിക്കുന്നതിന് പരിഷത്ത് സംഗമങ്ങള്‍ സംഘടിപ്പിക്കും

Published

|

Last Updated

പാലക്കാട്: ശാസ്ത്ര—-വിജ്ഞാ നവിരുദ്ധ ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ ശാസ്ത്രബോധത്തിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നുന്ന ശക്തമായ ചെറുത്തുനില്‍പ് ഉയര്‍ന്നു വരണമെന്ന് ജനങ്ങളോടും ജനകീയ പ്രസ്ഥാനങ്ങളോടും ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന പ്രവര്‍ത്തക സംഗമം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രാചീന ഭാരതീയ ശാസ്ത്രത്തെക്കുറിച്ച് അവതരിപ്പിക്കപ്പെട്ട പ്രബന്ധം സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്നും കെട്ടുകഥകളെ ശാസ്ത്രമായി അവതരിപ്പിക്കുന്നത് സാമൂഹ്യപുരോഗതിയെ പിറകോട്ട് നയിക്കുമെന്നും രണ്ടു ദിവസം നീണ്ടുനിന്ന പരിഷത് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.
തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്‍ ജാതി ഭ്രാന്തന്മാരുടെ ഭീഷണിയെ തുടര്‍ന്ന് സാഹിത്യരചന ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ സാഹചര്യം ഗുരുതരമാണെന്നും ശാസ്ത്രബോധവും മാനവികതയും പ്രചരിപ്പിക്കുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പ്രവര്‍ത്തക സംഗമം തീരുമാനിച്ചു. കേരളം ഭ്രാന്താലയമാകരുത് എന്ന സന്ദേശമുണര്‍ത്തി 450 കേന്ദ്രങ്ങളില്‍ ശാസ്ത്രകലാജാഥകള്‍ പര്യടനം നടത്തും. ശാസ്ത്രപരിചയം, ബാലോത്സവം, യുവജനസംഗമം തുടങ്ങിയ പരിപാടികള്‍ ആയിരത്തോളം കേന്ദ്രങ്ങളില്‍ നടത്തുന്നതിനും തീരുമാനിച്ചു. “ശാസ്ത്രം കെട്ടുകഥയല്ല” എന്ന വിഷയത്തില്‍ യൂണിവേഴ്‌സിറ്റികളിലും കാമ്പസ്സുകളിലും 140 മേഖലാ കേന്ദ്രങ്ങളിലും ഫെബ്രു: 28ന് ദേശീയ ശാസ്ത്രസെമിനാര്‍ നടക്കും. 2015 മെയില്‍ ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത് നടക്കും. ഏപ്രിലില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും മാനവസംഗമങ്ങളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.—എന്‍ കെ ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ പ്രവത്തനാവലോകനവും ട്രഷറര്‍ പി—കെ—നാരായണന്‍ സാമ്പത്തികാവലോകനവും നടത്തി.
സി പി നാരായണന്‍, ടി—ഗംഗാധരന്‍, ഡോ കെ എന്‍— ഗണേഷ്, പ്രൊഫ.— ടി പി കുഞ്ഞിക്കണ്ണന്‍, ഡോ കെ രാജേഷ്, അഡ്വ എം ഗോപകുമാര്‍, പി വി.—ദിവാകരന്‍, കെ വി സാബു, പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളെ കുറിച്ചു നടന്ന ചര്‍ച്ചകളില്‍ ഡോ ആര്‍ വി ജി മേനോന്‍ (വിദ്യാഭ്യാസം), ഡോ ടി കെ ആനന്ദി (ജെന്റര്‍), ഡോ.—സി—ടി എസ് നായര്‍ (പരിസരം), ഡോ കെ—വിജയകുമാര്‍ (ആരോഗ്യം), എന്‍—ജഗജീവന്‍ (വികസനം), ടി കെ ദേവരാജന്‍ (ശാസ്ത്രബോധം) എന്നിവര്‍ സംസാരിച്ചു.