Connect with us

National

ഒബാമ സന്ദര്‍ശനം: പാക്കിസ്ഥാനോട് അടുത്ത് ചൈന

Published

|

Last Updated

ബീജിംഗ്/ന്യൂഡല്‍ഹി: ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിറകേ, പാക്കിസ്ഥാനോട് കൂടുതല്‍ അടുക്കുമെന്ന സൂചനയുമായി ചൈന. പാക്കിസ്ഥാന്‍ വിശ്വസിക്കാവുന്ന നല്ല സുഹൃത്താണെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആണ് അഭിപ്രായ പ്രകടനം നടത്തിയത്. പാക്കിസ്ഥാന്റെ ഉല്‍കണ്ഠകളൊക്കെ ചൈനയുടെതു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ചൈനാ കടലില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് ഒബാമ- മോദി കൂടിക്കാഴ്ചക്കൊടുവില്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ ചൈനക്കുള്ള കടുത്ത രോഷമാണ് പുതിയ നീക്കത്തിന് പിന്നില്‍. പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ് ചൈനീസ് നേതാക്കളുമായി ബീജിംഗില്‍ കൂടിക്കാഴ്ച നടത്തിയതിന് പിറകേയാണ് ഈ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാന്‍ എപ്പോഴും ചൈനക്കൊപ്പം നിന്നിട്ടുണ്ട്. ചൈനീസ് സര്‍ക്കാറും ജനങ്ങളും പാക്കിസ്ഥാന് എല്ലാ സഹായവും നല്‍കും. അദ്ദേഹം വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലശ്കറെ ത്വയ്യിബ, ജമാഅത്തുദ്ദഅ്‌വ തുടങ്ങിയവക്കെതിരെ നടപടി ശക്തമാക്കാന്‍ പാക്കിസ്ഥാന് മേല്‍ ഇന്ത്യയും അമേരിക്കയും ഒരുപോലെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇന്ത്യയിലെത്തുന്നതിന് തൊട്ടുമുമ്പ് തീവ്രവാദ വിഷയത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് ഒബാമ രംഗത്തെത്തിയിരുന്നു. ഒബാമ ഇന്ത്യ സന്ദര്‍ശിച്ചത് ചൈനയെ അസ്വസ്ഥരാക്കിയിരുന്നു. ഒബാമ- മോദി ചര്‍ച്ച തൊലിപ്പുറമേയുള്ളതെന്നാണ് ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വിലയിരുത്തിയത്. ഒബാമയും മോദിയും ശരിയായ സുഹൃത്തുക്കളാകാന്‍ മൂന്ന് ദിവസം പോര. കാരണം അത്രക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട് അവര്‍ക്കിടയില്‍. കാലാവസ്ഥാ വ്യതിയാനം, കാര്‍ഷിക തര്‍ക്കങ്ങള്‍, ആണവ സഹകരണം എന്നിവ അതില്‍ ചിലത് മാത്രമാണ്- സിന്‍ഹുവ പറയുന്നു.