Connect with us

National

ഘര്‍ വാപസിയെ പരോക്ഷമായി വിമര്‍ശിച്ച് ഒബാമ

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒരു ചടങ്ങിലേ ഒബാമയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലാതിരുന്നുള്ളൂ. അവിടെ വെച്ച് അദ്ദേഹം മോദി സര്‍ക്കാറിനെ വിമര്‍ശിച്ചു. ഇതാണ് സിരിഫോര്‍ട്ടില്‍ നടന്നത്. ഘര്‍ വാപസി അരങ്ങ് തകര്‍ക്കുമ്പോഴാണ് ഒബാമ പറയുന്നത് ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം കാത്തു സൂക്ഷിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം വകവെച്ച് കൊടുക്കണമെന്ന്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 ഓര്‍മിപ്പിക്കുകയും പലതവണ ഗാന്ധിജിയെ ഉദ്ധരിക്കുകയും ചെയ്തു ഒബാമ. അദ്ദേഹം പറഞ്ഞു: രാഷ്ട്രശില്‍പ്പികള്‍ ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറാകണം. ഏതെങ്കിലും മതത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം ഇന്ത്യക്ക് വിജയകരമായി മുന്നേറാം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കണം.
വലിയ സൗഹൃദ പ്രകടനങ്ങള്‍ക്കിടയിലും ചില കാര്യങ്ങളില്‍ കടുത്ത ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. തന്റെ പ്രസംഗത്തിന്റെ തുടക്കത്തിലും ഒടുക്കവും ഹിന്ദി പദങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം സദസ്സിനെ കൈയിലെടുക്കാന്‍ ശ്രമിച്ചു. ഇന്ത്യ- അമേരിക്ക സൗഹൃദത്തെ കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ഷാറൂഖ് ഖാന്റെ സിനിമയിലെ ഡയലോഗുകള്‍ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു.
തുടങ്ങിയത് നമസ്‌തേ പറഞ്ഞായിരുന്നു. നിര്‍ത്തിയത് ജയ്ഹിന്ദോടെയും. കേരളത്തെയും അദ്ദേഹം പരാമര്‍ശിച്ചു. കേരളത്തിന്റെ കായല്‍ സമ്പത്ത് കാത്തു സൂക്ഷിക്കണമെന്നായിരുന്നു ഒബാമയുടെ വാക്കുകള്‍. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

Latest