Connect with us

Editorial

ആണവ കരാറിന് പിന്നിലെ കളികള്‍

Published

|

Last Updated

ലക്ഷ്യം നിറവേറ്റിയ ചാരിതാര്‍ഥ്യത്തോടെയാണ് ബരാക് ഒബാമ ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. ഇന്ത്യയെക്കാള്‍ മികച്ച ആയുധശേഖരവും സാങ്കേതിക വിദ്യയുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ആഗമനോദ്ദോശ്യം നമ്മുടെ പട്ടാളത്തെയും പരേഡും കാണുകയായിരുന്നില്ല, പ്രധാനമായും ആണവ ബാധ്യതാ നിയമത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂല മാറ്റം സാധ്യമാക്കുകയായിരുന്നു. ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം നിലവിലുള 4780 മെഗാവാട്ടില്‍ നിന്ന് 63,000 മെഗാവാട്ടായി ഉയര്‍ത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ആവിഷ്‌കരിച്ച 85 ബില്യണ്‍ ഡോളറിന്റെ പദ്ധതിയില്‍ നല്ലൊരു പങ്ക് ലക്ഷ്യം വെക്കുന്നത് അമേരിക്കന്‍ കമ്പനികളാണ്. എന്നാല്‍ ആണവ അപകടമുണ്ടായാല്‍ ആണവ സാമഗ്രികളും പ്ലാന്റും വിതരണം ചെയ്തവരുടെ മേല്‍ ഉത്തരവാദിത്വം ചുമത്തുന്ന 2010ലെ ഇന്ത്യന്‍ ആണവ ബാധ്യതാ നിയമം കാരണം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ മടിക്കുകയും ഈ നിയമം ഭേദഗതി ചെയ്യാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തി വരികയുമായിരുന്നു. ആ ലക്ഷ്യമാണ് ഒബാമയുടെ സന്ദര്‍ശനത്തോടെ ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.
നരേന്ദ്രമോദിയും ബരാക് ഒബാമയും ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ രൂപം പൂണ്ട ധാരണപ്രകാരം ഇനി മുതല്‍ ആണവ ദുരന്തമുണ്ടായാല്‍ നഷ്ടം കമ്പനികളില്‍ നിന്ന് ഈടാക്കുകയില്ല. പകരം പ്ലാന്റ് നടത്തി പ്പുകാരും ഉപകരണ വിതരണക്കാരും കേന്ദ്രസര്‍ക്കാറും കൂടി ഉള്‍പ്പെട്ട ഇന്‍ഷ്വറന്‍സ് നിധിയില്‍ നിന്നാണ് നഷ്ടം നല്‍കേണ്ടത്. ഉഭയ കക്ഷി ധാരണയുടെ പൂര്‍ണ രൂപം പുറത്തുവന്നിട്ടില്ലെങ്കിലും നഷ്ടപരിഹാര ബാധ്യത, ആണവ ഉപകരണ ഭാഗങ്ങളില്‍ ചിലതിന് മാത്രമായി നിജപ്പെടുത്താനും തീരുമാനമുണ്ടെന്നാണ് വിവരം. ഇതനുസരിച്ചു ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ സിംഹ ഭാഗവും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ആണവോര്‍ജ കോര്‍പറേഷന്റെ ചുമലില്‍ വരികയും കമ്പനികളുടെ ഉത്തരവാദിത്വം നാമമാത്രമായി ചുരുങ്ങുകയും ചെയ്യും.
ആണവ അപകടങ്ങളുടെ വ്യാപ്തിയും ഭീകരതയും പ്രവചനാതീതമാണ്. ചെറിയൊരു അശ്രദ്ധയോ, അപാകതയോ മതി ഒരു പ്രദേശത്തെ മുഴുവന്‍ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടാന്‍. ഭോപ്പാല്‍ ദുരന്തത്തിന്റെ കെടുതികളില്‍ നിന്നും രാജ്യം ഇനിയും മോചിതമായിട്ടില്ല. കമ്പനികള്‍ക്കായിരിക്കണം നഷ്ടപരിഹാരത്തിന്റെ ഉത്തരവാദിത്വമെന്ന വ്യവസ്ഥ വെച്ചത് ഇതുകൊണ്ടാണ്. ബി ജെ പിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഇതര കക്ഷികളുടെ സമ്മര്‍ദം മൂലമാണ് 2010ല്‍ മന്‍മോഹന്‍സിംഗ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയതും. ഇന്‍ഷ്വറന്‍സ് നിധിയെന്ന പുകമറയില്‍ ഈ നിയമം ഭേദഗതി ചെയ്യുന്നത് വ്യക്തമായ കീഴടങ്ങലും ഇന്ത്യന്‍ ജനതയുടെ താത്പര്യങ്ങളെ പാടേ ഹനിക്കലുമാണ്.
ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു അവിചാരിതമായി ഉണ്ടായ ഒരു നയം മാറ്റമല്ല, 2009 ല്‍ ബി ജെ പി നേതൃത്വം നല്‍കിയ വാഗ്ദത്തത്തിന്റെ പൂര്‍ത്തീകരണമാണിത്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ ആണവകരാറിന്റെ കാര്യത്തില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്ന് എല്‍ കെ അഡ്വാനി ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞന് ഉറപ്പുനല്‍കിയ കാര്യം നാല് വര്‍ഷം മുമ്പ് “വിക്കിലീക്‌സ്” പുറത്തു കൊണ്ടു വന്നതാണ്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷവും വോട്ടെണ്ണലിന് തൊട്ടുമുമ്പുമായിരുന്നു ഈ കൂടിക്കാഴ്ച. ന്യൂദല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലെ പീറ്റര്‍ ബര്‍ലി 2009 മേയില്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിന്റെ പിന്‍ബലത്തോടെയാണ് “വിക്കിലീക്‌സ്” ഇത് പ്രസിദ്ധീകരിച്ചത്. ഇതെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ പാര്‍ട്ടി നേതൃത്വം അത് നിഷേധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ നയതന്ത്രജ്ഞനുമായി പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരിക്കാമെന്നും അഡ്വാനി അമേരിക്കന്‍ ദൂതനെ കണ്ടിട്ടില്ലെന്ന് പറയാനാകില്ലെന്നുമായിരുന്നു ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന ശേഷാദ്രി ചാരി അന്ന് പറഞ്ഞത്. അമേരിക്കന്‍ കമ്പനികളുമായി ആണവ സഹകരണത്തില്‍ ഏര്‍പ്പെടാനുള്ള യു പി എ സര്‍ക്കാറിന്റെ നീക്കത്തെ പാര്‍ലിമെന്റില്‍ ബി ജെ പി നഖശിഖാന്തം എതിര്‍ക്കുന്നതിനിടെയായിരുന്നു ഈ കൂടിക്കാഴ്ചയെന്നതാണ് ഏറെ വിരോധാഭാസം! രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ സംഭവവികാസങ്ങള്‍ കണക്കിലെടുത്താണ് പാര്‍ലിമെന്റില്‍ പാര്‍ട്ടി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് അഡ്വാനി യു എസ് പ്രതിനിധിയോട് കുറ്റസമ്മതം നടത്തിയിരുന്നതായും “വിക്കിലീക്‌സ്” വെളിപ്പെടുത്തുന്നുണ്ട്. എന്തൊരു രാഷ്ട്രീയാഭ്യാസം!
ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പല രാഷ്ട്രങ്ങളും ആണവോര്‍ജ പദ്ധതികളില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നതും അമേരിക്കന്‍ കുത്തകകളുടെ താത്പര്യം സംരക്ഷിക്കുന്നതുമായ ഉടമ്പടികളില്‍ നമ്മുടെ സര്‍ക്കാര്‍ ഏര്‍പ്പെടുന്നത്. സ്വന്തം ജനതയേക്കാള്‍ അമേരിക്കന്‍ കുത്തകകളോടോ സര്‍ക്കാറിന് ബാധ്യതയും കടപ്പാടും?

Latest