Connect with us

Gulf

ഏഴു വര്‍ഷമായി ബോധമറ്റ് യുവാവ് ആശുപത്രിക്കിടക്കയില്‍

Published

|

Last Updated

ഷാര്‍ജ: ഏഴു വര്‍ഷമായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലെ കട്ടിലില്‍ നിശ്ചലനായി കഴിയുന്ന സ്വദേശി യുവാവ്, കുടുംബാംഗങ്ങളുടെയും ആശുപത്രി അധികൃതരുടെയും ദുഃഖമാകുന്നു.
ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയിലാണ് 37 കാരനായ സ്വദേശി യുവാവ് കഴിഞ്ഞ ഏഴു വര്‍ഷമായി ചുറ്റുവട്ടത്ത് നടക്കുന്നതൊന്നുമറിയാതെ അബോധാവസ്ഥയില്‍ കഴിയുന്നത്.
ഷാര്‍ജ-ദൈദ് റോഡില്‍ താനോടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടാണ് യുവാവിന്റെ ബോധം നഷ്ടപ്പെട്ടത്. അപകടം സംഭവിക്കുന്നത് 30-ാം വയസിലായിരുന്നു. രാത്രി കാറില്‍ സഞ്ചരിക്കുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. അപകടം നടന്ന് അല്‍പസമയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച യുവാവ് അബോധാവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
അപകടകാരണം ശ്വാസം നിലക്കുകയും ഹൃദയ മിടിപ്പ് ദുര്‍ബലമാവുകയും ചെയ്ത യുവാവിനെ കൃത്രിമ ശ്വാസാഛോസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായി ഏഴു വര്‍ഷം വിദഗ്ധ ചികിത്സ തുടര്‍ന്നുകൊണ്ടിരുന്നിട്ടും യുവാവിന്റെ സ്ഥിതിയില്‍ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ വിദഗ്ധ ചികിത്സാര്‍ഥം യുവാവിനെ പലതവണ വിദേശങ്ങളില്‍ കൊണ്ടുപോയെങ്കിലും കുടുംബം നിരാശരായി. ചില സമയങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ വിദേശത്ത് ചികിത്സ തുടര്‍ന്നതായി കുടുംബങ്ങളും പറയുന്നു.
തീവ്ര പരിചരണ സൗകര്യങ്ങളോടെയാണ് വിദേശങ്ങളിലും ചികിത്സക്കായി കൊണ്ടുപോയതെന്നത് കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യതക്ക് കാരണമായി. അല്‍ ഖാസിമി ആശുപത്രിയിലെ പ്രഗത്ഭ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിനെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രയാസകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
തീവ്ര പരിചരണ വിഭാഗത്തില്‍ നിത്യവും തന്നെക്കാണാനെത്തുന്ന മാതാപിതാക്കളുടെയും ഭാര്യ, മക്കളുടെയും പരിചരിക്കുന്ന നഴ്‌സുമാരുടെയും സാന്നിധ്യമൊന്നുമറിയാതെ കിടക്കുന്ന യുവാവ് ഏവരുടെയും മനസിന്റെ നോവായി മാറിയിരിക്കുകയാണ്.