Connect with us

Ongoing News

ഇന്ത്യയുമായുള്ള സൗഹൃദം പുതിയ അധ്യായത്തിന്റെ തുടക്കം: ഒബാമ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്ന് ദക്ഷിണ ഡല്‍ഹിയിലെ സിരിന്‍ ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ യു എസ് എംബസി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു എസ് ഇന്ത്യയുടെ മികച്ച പങ്കാളിയാണ്. വളര്‍ച്ചയുടെ അടുത്ത കുതിപ്പില്‍ ഇന്ത്യയോടൊപ്പം അമേരിക്കയുമുണ്ടാകും. റിപ്പബ്ലിക് ദിന പരേഡില്‍ ക്ഷണിച്ചത് ബഹുമതിയായി കാണുന്നു. റിപ്ലബ്ലിക് ദിന ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡൻറ് ഞാനാണ്. എന്നാൽ ഇൗ ചടങ്ങില്‍ പങ്കെടുക്കുന്ന അവസാന യു എസ് പ്രസിഡന്റ് ഞാനാകില്ല. ഇന്ത്യക്കാരില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഇന്ത്യയുമായി സൗഹൃദം പങ്കുെവക്കാനായതിൽ അഭിമാനിക്കുന്നുവെന്നും ഒബാമ പറഞ്ഞു.

വൈവിധ്യങ്ങളായ സംസ്‌കാരങ്ങളാലും ഭാഷകളാലും സമ്പന്നമാണ് ഇന്ത്യ. ഒരു ദളിതന്‍ ഭരണഘടന തയ്യാറാക്കുകയും ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുകയും ചെയ്ത ഇന്ത്യയില്‍ ജീവിക്കുന്നത് അഭിമാനകരമാണ്. ആണവായുധങ്ങളില്ലാത്ത രാജ്യമാകണം നമ്മുടെ ലക്ഷ്യം. ആണവകരാറിലൂടെ ഇന്ത്യയെ അമേരിക്കക്ക് സഹായിക്കാനാകും.

സ്ത്രീകള്‍ കൂടുതല്‍ കരുത്തരാകുമ്പോള്‍ രാജ്യത്തിന്റെ കരുത്തും വര്‍ധിക്കും. സ്ത്രീകളെ കരുത്തരാക്കാന്‍ പിതാവും ഭര്‍ത്താവും മകനും രംഗത്ത് വരണം. ശക്തയും കഴിവുള്ളവളുമായ സ്ത്രീയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. എനിക്ക് തെറ്റ് പറ്റിയാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ മിഷേലിന് യാതൊരു ഭയവുമില്ല – ഒബാമ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ചു നില്‍ക്കും. യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഒബാമ പറഞ്ഞു.

 

 

Latest