Connect with us

National

കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ അന്തരിച്ചു

Published

|

Last Updated

പൂണെ: വരയിലൂടെ സാധാരണക്കാരന്റെ ശബ്ദമായി മാറിയ വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. വൈകിട്ട് ഏഴു മണിയോടെ പൂണെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം 17നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Common_manടൈംസ് ഓഫ് ഇന്ത്യയില്‍ അര നൂറ്റാണ്ടിലേറെ സേവനമനുഷ്ടിച്ച ലക്ഷ്മണ്‍ ദി കോമണ്‍ മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിലൂടെയാണ് ജനശ്രദ്ധ നേടിയത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഭൂരിഭാഗം കാര്‍ട്ടൂണുകളുടെയും പ്രമേയം. ടൈംസ് ഓഫ ഇന്ത്യയില്‍ തന്നെ വരച്ചിരുന്ന യു സെഡ് ഇറ്റ് എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാര്‍ട്ടൂണ്‍ കോളമായിരുന്നു.

1921ല്‍ മൈസൂരില്‍ ആണ് രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മൺ എന്ന ആര്‍.കെ. ലക്ഷ്മണ്‍ ജനിച്ചത്. ആറ് ആണ്‍കുട്ടികളില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ലക്ഷ്മണ്‍. പിതാവ് ഒരു വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകന്‍ ആയിരുന്നു. പ്രമുഖ നോവലിസ്റ്റായ ആര്‍ കെ നാരായണന്‍ സഹോദരനാണ്.

ചെറുപ്പത്തിലേ ചിത്രങ്ങളോടായിരുന്നു ലക്ഷ്മണന് താത്പര്യം. വീട്ടിലെ ചുമരുകള്‍ ക്യാന്‍വാസാക്കിയാണ് ചിത്രരചന തുടങ്ങിയത്. പിന്നീട് വിദ്യാലയത്തിലെ അദ്ധ്യാപകരുടെ രേഖാചിത്രങ്ങളും വരച്ചുതുടങ്ങി. അധ്യാപകരുടെ പ്രോത്സാഹനമാണ് വരയില്‍ തിളങ്ങാന്‍ ലക്ഷമണന് പ്രേരണയായത്. ഒരു അരയാലില വരച്ചതിനു അദ്ധ്യാപകന്‍ പ്രശംസിച്ചതിനെ തുടര്‍ന്ന് ലക്ഷ്മണ്‍ സ്വയം ഒരു വളരുന്ന കലാകാരനായി കരുതിത്തുടങ്ങി.ധ4പ ലക്ഷ്മണിന്റെ വരകളിലെ മറ്റൊരു ആദ്യകാല സ്വാധീനം ലോകപ്രശസ്ത ബ്രിട്ടീഷ് കാര്‍ട്ടൂണിസ്റ്റായ ഡേവിഡ് ലോ ആയിരുന്നു. ഇടയ്ക്കിടക്ക് ഹിന്ദു ദിനപ്പത്രത്തില്‍ ലോവിന്റെ കാര്‍ട്ടൂണുകള്‍ വരാറുണ്ടായിരുന്നു. തന്റെ വരയെ കുറിച്ച് ദ് ടണല്‍ ഓഫ് റ്റൈം എന്ന ആത്മകഥയില്‍ ലക്ഷ്മണ്‍ ഇങ്ങനെ പറയുന്നു:

Malgudiഎന്റെ ജാലകത്തിനു പുറത്തുള്ള ലോകത്തില്‍ എന്നെ ആകര്‍ഷിച്ച കാര്യങ്ങളെ ഞാന്‍ വരച്ചു ചുള്ളിക്കമ്പുകള്‍, ഇലകള്‍, പല്ലിപോലുള്ള ഇഴജന്തുക്കള്‍, വിറകുകീറുന്ന ജോലിക്കാര്‍, തീര്‍ച്ചയായും, പല പല ഭാവങ്ങളില്‍ എതിരേയുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ ഇരിക്കുന്ന കാക്കകള്‍

2005ല്‍ പത്മവിഭൂഷണും പത്മശ്രീയും ഉള്‍പ്പെടെയുള്ള പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1984ല്‍ മഗ്‌സസെ അവാര്‍ഡ് നേടിയിട്ടുണ്ട്. 2008ല്‍ സി എന്‍ എന്‍ ഐ ബി എന്നിന്റെ മാധ്യമപ്രവര്‍ത്തനത്തിനുള്ള ആജീവനാന്ത സമര്‍പ്പണത്തിനുള്ള പുരസ്‌കാരവും നേടി.

ഭരതനാട്യ നര്‍ത്തകിയായ കമലയായിരുന്നു ആദ്യ ഭാര്യ. രണ്ടാം ഭാര്യയുടെ പേരും കമല എന്ന് തന്നെ.