Connect with us

Wayanad

ഉദ്യാനഗ്രാമത്തില്‍ മണല്‍ച്ചിത്ര സൃഷ്ടിയുമായി എടഗുനി ബാബു

Published

|

Last Updated

അമ്പലവയല്‍: മിനി ഊട്ടിയെന്ന് കേരളം ഈണമിടാന്‍ തുടങ്ങിയ അമ്പലവയലിലെ ഉദ്യാന ഗ്രാമത്തില്‍ വയനാടിന്റെ വീരനായകന്‍ പഴശ്ശിരാജായുടെ മണല്‍ ച്ചിത്ര സൃഷ്ടിക്ക് കളമൊരുക്കം. വിഖ്യാത മണല്‍ ചിത്രകാരന്‍ എടക്കുനി ബാബുവാണ് മേഖലാ കാര്‍ഷിക ഗവേ ഷണ കേന്ദ്രത്തിലെ ഉദ്യാനഹൃദയത്തില്‍ പഴശ്ശിരാജായുടെ ചിത്രമെഴുതാനുളള പുറപ്പാടില്‍. ആറടി നീളവും നാലടി വീതിയുമുള്ള മണല്‍ച്ചിത്രമാണ് മനസ്സിലെന്ന് ബാബു പറഞ്ഞു.
വൈദേശികാധിപത്യത്തിനെതിരെ വയനാട്ടില്‍ പോര്‍ നയിച്ച പഴശ്ശിരാജാ ഇടത്താവ ളമാക്കിയ പുല്‍പള്ളി സീതാ കുശ-ലവ ക്ഷേത്ര പരിസരം, വീരമൃത്യുവിനു സാക്ഷ്യം വഹിച്ച മാവിലാംതോട്, ദേഹം അടക്കം ചെയ്ത മാനന്തവാടി ജില്ലാ ആശുപത്രിക്കുന്ന് എന്നിവിടങ്ങളില്‍നിന്നു ശേഖരിക്കുന്ന മണ്ണ് ഉപയോഗിച്ചായിരിക്കും ചിത്രമെഴുത്ത്. ദേശീയ കാര്‍ഷികോത്സവത്തിലും പൂപ്പൊലിയിലും അലിഞ്ഞു ചേരാനെത്തുന്ന ജനസഹസ്രങ്ങളുടെ സാന്നിധ്യത്തില്‍ ദിവസങ്ങളെടുത്ത് പഴശ്ശിയുടെ ഛായാചിത്രരചന പൂര്‍ത്തിയാക്കാനാണ് തീരൂമാനമെന്ന് ബാബു പറഞ്ഞു.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ് നാല്‍പ്പത്തഞ്ചുകാരനായ ബാബു. ഖത്തര്‍ സാസംകാരിക വകുപ്പില്‍ ചിത്രകാരനായിരുന്ന ബാബു 2005ല്‍ ജോലിയില്‍നിന്നു പിരിഞ്ഞ് നാട്ടിലെത്തിയശേഷമാണ് മണല്‍ച്ചിത്രരചനയില്‍ സജീവമായത്. 2004ല്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഇന്ത്യയില്‍ ആദ്യമായി ബാബു മണല്‍ച്ചിത്രരചന നടത്തിയത്. ഡല്‍ഹിയിയിലെ രാജ്ഭവന്‍ അങ്കണത്തില്‍നിന്നു ശേഖരിച്ച മണ്ണ് മുഖ്യ മാധ്യമമാക്കി അന്നത്തെ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍കലാമിന്റെ ചിത്രമാണ് വരച്ചത്. ഇത് 2004 ഡിസംബര്‍ 24ന് രാഷ്ട്രപതിക്ക് നേരിട്ടു സമ്മാനിച്ചത് ഇന്നും മധുരിക്കുന്ന ഓര്‍മയാണെന്ന് ബാബു പറഞ്ഞു. ഭാരതത്തിലും ഗള്‍ഫ് നാടുകളിലും സിംഗപ്പൂര്‍, മലേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലുമായി അനേകം വിശിഷ്ടവ്യക്തിത്വങ്ങളുടെ മണല്‍ച്ചിത്രങ്ങള്‍ ബാബു രചിച്ചിട്ടുണ്ട്. അതത് ദേശങ്ങളിലെ മണ്ണാണ് ചിത്രമെഴുത്തിനു പ്രയോജനപ്പെടുത്തിയത്.
സോണിയ ഗാന്ധി, ജയലളിത, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍… ഇങ്ങനെ നീളുന്നതാണ് ഇന്ത്യയില്‍ ബാബു മണല്‍ച്ചിത്രരചന നടത്തിയ പ്രമുഖരുടെ നിര.
മേഖലാ ഗവേഷണ കേന്ദ്രം അസോസിയറ്റ് ഡയറക്ടര്‍ ഡോ.പിരാജേന്ദ്രനുമായുള്ള ചങ്ങാത്തമാണ് പൂപ്പൊലി തുടങ്ങുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ബാബുവിനെ വയനാട്ടിലേക്ക് വഴിനടത്തിയത്. കാര്‍ഷികോത്സവ വേദിയുടെ പ്രധാനകവാടത്തില്‍നിന്നു സൂര്യോദ്യാനത്തിലേക്കും ചന്ദ്രോദ്യാനത്തിലേക്കുമുള്ള മണ്‍പാതയുടെ വലതുവശത്ത് ബാബു മണലില്‍ വരഞ്ഞിട്ടതാണ് പൂപ്പൊലി ലോഗോ. പത്തടി നീളവും അത്രതന്നെ വീതിയുമാണിതിന്. വിവിധനിറങ്ങളിലുള്ള വെണ്ണക്കല്ലുകളുടെ പൊടി ചേര്‍ത്തായിരുന്നു ലോഗോയില്‍ വര്‍ണച്ചാര്‍ത്ത്. സൃഷ്ടികളില്‍ വ്യത്യസ്തത വേണമെന്ന മനസ്സിന്റെ അഭിലാഷമാണ് മണല്‍ച്ചിത്രരചനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പ്രചോദനമായതെന്ന് ഇതിനകം ജീവന്‍തുടിക്കുന്ന നൂറിലധികം ചിത്രങ്ങളുടെ സൃഷ്ടി നടത്തിയ ബാബു വെളിപ്പെടുത്തി. “മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് തന്റെ ഓരോ മണല്‍ച്ചിത്രവും. പ്രകൃതിയുടെ ഭാഗം തന്നെയാണ് എന്റെ ചിത്രങ്ങള്‍. പ്രകൃതിയുടെ കലാസൃഷ്ടികളില്‍ ഒന്നാണ് പൂക്കള്‍. ആ പൂക്കള്‍ വിരിയുന്ന മണ്ണുകൊണ്ടാണ് തന്റെ കലോപാസന”-ബാബു പറഞ്ഞു.

Latest