Connect with us

Malappuram

റേഷന്‍ കാര്‍ഡ് പുതുക്കല്‍: അപേക്ഷയില്‍ 'ഉണ്ട്'എന്നെഴുതാന്‍ ഒന്നുമില്ലാതെ ചേനപ്പാടി ആദിവാസികള്‍

Published

|

Last Updated

കാളികാവ്: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷകളിലെ കോളങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉണ്ട് എന്നെഴുതാന്‍ ഒന്നുമില്ലാതെ ചേനപ്പാടി ആദിവാസികള്‍. കോളനിക്കാര്‍ക്ക് സ്വന്തമായി വീടോ, വീട് വെക്കുന്നതിനുള്ള സ്ഥലമോ ഇല്ല. അഭയാര്‍ഥികളായി കഴിയുന്ന കുടുംബങ്ങള്‍ക്ക് പ്രാഥമിക കര്‍മ ങ്ങള്‍ നിറവേറ്റാന്‍ പോലും കക്കൂസുകള്‍ ഇല്ല. സ്ഥിരമായി ഒരു ജോലിയും ചേനപ്പാടിക്കാര്‍ക്കില്ല. കാടിനുള്ളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ മൂന്ന് പേരുടെ കാര്‍ഡ് ദാരിദ്ര്യ രേഖക്ക് മുകളിലാണെന്നതും ചേനപ്പാടിക്കാരുടെ പ്രത്യേകതയാണ്.
വീട് വൈദ്യുതീകരിച്ചി്ട്ടുണ്ടോ, ജോലി, വരുമാനം, ബി പി എല്‍ ലിസ്റ്റില്‍ പെട്ടിട്ടുണ്ടോ, ആദായ നികുതി അടക്കുന്നുണ്ടോ, നാലോ അധിലധികമോ ചക്രങ്ങളുള്ള വാഹനം ഉണ്ടോ, ആകെയുള്ള ഭൂമിയുടെ അളവ്, കുടിവെള്ളം ലഭ്യമാണോ, ഏതെങ്കിലും കുടിവെള്ള പദ്ധതിയുടെ കണ്ക്ഷന്‍ ഉണ്ടോ, വെള്ളം ലഭിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ കണ്‍സ്യൂമര്‍ നമ്പര്‍, ഗ്യാസ് കണക്ഷന്‍, സിലിന്‍ഡറുകളുടെ എണ്ണം, കണ്‍സ്യൂമര്‍ നമ്പര്‍, കമ്പനി, 500 ചതുരശ്ര മീറ്ററില്‍ കുടിവെള്ളം ലഭ്യമാണോ, തുടങ്ങി എല്ലാ ചോദ്യങ്ങള്‍ക്കും “ഇല്ല” എന്ന ഒരു ഉത്തരം മാത്രമാണ് നല്‍കേണ്ടത്.
എങ്കിലും ഇവരില്‍ ചിലര്‍ എ പി എല്‍ കാര്‍ഡ് ഉടമകളാണ്. ഇവരുടെ വരുമനം വളരെ ഉയര്‍ന്നതും ആണ്. മരം വീണ് പരുക്കേറ്റ് കലിന്റെ തുടയെല്ലുകള്‍ തകരുകരുകയും നെട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്ത ശ്രീനിവാസന്‍, ശശി, കണ്ണന്‍ എന്നിവരുടെ റേഷന്‍ കാര്‍ഡുകളാണ് ദാരിദ്ര്യ രേഖക്ക് മുകളിലുള്ളത്. ശ്രീനിക്ക് പ്രതിമാസ വരുമാനം 700 രൂപ, ശശിക്ക് 600 രൂപ, കണ്ണന് 1750 ഉം. കാളികാവിലേയും ചോക്കാടിലേയും പരിസരങ്ങളില്‍ താമസിക്കുന്ന വളരെ കുറച്ച് ആളുകളുടെ റേഷന്‍ കാര്‍ഡിലെ വരുമാനം മാത്രമാണ് 500 രൂപക്ക് മുകളിലുള്ളത്. എന്നാല്‍ വനത്തില്‍ കഴിഞ്ഞിരുന്ന ആദിവാസികള്‍ക്ക് വിദ്യാഭ്യാസമില്ലാത്തതിനാല്‍ അധികൃതര്‍ കാട്ടിയ ക്രൂരതകളാണ് റേഷന്‍ കാര്‍ഡും ദാരിദ്ര്യ രേഖക്ക് മുകളിലാകാന്‍ കാരണം.

Latest