Connect with us

Kozhikode

വനിതാ യുവസംരംഭകര്‍ക്ക് സഹായം നല്‍കും: മന്ത്രി മുനീര്‍

Published

|

Last Updated

കോഴിക്കോട്: വനിതാ യുവസംരംഭകര്‍ക്ക് വനിതാ വികസന കോര്‍പറേഷന്‍ വഴി തടസ്സങ്ങളില്ലാതെ സഹായം നല്‍കാന്‍ സവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍. തൊഴില്‍ അന്വേഷകരെക്കാള്‍ തൊഴില്‍ ദാതാക്കളെ വര്‍ധിപ്പിക്കാനുളള സാഹചര്യം കേരളത്തിലുണ്ട്. ജന്റര്‍ പാര്‍ക്ക് കേന്ദ്രീകരിച്ചുകൊണ്ട് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് സംരംഭക വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. കേരളത്തിലെ യുവജനങ്ങളുടെ മാനവ വിഭവശേഷി ഇന്ത്യയുടെ വളര്‍ച്ചക്ക് വന്‍പ്രാധാന്യം നല്‍കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ സംരംഭകത്വ വികസന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനക്ഷേമ ബോര്‍ഡ് എക്‌സ്‌പെര്‍ട്ട് മെമ്പര്‍ സി കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. വി എസ് സുകുമാരന്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ റിഷില്‍ ബാബു സംസാരിച്ചു. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ഒ ശരണ്യ സ്വാഗതവും എന്‍ എസ് എസ് ടെക്‌നിക് സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ എ സലീം, സി എച്ച് മുഹമ്മദ് ഗദ്ദാഫി, റാഖിബ് റഷീദ്, ആര്‍ അജിത്ത് കുമാര്‍, എസ് അരുണ്‍, വി എസ് സുകുമാരന്‍, എ ജി അലിറിസ ക്ലാസെടുത്തു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നിന്നുളള 800 ഓളം പേരാണ് സെമിനാറില്‍ പങ്കെടുത്തത്. സെമിനാറില്‍ 200 പ്രോജക്ടുകള്‍ പ്രതിനിധികള്‍ സമര്‍പ്പിച്ചു. ആതുര സേവന രംഗത്ത് നൂതന ആശയമായ ഡോക് ഡെസ്‌ക് എന്ന സോഫ്റ്റ് വെയര്‍ പ്രകാശനവും മന്ത്രി മുനീര്‍ നിര്‍വഹിച്ചു.

Latest