Connect with us

Kozhikode

ബൈക്കിലെത്തി മാല പൊട്ടിക്കല്‍: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. മാറാട് തലക്കലകത്ത് വീട്ടില്‍ ഫൈജാസ് (19), കൊളത്തറ റജിനാസ് ഹൗസില്‍ ആഷിഖ് അലി (20), മാറാട് ചെട്ടിയാന്‍കണ്ടി പറമ്പ് മുഹമ്മദ് ശരീഫ് (20) എന്നിവരെയാണ് ടൗണ്‍ സി ഐ. ടി കെ അശ്‌റഫും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

കവര്‍ന്ന മാല വില്‍ക്കാന്‍ കമ്മത്ത്‌ലൈനിലെത്തിയ പ്രതികളെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ട് മാസത്തിനിടെ പതിനഞ്ച് സ്ത്രീകളുടെ മാല പിടിച്ചുപറിച്ചതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മാലകളില്‍ രണ്ടെണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു ബൈക്കും പിടിച്ചെടുത്തു.
വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ മാല പിടിച്ചുപറി അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നിര്‍ദേശപ്രകാരം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ബാബുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിരുന്നു. ജ്വല്ലറികളില്‍ സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരെയും ബൈക്കുകളില്‍ ചുറ്റിക്കറങ്ങുന്ന യുവാക്കളെയും കേന്ദ്രീകരിച്ചായിരുന്നു സ്‌ക്വാഡിന്റെ പ്രധാന അന്വേഷണം. ഇതില്‍ ലഭിച്ച സൂചനപ്രകാരമാണ് മൂന്ന് പേരെ പിടികൂടാനായതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സഹായികളെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
അതിരാവിലെ ക്ഷേത്രദര്‍ശനത്തിനു പോകുന്ന സ്ത്രീകളാണ് പ്രധാന ഇരകള്‍. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോകുന്ന സ്ത്രീകളെയും വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞു തനിച്ചുമടങ്ങുന്ന സ്ത്രീകളെയും ഇവര്‍ ലക്ഷ്യം വെക്കാറുണ്ട്. തൂക്കം കൂടുതലുണ്ടാകുമെന്നതിനാല്‍ താലിമാലകളോടാണ് പ്രിയം. പിടിച്ചുപറിക്കിടെ അക്രമം നടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വീഴുന്ന സ്ത്രീകളെ അടിച്ചുപരിക്കേല്‍പ്പിച്ചാണ് മാല പൊട്ടിക്കാറെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു.
വാടകക്കെടുക്കുന്ന ബൈക്കുകളാണ് പിടിച്ചുപറിക്കായി ഉപയോഗിച്ചിരുന്നത്. നമ്പര്‍ മാറ്റി ഉപയോഗിക്കുന്ന ബൈക്കുകള്‍ കൃത്യത്തിനു ശേഷം ആശുപത്രി കോമ്പൗണ്ടിലോ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്തോ ഉപേക്ഷിക്കും. ബൈക്കുകള്‍ വാടകക്കു നല്‍കിയവരെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനുപയോഗിക്കുകയാണ് പ്രതികളുടെ രീതി. ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ പോയി മദ്യവും മയക്കുമരുന്നുമുപയോഗിക്കും. കവര്‍ച്ചക്കിറങ്ങുന്നതിനു മുമ്പായും ഇവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണം വില്‍ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, ടി പി ബിജു, കെ ആര്‍ രാജേഷ്, എം വി അനീഷ്, കെ ഷജുല്‍, ടൗണ്‍ സി ഐ ഓഫീസിലെ എസ് ഐ പ്രിയന്‍ബാബു, സാബുനാഥ്, സജി ഷിനോബ്, പ്രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Latest