Connect with us

International

ബന്ദിയെ വധിക്കുന്ന വീഡിയോ ആധികാരികമാകാം: ജപ്പാന്‍

Published

|

Last Updated

ടോക്യോ: ഇസില്‍ തീവ്രവാദികള്‍ പുറത്തുവിട്ട വീഡിയോ ആധികാരികമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി. വിശദമായ പരിശോധനകള്‍ക്കൊടുവില്‍ ഇതിന്റെ ആധികാരികത ഉറപ്പിക്കാവുന്നതാണെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കൊല്ലപ്പെട്ട ബന്ദിയുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന വേദനയും ദുഃഖവും തനിക്ക് മനസ്സിലാകും. ഇതുസംബന്ധിച്ച് പറയാന്‍ വാക്കുകള്‍ ഇല്ല. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ അതിരുകടക്കുന്നതും അനുവദിക്കാനാവാത്തതുമാണ്. ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ഇത്തരം സംഭവങ്ങള്‍ പ്രചോദനം പകരുന്നു. ഭീകരരുടെ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് ആബെ ചൂണ്ടിക്കാട്ടി. വീഡിയോയെ കുറിച്ചുള്ള വിശദമായ പരിശോധനകള്‍ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇസില്‍ ഭീകരവാദികള്‍ ജപ്പാന്‍ ബന്ദിയെ കൊലപ്പെടുത്തിയ ദൃശ്യമുള്ള വീഡിയോ പുറത്തുവിട്ടിരുന്നത്. ഹരൂണ യുകാവ എന്ന കൊല്ലപ്പെട്ട ബന്ദിയുടെ മൃതദേഹത്തിന്റെ ഫോട്ടോ മറ്റൊരു ബന്ദിയായ കെന്‍ജി ഗോട്ടോയുടെ കൈവശം നല്‍കി പ്രദര്‍ശിപ്പിക്കുന്ന ഭാഗം വീഡിയോയില്‍ ഉണ്ടായിരുന്നു. 20 കോടി ഡോളറാണ് നഷ്ടപരിഹാരമായി ഇസില്‍ ആവശ്യപ്പെട്ടിരുന്നത്. അല്ലെങ്കില്‍ 72 മണിക്കൂറിനകം ബന്ദികളെ കൊലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റൊരു ബന്ദിയായ കെന്‍ജി ഗോട്ടോയുടെ ജീവന് പകരമായി തങ്ങളുടെ സംഘത്തില്‍പ്പെട്ട ഒരു തീവ്രവാദി സ്ത്രീയെ തിരിച്ചുനല്‍കണമെന്നും ഇവര്‍ ആവശ്യം മുന്നോട്ടുവെക്കുന്നു. ബന്ദികളെ കൊലപ്പെടുത്തിയ ഇസില്‍ നടപടിയെ അമേരിക്ക ശക്തമായി വിമര്‍ശിച്ചിരുന്നു.
അതേസമയം, തീവ്രവാദവുമായുള്ള ഒരിടപാട് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണെന്നതിനാല്‍ പുതിയ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇസിലുമായി ഇടപാടുകള്‍ എളുപ്പമല്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് ലേബര്‍ ഡമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ സദാകാസു ടാന്‍ഗാകി പറഞ്ഞു.
പുതിയ സംഭവ വികാസങ്ങളില്‍ താന്‍ അതീവ ദുഖിതനാണെന്ന് കൊല്ലപ്പെട്ടതായി പറയുന്ന ഹരൂണ യുകാവായുടെ പിതാവ് ഷോയ്ചി യുവാക്വ പറഞ്ഞു. ഗോട്ടോയുടെ മാതാവ് വെള്ളിഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ മകനെ മോചിപ്പിക്കണമെന്ന് യാചിച്ചിരുന്നു. അവന്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ ശത്രുവല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മകന്റെ മോചനത്തിന് ശ്രമിക്കാന്‍ ജപ്പാന്‍ സര്‍ക്കാറിനോട് അവര്‍ ആവശ്യപ്പെടുകയുമുണ്ടായി.

Latest