Connect with us

Kerala

ശിശു മരണങ്ങളൊഴിവാക്കാന്‍ പദ്ധതികളൊന്നും നടപ്പാക്കിയില്ല: വിവരാവകാശ രേഖ

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരിച്ച് കൊണ്ടിരിക്കുമ്പോഴും ശിശുമരങ്ങളൊഴിവാക്കാന്‍ പദ്ധതികളൊന്നും പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കിയില്ല. വിവരാവകാശ രേഖയിലൂടെ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ആരംഭിച്ച ഭൂമി വിലക്ക് വാങ്ങി നല്‍കല്‍ പദ്ധതിയും ആദിവാസികള്‍ക്ക് ഗുണം ചെയ്തില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 44 ശിശു മരണങ്ങളാണ് അട്ടപ്പാടിയിലുണ്ടായത്. 2013 ല്‍ 31 കുഞ്ഞുങ്ങളാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചമുമ്പ് ഇരട്ടകളായ നവജാത ശിശുക്കളും മരിച്ചു. ശിശുമരണങ്ങള്‍ വലിയ വിവാദമാകുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ നിരന്തരം വാഗ്ദാനാങ്ങള്‍ നല്‍കാറുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കാറില്ല. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 96 ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂമിവാങ്ങി നല്‍കല്‍ പദ്ധതിയിലും പട്ടിക വര്‍ഗക്കാരെ വഞ്ചിച്ചതായുള്ള രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷോളയൂര്‍ കോഴിക്കൂടം ഊരിലെ സാലി എന്ന ആദിവാസിക്ക് മാത്രമാണ് ഒരേക്കര്‍ ഭൂമി വാങ്ങി നല്‍കിയിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗക്കാരായ 111 അവിവാഹിതരായ അമ്മമാരാണ് ആദിവാസി ഊരുകളിലുള്ളത്. ഇവരുടെ സമഗ്ര ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. 54 പേര്‍ക്ക് ഭവനനിര്‍മാണ സഹായം നല്‍കി. 40 പേര്‍ക്ക് പശു വളര്‍ത്തലിനും 43 പേര്‍ക്ക് ആട് വളര്‍ത്തലിനുമുള്ള ധനസഹായം വിതരണം ചെയ്തതിലും മാത്രമായി ഒതുക്കിയിരിക്കുകയാണ് ക്ഷേമപ്രവര്‍ത്തനം.
നിര്‍ധനരായ ആദിവാസി യുവതികളുടെ വിവാഹ ധനസഹായം നല്‍കുന്നതിലും സര്‍ക്കാര്‍ വലിയ അനാസ്ഥയാണ് കാണിക്കുന്നത്. 2013 ല്‍ ആറ് പേര്‍ക്കും 2014 ല്‍ അഞ്ച് പേര്‍ക്കും മാത്രമാണ് തുക വിതരണം ചെയ്തത്. ആദിവാസി ക്ഷേമത്തിനായി തുക മാറ്റിവെക്കുമെന്ന് മന്ത്രിമാര്‍ പറയുമ്പോള്‍ തന്നെയാണ് അവഗണനയുടെ തെളിവ് വിവരാവകാശ രേഖയായി പുറത്തുവരുന്നത്. 2013 ല്‍ ശിശുമരണം വിവാദമായതോടെ മന്ത്രി കെ സി ജോസഫും മന്ത്രി പി കെ ജയലക്ഷ്മിയും അട്ടപ്പാടി സന്ദര്‍ശിക്കുകയും ഏഴ് കാര്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ജനപ്രതിനിധികളുടെ സമിതി രൂപവത്കരിച്ച് കേന്ദ്ര, സംസ്ഥാന പാക്കേജ് അവലോകനം ചെയ്യുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. ഇതില്‍ സമിതി രൂപവത്കരിച്ച് ആദ്യയോഗം കഴിഞ്ഞ മാസം ചേരുകയും ചെയ്തു. തുടര്‍ന്ന് എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച സമിതിയുടെ അവലോകന യോഗവുമുണ്ടാകും. അട്ടപ്പാടിയുടെ ചുമതല ഐ എ എസ് ഓഫീസറെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. ഒറ്റപ്പാലം സബ് കലക്ടറെ അതിനു ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നടപ്പായത് ഈ രണ്ട് കാര്യങ്ങള്‍ മാത്രമാണ്. ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിഹരിക്കാനും ഊരുകളില്‍ ശുദ്ധജലം എത്തിക്കാനുമുള്ള കാര്യങ്ങളിലൊന്നും തീരുമാനമായില്ല. രണ്ട് വര്‍ഷംമുമ്പ് നടത്തിയ പഠനങ്ങളിലെല്ലാം ആദിവാസികള്‍ നേരിടുന്ന ശുദ്ധജല ക്ഷാമത്തെപ്പറ്റി വിശദമാക്കുന്നുണ്ട്. 70 ശതമാനം ഊരുകളിലും ശുദ്ധജലമില്ല. ഇത് ആദിവാസി ജനസംഖ്യയുടെ 90ശതമാനം വരും. ശുദ്ധജലത്തിന്റെ അഭാവം ആദിവാസികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജനുവരിയുടെ തുടക്കത്തില്‍തന്നെ രൂക്ഷമായ ജലക്ഷാമത്തിലേക്കാണ് അട്ടപ്പാടി നീങ്ങുന്നത്. ഭവാനി, ശിരുവാണി നദികളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ആദിവാസികളുടെ പരമ്പരാഗത കൃഷിവികസനത്തിനും സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ല. ആദിവാസിക്ക് ഭൂമി വീണ്ടെടുത്തുനല്‍കുമെന്ന വാഗ്ദാനവും കടലാസില്‍ തന്നെയാണ്. ആദിവാസികളെ സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നതിനെതിരെ അട്ടപ്പാടിയിലെ മവോയിസ്റ്റുകള്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൈലന്റ് വാലിയില്‍ മവോയിസ്റ്റുകള്‍ വനംവകുപ്പ് ഓഫീസ് അക്രമിക്കുകയും ചെയ്തു. ഇതിനെതിരയും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

Latest