Connect with us

Articles

പരിസ്ഥിതി പ്രവര്‍ത്തനം കോടഞ്ചേരിയിലെത്തുമ്പോള്‍

Published

|

Last Updated

പശ്ചിമഘട്ട മലനിരകള്‍ ലോകത്തെ അതിതീവ്ര ജൈവവൈവിധ്യ മേഖലകളില്‍ (Hottest Biodiverstiy Hotspots) ഒന്നാണ്. പശ്ചിമഘട്ടത്തിന്റെ തനതായ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. വ്യത്യസ്ത ആവാസവ്യവസ്ഥകളുടെ ഈറ്റില്ലമായ പശ്ചിമഘട്ടത്തിനു ആഘാതമേല്‍പ്പിക്കുന്നരീതിയില്‍ മാനുഷിക ഇടപെടലുകള്‍ വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍, പ്രൊഫ.മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി പശ്ചിമഘട്ട വിദഗ്ധ സമിതിയെ നിയമിച്ചത്. പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തി രേഖപ്പെടുത്തി വിജ്ഞാപനം ചെയ്യുക, ജനപങ്കാളിത്തത്തോടെ പശ്ചിമഘട്ടം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ശുപാര്‍ശകള്‍ നല്‍കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഈ കമ്മിറ്റി രൂപവത്കരിച്ചത്. 2011 ആഗസ്റ്റില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പശ്ചിമഘട്ട മേഖലയെ പരിസ്ഥിതിയുടെ ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് ESZ 1, ESZ 2, ESZ 3 എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച് ഓരോ വിഭാഗത്തിലും വ്യത്യസ്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികള്‍ ഉയര്‍ന്നതോടെ കേന്ദ്ര ഗവണ്‍മെന്റ്, ഈ സമിതിയുടെ ശുപാര്‍ശകള്‍ പുനരവലോകനം ചെയ്യുന്നതിനും ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ഡോ കെ കസ്തൂരി രംഗന്‍ അധ്യക്ഷനായി ഒരു ഉന്നതതല പ്രവര്‍ത്തക സമിതിയെ നിയമിച്ചു. പരിസ്ഥിതി, ജൈവ വൈവിധ്യം എന്നിവയുടെ സംരക്ഷണത്തോടൊപ്പം ഇവിടെ പരമ്പരാഗതമായി കഴിയുന്ന ജനസമൂഹത്തിന്റെ, താത്പര്യങ്ങള്‍കൂടി സംരക്ഷിക്കുംവിധമുള്ള സമന്വയപരമായ സമീപനം സ്വീകരിക്കാനാണ് ഗവണ്‍മെന്റ് ആ കമ്മിറ്റി യോട് ആവശ്യപ്പെട്ടത്.
കസ്തൂരിരംഗന്‍ കമ്മിറ്റി 2013 ഏപ്രില്‍ 15ന് ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പശ്ചിമഘട്ടത്തിലെ 40 ശതമാനത്തോളം വരുന്ന പ്രദേശം ESA (Ecologically Sensitive Area) ആയി വേര്‍തിരിച്ച് സംരക്ഷിക്കാനായിരുന്നു ഇതിലെ പ്രധാന ശുപാര്‍ശ. കേരളത്തിലെ 123 വില്ലേജുകളാണ് ഇങ്ങനെ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദേശിച്ചത്.
മുഴുവന്‍ പശ്ചിമഘട്ടത്തെയും മൂന്ന് വിഭാഗത്തിലുള്ള പരിസ്ഥിതിലോല പ്രദേശമായി ഗാഡ്ഗില്‍ കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍, പശ്ചിമഘട്ടത്തിന്റെ 40 ശതമാനം ഭാഗമാണ് പരിസ്ഥിതിലോലമായികരുതി സംരക്ഷിക്കേണ്ടത് എന്നാണു കസ്തുരി രംഗന്‍ കണ്ടെത്തിയത്. പശ്ചിമഘട്ടത്തെ “Natural Landscape”, “Cultural Landscape” എന്ന് രണ്ടായി വിഭജിച്ചു. വനങ്ങളും സംരക്ഷിതപ്രദേശങ്ങളും വനങ്ങള്‍ പോലെ സംരക്ഷിക്കപ്പെടേണ്ട മറ്റ്പ്രദേശങ്ങളുമാണ്””Natural Landscape”. അതുപോലെ ജനാധിവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഉള്‍പ്പെടുന്നതാണ്” Cultural Landscape.
ഒരു വില്ലേജിലെ 20 ശതമാനം പ്രദേശമെങ്കിലും പരിസ്ഥിതിലോലമായി കണ്ടാല്‍, ആ വില്ലേജിനെ മുഴുവനായി പരിസ്ഥിതി ലോലമായി കരുതുക എന്ന നയമാണ് കസ്തൂരി രംഗന്‍ സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി അവിടുത്തെ Natural Landscapeന്റെ വിസ്തൃതിയെക്കാള്‍ കുറവാണ്. പക്ഷേ കേരളത്തില്‍ മാത്രം Natural Landscapeന്റെ വിസ്തീര്‍ണത്തെക്കാള്‍ കൂടുതലാണ് പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തൃതി. അപ്പോള്‍, ജനവാസകേന്ദ്രവും കൃഷിസ്ഥലവും ഉള്‍പ്പെടുന്ന Cultural Landscape ന്റെ ഒരു ഭാഗം പരിസ്ഥിതിലോലമായി കണക്കാക്കപ്പെട്ടിരിക്കുന്നു എന്നര്‍ഥം. ഇതിനിടയില്‍ 13.11.2013ലും 16.11.2013ലും കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്ന ഓരോ ഓഫീസ് ഉത്തരവുകള്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ചു.
ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി തെരുവിലിറങ്ങി… മലയോരങ്ങളില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടായി. ലോക മഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാനായി സര്‍ക്കാര്‍ “ഗ്രോ മോര്‍ ഫുഡ്” എന്ന പദ്ധതി കൊണ്ടുവന്നു. അദ്ധ്വാനിക്കാന്‍ സന്നദ്ധരായവരെഹൈറേഞ്ചിലേക്ക് ചെന്ന് കൃഷി ചെയ്യാന്‍ ഭരണകൂടം പ്രേരിപ്പിച്ചു. അവര്‍ അവിടെയെത്തി കരനെല്ലും കിഴങ്ങുവര്‍ഗങ്ങളും സമൃദ്ധമായി വിളയിച്ച് ക്ഷാമം ഒഴിവാക്കി. 1950-കളില്‍ സര്‍ക്കാര്‍ തന്നെ ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ വീതം ഭൂമി നല്‍കി ഹൈറേഞ്ചിലേക്ക് കുടിയേറാന്‍ പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ അധികൃതരുടെ അനുവാദത്തോടെയും പ്രോത്സാഹനത്തോടെയും കുടിയേറിയവരാണ് ഇന്നിവിടെയുള്ള ജനങ്ങളില്‍ ഭൂരിപക്ഷവും. ആദ്യകാലങ്ങളില്‍ പ്രതികൂലകാലാവസ്ഥയോടും ചുറ്റുപാടുകളോടും മല്ലിട്ടാണ് കര്‍ഷകര്‍ ഈ മലയോരപ്രദേശങ്ങളെ കറുത്തപൊന്നും മറ്റും വിളയുന്ന കൃഷിത്തോട്ടങ്ങളാക്കി മാറ്റിയത്. ഈ പ്രദേശങ്ങള്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിത സന്ധാരണ വഴികളും വികസനവും തടയപ്പെടുമെന്ന ന്യായമായ ശങ്കയായിരുന്നു അവരെ സമര മുഖങ്ങളിലേക്ക് നയിച്ചത്..
ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തില്‍ മൂന്നംഗ വിദഗ്ധ സമിതിക്കു രൂപം നല്‍കിയത്. പരിസ്ഥിതി-വനംമന്ത്രാലയത്തിന്റെ കരട് വിജ്ഞാപനവും ശുപാര്‍ശകളും വിശദമായി പഠിച്ച്, റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ബാധിക്കുന്ന സംസ്ഥാനത്തെ 123 വില്ലേജുകളിലെ ജനപ്രതിനിധികള്‍, ഈ വിഷയത്തില്‍ രൂപവത്കരിക്കപ്പെട്ടിട്ടുള്ള ജനകീയ സമിതികള്‍, പരിസ്ഥിതി സംഘടനകള്‍, കര്‍ഷക സംഘടനകള്‍ എന്നിവയുടെ ഇത് സംബന്ധിച്ച അഭിപ്രായം അറിഞ്ഞ്, അവ കൂടി പരിഗണിച്ച് കരട് വിജ്ഞാപനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് കേ ന്ദ്രസര്‍ക്കാറിനെ അറിയിക്കാനുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രൂപവത്കരിക്കുന്നതിനാവശ്യമായ വിശദമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്.
“കസ്തൂരിരംഗന്‍ കമ്മിറ്റി, ഒരു വില്ലേജിലെ പരിസ്ഥിതിലോല പ്രദേശം ആ വില്ലേജിന്റെ 20 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ആ വില്ലേജിനെ മുഴുവന്‍ പരിസ്ഥിതിദുര്‍ബലമായി കരുതി. അപ്പോള്‍, ശേഷിക്കുന്ന 80 ശതമാനം പ്രദേശവും നഗരവത്കൃതമാണെങ്കില്‍പ്പോലും ആ വില്ലേജ് മുഴുവന്‍ പരിസ്ഥിതിലോലമാണെന്ന് നിര്‍ണയിക്കുന്നത് ന്യായീകരിക്കാന്‍ പ്രയാസമാണ്.
E.S.Aയില്‍ ഉള്‍പ്പെട്ടി രിക്കുന്ന 123 വില്ലേജുകളില്‍ തത്സ്ഥിതി പരിശോധിച്ച് ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും മാത്രം E S Aയില്‍നിന്നും ഒഴിവാക്കുക; 123 വില്ലേജുകളിലുള്ള വനവും സംരക്ഷിതമേഖലയും സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിതിലോല പ്രദേശങ്ങളും സംരക്ഷണം ഉറപ്പുവരുത്താനായി E.S.Aയില്‍ ഉള്‍പ്പെടുത്തുക. വന മേഖലയും ജനവാസ കേന്ദ്രങ്ങളും വേര്‍തിരിക്കാനായി കസ്തൂരിരംഗന്‍ കമ്മിറ്റി ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള Remote sensing te chnique ആണ് ഉപയോഗിച്ചത്. റിമോട്ട് സെന്‍സിംഗില്‍ പലപ്പോഴും കാപ്പിത്തോട്ടമോ ഏലത്തോട്ടമോ കാടുപോലെ തോന്നിപ്പിക്കുമെന്നും അങ്ങനെ””Natural Landscape”ന്റെ ഭാഗമായി കരുതാനിടയുണ്ടെന്നും കസ്തൂരിരംഗന്‍ കമ്മിറ്റിറിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നുണ്ട്. അതിനാല്‍ കസ്തൂരിരംഗന്‍ കമ്മിറ്റി പരിസ്ഥിതിലോല പ്രദേശങ്ങളായി കണ്ടെത്തിയ 123 വില്ലേജുകളിലും ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയ പരിസ്ഥിതിവിലോല സോണ്‍ 1, 2 എന്നിവയില്‍ ഉള്‍പ്പെടുന്ന നൂറ്റി ഇരുപതോളം പഞ്ചായത്തുകളിലും Physical Verification ഒരേസമയത്തില്‍ ചെയ്തു തീര്‍ക്കുക” തുടങ്ങിയ ശുപാര്‍ശകളാണ് ഉമ്മന്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഡോ. ഉമ്മന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ മുന്നില്‍ വെച്ച് കേരള സര്‍ക്കാര്‍ കേന്ദ്രത്തിനു മുന്നില്‍ സംസ്ഥാനത്തിന്റെ ആശങ്കകളും നിര്‍ദേശങ്ങളും അറിയിച്ചു. ഇതിന്റെ ഫലമെന്നോണം 2014 മാര്‍ച്ച് 10 നു കസ്തൂരിരംഗന്‍ കരടു വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇതോടെ കേരളത്തിലെ 3114.3 ച. കി. മീ. പ്രദേശം പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. കൃഷിയിടങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍, തോട്ടം മേഖലകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പരിസ്ഥിതി ലോല മേഖല 13108 ച. തു. കി. മീ. ആയിരുന്നത് കരടുവിജ്ഞാപനത്തിനുശേഷം 9993.7 ച തു കി മീ ആയി ചുരുങ്ങി. ഇതില്‍ 9107 ച. തു. കി. മീ. വന മേഖലയാണ്. ശേഷിക്കുന്ന 886.7 ച. തു. കി. മീ. മാത്രമാണ് വനേതര മേഖല.
ഇതോടെ മലയോര പ്രദേശങ്ങളില്‍ നിന്നും ആശങ്കയുടെ കാര്‍മേഘങ്ങള്‍ അകന്നു. ജനകീയസമരങ്ങള്‍ അവസാനിച്ചു. കുടിയേറ്റ കര്‍ഷക ജനത അവരുടെ ജീവിത വ്യവഹാരങ്ങളിലേക്ക് തിരിച്ചുപോയി. പക്ഷേ…
ഇതിനിടയിലാണ് വടകരയില്‍ നിന്നും “പരിസ്ഥിതി പ്രേമികളായ” രണ്ട് അഭിഭാഷകര്‍ ചേര്‍ന്ന് ചെന്നൈയിലെ ഹരിത ട്രിബ്യൂണലില്‍ ഒരു പരാതി നല്‍കുന്നത്. പരാതിയില്‍ ഈ പരിസ്ഥിതി പ്രേമികള്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യം ഇതാണ്: “വയനാട് വന്യ ജീവി സങ്കേതത്തോട് അടുത്തു കിടക്കുന്നതും ലോക പൈതൃകമായി പ്രഖ്യാപിച്ച പശ്ചിമഘട്ടത്തെ തൊട്ടുരുമ്മി കിടക്കുന്ന വിലമതിക്കാനാവാത്ത ജൈവ സാന്നിധ്യവും അതീവ പരിസ്ഥിതി ദുര്‍ബലവും അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതുമായ മേഖലയാണെന്ന് പ്രൊഫ. ഗാഡ്ഗില്‍ കമ്മിറ്റി, ഡോ. കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ചതുമായ കോടഞ്ചേരി വില്ലേജിലെ 125 ഓളം ഏക്കര്‍ ഭൂമിയില്‍ ആരംഭിച്ച മര്‍കസ് നോളെജ് സിറ്റി നിര്‍മാണം നിര്‍ത്തിവെക്കണമെന്നും, നിര്‍മ്മാണത്തിലൂടെ പരിസ്ഥിതിക്കുണ്ടായ ആഘാതം തിട്ടപ്പെടുത്തുകയും ആ ഭീമമായ നഷ്ടം നോളെജ് സിറ്റി ഭാരവാഹികളില്‍ നിന്നും ഈടാക്കുകയും ചെയ്യുക.”
ഇതിനു പരിഹാരമായി വടകരയിലെ പരിസ്ഥിതി പ്രേമികള്‍ നിര്‍ദേശിക്കുന്ന പരിഹാരം ഇതാണ്; “മര്‍കസ് നോളെജ് സിറ്റി നിര്‍മിക്കുന്ന സ്ഥലത്തെ വിലമതിക്കാനാവാത്ത ജൈവ സാന്നിധ്യം പരിഗണിച്ച് നിര്‍മാണ പ്രദേശമടക്കമുള്ള സ്ഥലം 1972ലെ വന്യ ജീവി സംരക്ഷണത്തിലെ 18-ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത് വയനാട് വന്യ ജീവി സങ്കേതത്തോട് കൂട്ടിച്ചേര്‍ത്ത് ഒരു വന്യ ജീവി സങ്കേതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്യുക.”
പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം കോടഞ്ചേരിക്കാര്‍ക്ക് മനസ്സിലായില്ലെങ്കിലും വടകരക്കാര്‍ക്ക് മനസ്സിലായത് ഭാഗ്യം. അല്ലെങ്കിലും പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഉള്ളടക്കത്തില്‍ സമീപ കാലത്തുണ്ടായ വലിയൊരു പരിണാമവും അതാണ്; അയല്‍പക്കത്തെ “പാരിസ്ഥിതിക വിരുദ്ധ” പ്രവര്‍ത്തനങ്ങള്‍ കാണാനുള്ള ധൃതി! അയല്‍ക്കാരന്‍ വീട് തേയ്ക്കാന്‍ മണല്‍ വാരുന്നത് ഏതു പുഴയില്‍ നിന്നാണ്, അതിനു പഞ്ചായത്തിന്റെ അനുമതിയുണ്ടോ, വാതില്‍ പാളിക്കുള്ള മരം കൊണ്ടുവന്നതിനു ഡിസ്ട്രിക്റ്റ് ഫോറസ്റ്റ് ഓഫീസറുടെ അനുമതി വാങ്ങിയിട്ടുണ്ടോ, അത് ഏതെങ്കിലും പരിസ്ഥിതി ലോല പ്രദേശത്തു നിന്ന് കൊണ്ട് വന്നതാണോ എന്നതൊക്കെയാണല്ലോ പുതിയ കാലത്തെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍. വടകരക്കാര്‍ക്ക് കോടഞ്ചേരിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലും നഗരവാസികള്‍ക്ക് മലയോര പ്രദേശങ്ങളിലെ ചോല വനങ്ങളിലും പ്രത്യേക താത്പര്യം ഉണരുന്ന കാലമാണല്ലോ ഇത്. ഇതിന്റെ നേര്‍സാക്ഷ്യമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു മലയോര പ്രദേശങ്ങളില്‍ നടന്ന സമരങ്ങളില്‍ നാം കണ്ടത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ നഗരവാസികളെല്ലാം പരിസ്ഥിതി വാദികളായി. കോടഞ്ചേരി തൊട്ടു യു എന്‍ വരെയും ഇത് തന്നെയാണ് സ്ഥിതി. ക്യോട്ടോ പ്രോട്ടോകോള്‍ മുതല്‍ ഏറ്റവുമൊടുവില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആഗോള പരിസ്ഥിതി എജന്‍സികളുടെ നിര്‍ദേശങ്ങളിലും കരാറുകളിലും വരെ നാം കണ്ടത് ഇത്തരം ഇരട്ടത്താപ്പുകളാണ്.
ഏതായാലും, വടകരയിലെ പരിസ്ഥിതി വാദികളുടെ ആവശ്യം, പശ്ചിമ ഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കിയും മര്‍കസ് നോളെജ് സിറ്റി പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം കണക്കിലെടുത്തും കോടഞ്ചേരി പ്രദേശത്തെ വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കി പ്രഖ്യാപിക്കണം എന്നാണ്. മര്‍കസ് നോളെജ് സിറ്റി യുടെ നിര്‍മാണം നടക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്ന 125 ഏക്കര്‍ മാത്രം വന്യജീവി സങ്കേതത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചാല്‍ തീരുന്ന പരിസ്ഥിതി പ്രേമമേ നമ്മുടെ അഭിഭാഷകര്‍ക്ക് ഉള്ളൂ എങ്കിലും അത് നേരെ ചൊവ്വേ പറയാന്‍ ജാള്യത സമ്മതിച്ചിട്ടുണ്ടാകില്ല ! അപ്പോള്‍ കിടക്കട്ടെ കോടഞ്ചേരിക്കാര്‍ക്കിട്ടും ഒരു കുത്ത്. 1950കള്‍ക്ക് മുമ്പ് കുടിയേറ്റം തുടങ്ങിയ കോടഞ്ചേരിയിലെ ജനവാസ പ്രദേശങ്ങളും വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തണം എന്നു ആവശ്യപ്പെടേണ്ടിവരുന്നത് അതുകൊണ്ടാണ്.. ഏതായാലും കോടഞ്ചേരിയെ വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തന്നെ, മര്‍കസിനു ഏതാനും ഏക്കര്‍ സ്ഥലമേ വിട്ടുകൊടുക്കേണ്ടതായി വരികയുള്ളൂ. പക്ഷേ, കോടഞ്ചേരിയില്‍ സ്ഥിരതാമസമാക്കിയ മനുഷ്യരുടെ കാര്യമാണ് കഷ്ടം!.
മേല്‍ സൂചിപ്പിച്ചത് പോലെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെയും പരിസ്ഥിതി പ്രേമികളുടെയും താത്പര്യത്തിലും മുന്‍ഗണനയിലും സമീപകാലത്തായി വന്നുകൊണ്ടിരിക്കുന്ന വലിയൊരു പരിണാമത്തെ മനസ്സിലാക്കാന്‍ വടകരയിലെ പരിസ്ഥിതി പ്രേമികളുടെ പരാതി സഹായിക്കും. അതില്‍ പ്രധാനപ്പെട്ടത്, പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ താത്പര്യത്തില്‍ വന്ന മാറ്റമാണ്. ബാബരി മസ്ജിദ് തകര്‍ത്ത ദിവസം “പരിസ്ഥിതി പ്രേമം” മൂത്ത് വെട്ടുകിളികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു എഡിറ്റോറിയലുകള്‍ എഴുതിയവരും അടിയന്തിരാവസ്ഥാ കാലത്ത് പരിസ്ഥിതി പ്രേമം തലയ്ക്കു പിടിച്ചു, ചോല വനങ്ങളെ കുറിച്ചും ലോല വനങ്ങളെ കുറിച്ചും എഴുതിയവരും പ്രസംഗിച്ചവരും ഏറെയുണ്ടായിരുന്നു. അവര്‍ക്ക് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു മറയായിരുന്നു പരിസ്ഥിതി പ്രവര്‍ത്തനം. വെട്ടുകിളികളുടെയും പായലുകളുടെയും ചോല വനങ്ങളുടെയും ചെലവിലാണ് അവര്‍ അത്തരം പ്രതിസന്ധി ഘട്ടങ്ങളെ എളുപ്പത്തില്‍ മറികടന്നത്. പരിസ്ഥിതി പ്രവര്‍ത്തനം ഒരു സീസനല്‍ ബിസിനസാണ് ചിലര്‍ക്ക്. ഇന്നലെവരെ മണല്‍ മാഫിയയുടെ വക്കാലത്ത് ഏറ്റെടുത്തവര്‍ക്കും കൊടും ക്രിമിനലുകളുടെ സംരക്ഷകരായവര്‍ക്കും ആവശ്യാനുസരണം അണിയാനുള്ള മുഖം മൂടി. തൊഴില്‍ രംഗത്തെ സല്‍പ്പേരോ സാമൂഹികാംഗീകാരമോ ഇല്ലാത്തവര്‍ക്ക് എളുപ്പത്തില്‍ പ്രശസ്തരാകാന്‍ പരിസ്ഥിതി വാദം ഉപദേശിച്ചുകൊടുത്തത് ആരായിരിക്കും.?
നമ്മുടെ രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മഹത്തായ ഒരു ചരിത്രമുണ്ട്. ജനങ്ങളുടെ അടിസ്ഥാനപരമായ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ് അത്തരം പരിസ്ഥിതി മുന്നേറ്റങ്ങള്‍ ഇവിടെ രൂപം കൊണ്ടതും വികസിച്ചതും. ചിപ്‌കോ പ്രസ്ഥാനവും നര്‍മദ ബച്ചാവോ ആന്ദോളനും തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി സമരങ്ങളെ ജനങ്ങള്‍ ഏറ്റെടുത്തത് അവ മൗലികമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു എന്നതുകൊണ്ട് കൂടിയാണ്. നമ്മുടെ പരിസ്ഥിതി പ്രവര്‍ത്തകരെ സമൂഹം ആദരിച്ചതും പരിഗണിച്ചതും അതുകൊണ്ട് തന്നെ. ജോണ്‍ സി ജേക്കബും മയിലമ്മയും പൊക്കുടനും ശോഭീന്ദ്രന്‍ മാഷുമൊക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായതിന്റെ കാരണവും മറ്റൊന്നല്ല. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ജനകീയ സ്വഭാവവും അത് നല്‍കുന്ന ജനകീയ അംഗീകാരവും മനസ്സിലാക്കി സാമൂഹിക വിരുദ്ധര്‍ ഈ രംഗത്തേക്ക് പ്രവേശിച്ചതോടെ, പരിസ്ഥിതി പ്രവര്‍ത്തനത്തെ തന്നെ ആളുകള്‍ സംശയത്തോടെ കാണുന്ന സ്ഥിതിയായി. ഒരു കാലത്ത് ജനങ്ങള്‍ നെഞ്ചോടു ചേര്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്ത പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ കയ്യൊഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരെ നിന്ദ്യതയോടെ കാണുന്ന സ്ഥിതി വന്നു. “ഓന്‍ പരിസ്ഥിതി പ്രവര്‍ത്തകനാണ്” എന്നത് ആളെ പരിഹസിക്കാനുള്ള ഒരു വിശേഷണമായി തീരുകയും ചെയ്തു. എന്തുകൊണ്ടാണ് നമ്മുടെ ഒട്ടുമിക്ക പരിസ്ഥിതി സമരങ്ങള്‍ക്കും കഴിഞ്ഞ ദശാബ്ദത്തില്‍ പരാജയം സംഭവിച്ചത് എന്നതിന്റെ ഉത്തരം കൂടിയാണിത്.
മറ്റൊന്ന്, ഗ്രാമങ്ങള്‍ മുതല്‍ ദേശീയ തലം വരെ, പകപോക്കലുകള്‍ക്കുള്ള ഏറ്റവും മികച്ച വേദിയായി പരിസ്ഥിതി പ്രവര്‍ത്തനം മാറി എന്നുള്ളതാണ്. തന്റെ മരമില്ലിനു ഭീഷണിയാകുന്ന അടുത്ത പഞ്ചായത്തിലെ മരമില്ലുകാരന് എതിരെ മലിനീകരണവും പരിസ്ഥിതിവിരുദ്ധതയും ആരോപിച്ചു മരമില്ലുടമ കൊടുക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചതും അത്തരം ഏര്‍പ്പാടുകളെല്ലാം പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി തീര്‍ന്നതും ഇതോടെയാണ്. അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍, വ്യാപാരികളും വ്യവസായികളും തമ്മിലുള്ള കച്ചവട തര്‍ക്കങ്ങളില്‍, സര്‍ക്കാര്‍വിരുദ്ധ സമരങ്ങളില്‍, കരാറുകള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ തുടങ്ങി സംഘടനാ തര്‍ക്കങ്ങളില്‍ വരെ പരിസ്ഥിതി പ്രവര്‍ത്തനം അങ്ങനെ ഒരു മുഖ്യ ഇനമായി മാറി.. നമ്മുടെ സമൂഹത്തിന്റെ വിവിധ മേഖലകളെ പിടികൂടിയ എല്ലാ താത്പര്യങ്ങളും പാരിസ്ഥിതക പ്രവര്‍ത്തനങ്ങളെയും പിടികൂടിയിട്ടുണ്ട്. നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് അവരുടെ താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കാനുള്ള എളുപ്പ വഴിയായി പരിസ്ഥിതി പ്രവര്‍ത്തനം മാറുകയും ചെയ്തിട്ടുണ്ട്. അത്തരം ഒട്ടനവധി കഥകള നാം ഓരോരുത്തര്‍ക്കും സ്വന്തം അനുഭവങ്ങളില്‍ നിന്നും ഓര്‍ത്തെടുക്കാനുമുണ്ടാകും. വടകരയില്‍ നിന്നുള്ള പുതിയ”പരിസ്ഥിതി പ്രേമികളെ” ഓര്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചിരിവരുന്നതും അത് കൊണ്ടാണ്.
കേരളത്തിലെ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ഒരു കേസ് അല്‍പ്പകാലം മുമ്പ് കോടതിയില്‍ എത്തുകയുണ്ടായി. പട്ടികളെ കൊല്ലുന്നത് വിശാലമായ പരിസ്ഥിതി താത്പര്യത്തിനു എതിരാണ് എന്നൊക്കെ വാദിച്ചുകൊണ്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വാര്‍ത്ത വായിച്ചപ്പോള്‍ തോന്നി മേനക ഗാന്ധിയോ മറ്റോ ആയിരിക്കും കേസ് ഫയല്‍ ചെയ്തത് എന്ന്. വിശദാംശങ്ങള്‍ വായിച്ചപ്പോഴാണ് കള്ളി വെളിച്ചത്തു വന്നത്. പേ വിഷ ബാധക്ക് ഉപയോഗിക്കുന്ന ആന്റി റാബിസ് വാക്‌സിന്റെ (എ ആര്‍ വി) ഉത്പാദകാരായ കമ്പനികളാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്! നാട്ടുകാരെ പേപ്പട്ടി കടിച്ചിട്ട് വേണമല്ലോ കമ്പനികള്‍ക്ക് വാക്‌സിന്‍ വിറ്റു പണമുണ്ടാക്കാന്‍.! സത്യത്തില്‍ ആ വാക്‌സിന്‍ കമ്പനികളെയാണ് വടകരയിലെ പരിസ്ഥിതി പ്രേമികളെക്കുറിച്ചു കേട്ടപ്പോള്‍ ആദ്യം ഓര്‍മയില്‍ വന്നത്.

Latest