Connect with us

Editorial

ആരുടെ റിപ്പബ്ലിക്

Published

|

Last Updated

രാജ്യം 66-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന നിലവില്‍ വന്നതിന്റെ ഉജ്ജ്വലമായ ഓര്‍മയാണ് ഈ ദിനത്തില്‍ പുതുക്കുന്നത്. ലോകത്താകെയുള്ള ഭരണഘടനകളിലെ നല്ല വശങ്ങള്‍ കൂട്ടിയിണക്കിയും രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും സംസ്‌കാരവും സവിശേഷതകളും കണക്കിലെടുത്തും രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ദീര്‍ഘകാലത്തെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഭരണഘടനക്ക് രൂപം നല്‍കിയത്. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിടെ അധ്യക്ഷന്‍ ഡോ. അംബേദ്കര്‍ രാജ്യത്തെ അധഃകൃതരായ മനുഷ്യരുടെ പ്രതിനിധിയായിരുന്നുവെന്നത് തന്നെ ഈ ഭരണരേഖയെ ബഹുസ്വരതയുടെ പ്രതീകമാക്കി മാറ്റുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആത്മവിശ്വാസം കണ്ടെത്തുന്നത് ഈ പ്രമാണങ്ങളില്‍ നിന്നാണ്. ഇന്ത്യ പരാമാധികാര സോഷ്യലിസ്റ്റ്, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ഭരണഘടന ഉദ്‌ഘോഷിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹികവും രാഷ്ട്രീയവും മതപരവുമായ നീതിയും ചിന്താസ്വാതന്ത്ര്യം, ആശയ പ്രകാശന സ്വാതന്ത്ര്യം, സ്ഥിതിസമത്വം, അവസരസമത്വം തുടങ്ങിയവയും അത് ഉറപ്പുനല്‍കുന്നു. അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രതിപാദിക്കപ്പെട്ട മൗലികാവകാശങ്ങളാണ് നമ്മുടെ ഭരണഘടനയെ ഉത്കൃഷ്ടമാക്കുന്നത്.
പരമാധികാരം തന്നെയാണ് പ്രധാനം. കൊളോണിയല്‍ കാലത്തെ പ്രത്യക്ഷ അധിനിവേശം ഇന്നില്ല. അധിനിവേശത്തിന്റെ രീതികള്‍ മാറിയിരിക്കുന്നു. അത് കുറേക്കൂടി ഗോപ്യവും എന്നാല്‍ ശക്തവുമാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെക്കുന്ന കരാറുകള്‍ പലതിലും നമ്മുടെ പരമാധികാരം രണ്ടാം തരമാകുന്നുവെന്നത് ഈ റിപ്പബ്ലിക് ദിനത്തില്‍ ഉറക്കെ പറയേണ്ടതാണ്. ഇന്നത്തെ നമ്മുടെ വിശിഷ്ടാതിഥി അമേരിക്കന്‍ പ്രസിഡന്റായതിനാല്‍ പ്രത്യേകിച്ചും. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് നമ്മുടെ റിപ്പബ്ലിക് ദിന ചടങ്ങില്‍ മുഖ്യാതിഥിയാകുന്നത്. ഈ ആതിഥേയത്വത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ന്യായമായും സംശയമുണ്ട്. അദ്ദേഹത്തിന് സുരക്ഷയൊരുക്കാനും മറ്റുമായി നമ്മുടെ ആത്മാഭിമാനം പണയപ്പെടുത്തിയെന്നും അദ്ദേഹത്തിനായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയെന്നതും അവിടെ നില്‍ക്കട്ടെ. അദ്ദേഹത്തോടൊപ്പം വന്ന ബിസിനസ്സ് പ്രമുഖരും ഉദ്യോഗസ്ഥ പ്രമാണിമാരും ചേര്‍ന്ന് ഇവിടെ നിന്ന് തരപ്പെടുത്തിയെടുക്കുന്ന കരാറുകളും ധാരണകളുമാണ് പ്രശ്‌നം. ആണവ കരാറിന്റെ കാര്യം മാത്രമെടുത്താല്‍ ഈ ആശങ്കയുടെ അര്‍ഥം മനസ്സിലാകും. സിവില്‍ ആണവ സഹകരണ കാറിന്റെ ഭാഗമായി ഇന്ത്യ പാസ്സാക്കിയ ആണവബാധ്യതാ ബില്ലില്‍ വെള്ളം ചേര്‍ക്കണമെന്ന ആവശ്യം അമേരിക്കയില്‍ നിന്ന് ശക്തമായി ഉയരുന്നുണ്ട്. ഇന്ത്യയുടെ പരാമാധികാരം അടിയറവെക്കുന്നതായിരിക്കും ഈ വെള്ളം ചേര്‍ക്കലുകള്‍. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് പ്രതിരോധ മേഖലപോലും തുറന്നുകൊടുക്കുന്നു. സ്വകാര്യവത്കരണം തകൃതിയാണ്. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും ഇന്ത്യന്‍ മണ്ണും സമുദ്രവും താവളമാകാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവയെല്ലാം അതീവരഹസ്യണെന്നതാണ് ഏറെ ദയനീയം. രാജ്യത്തെ പ്രതിപക്ഷമോ ജനങ്ങളോ ഒന്നും അറിയുന്നില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇത്തരം കരാറുകള്‍ക്ക് അടിക്കടി വഴിപ്പെടുമെന്നതിന്റെ തെളിവായി വേണം ഈ സന്ദര്‍ശനത്തെ വിലയിരുത്താന്‍.
പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന സമീപനങ്ങളാണ് പുതിയ സര്‍ക്കാര്‍ കൈകൊള്ളുന്നത്. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ച ശേഷം, ഭൂമിയേറ്റെടുക്കല്‍ നിയമം പോലുള്ള എട്ട് ഓര്‍ഡിനന്‍സുകളാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച രാഷ്ട്രപതി തന്നെ ചോദിച്ചു: എന്തിനാണ് ഇത്ര തിടുക്കമെന്ന്. പാര്‍ലിമെന്റിന്റെ പരിഗണനയില്‍ വരാതെ കടന്നുവരുന്ന ഇത്തരം എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ ഈ വഴി സ്വീകരിക്കാവൂ എന്നും ഭരണഘടന നിഷ്‌കര്‍ഷിക്കിന്നുണ്ട്. മതസ്വാതന്ത്ര്യത്തിനെതിരെ കടുത്ത കടന്ന് കയറ്റങ്ങളാണ് ഈ സര്‍ക്കാര്‍ വന്ന ശേഷം നടന്നു കൊണ്ടിരിക്കുന്നത്. ഫെഡറലിസത്തിന് ഒരു വിലയുമില്ല. അധികാര കേന്ദ്രീകരണമാണ് പ്രധാനമന്ത്രിയുടെ മഖമുദ്ര. പാര്‍ലിമെന്റിലെ ഭൂരിപക്ഷം ജനാഭിലാഷം നിവര്‍ത്തിക്കുന്നതായിരിക്കണം. ജനം എന്നത് ഒരു പ്രത്യേക വിഭാഗമാണെന്ന് ധരിച്ച് മുന്നോട്ട് പോകുന്ന ഭരണകൂടം ഇന്ത്യന്‍ മതേതരത്വത്തിനും അതുവഴി ഭരണഘടനക്കും ആഴത്തില്‍ മുറിവേല്‍പ്പിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്കരിച്ചും ചരിത്രനായകരെ കാവിപുതപ്പിച്ചും ഈ ഭരണകൂടം ഇതേനിലയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാവി ആശങ്കാജനകമാണെന്ന് പറയാതെ വയ്യ.

Latest