Connect with us

Business

ഓഹരി വിപണി കുതിപ്പില്‍; തടസ്സം മറികടന്ന് സെന്‍സെക്‌സ്

Published

|

Last Updated

ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് പ്രകടനത്തിന്റെ ആവേശത്തിലാണ്. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കാണിച്ച ആവേശമാണ് കുതിപ്പിനു അവസരം ഒരുക്കിയത് . ബോംബെ സൂചിക പോയവാരം 1,156 പോയിന്റിന്റെ തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നിഫ്റ്റി 321 പോയിന്റ് ഉയര്‍ന്നു.
സെന്‍സെക്‌സ് ആദ്യമായി 29,000 ലെ തടസ്സം മറികടന്ന് വാരാവസാനം ഉയര്‍ന്ന നിലവാരമായ 29,408.73 വരെ കയറി. ഇന്നത്തെ അവധി കൂടി മുന്നില്‍ കണ്ട് നിക്ഷേപകര്‍ വെള്ളിയാഴ്ച്ച ലാഭമെടുപ്പിനു രണ്ടാം പകുതിയില്‍ ഉത്സാഹിച്ചു. മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക 29,278 ലാണ്. നിഫ്റ്റി 8,534 ല്‍ നിന്നുള്ള കുതിപ്പില്‍ റെക്കോര്‍ഡുകള്‍ പുതുക്കി 8,866 വരെ കുതിച്ചു. വാരാന്ത്യക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക 8,836 ലാണ്.
വ്യാഴാഴ്ച ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ ജനുവരി സീരീസ് സെറ്റില്‍മെന്റാണ്. ഇന്നത്തെ അവധി കൂടി കണക്കിലെടുത്തല്‍ സെറ്റില്‍മെന്റിന് രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നുള്ളു. ബുള്ളുകള്‍ ഫെബ്രുവരിയിലേക്ക് റോള്‍ ഓവറിന് നീക്കം നടത്താം.
ബാങ്കിംഗ്, റിയാലിറ്റി, ഓട്ടോമൊബൈല്‍, മൂലധന ചരക്കുകള്‍ , ഹെല്‍ത്ത്‌കെയര്‍, സ്റ്റീല്‍, പവര്‍, എഫ് എം സി ജി, ടെക്‌നോളജി, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം ഓഹരികള്‍ മികവ് കാണിച്ചു.
ഭാരതി എയര്‍ ടെല്‍ 12 ശതമാനം നേട്ടത്തോടെ ശ്രദ്ധിക്കപ്പെട്ടു. ടാറ്റാ മോട്ടേഴ്‌സും 12 ശതമാനം മുന്നേറി. വിപ്രോ, ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍ഡ് റ്റി, ഇന്‍ഫോസീസ്, ഐ സി ഐ സി ഐ, എസ് ബി ഐ, എച്ച് ഡി എഫ് സി, ആര്‍ ഐ എല്‍, ഹിന്‍ഡാല്‍കോ, എം ആന്‍ഡ് എം, കോള്‍ ഇന്ത്യ, സിപ്ല, സണ്‍ ഫാര്‍മ തുടങ്ങിവയുടെ നിരക്ക് കയറി.
തുടര്‍ച്ചയായ ഏഴാം ദിവസവും ബുള്‍ റാലി നിലനിര്‍ത്തുകയാണ് ഇന്ത്യന്‍ മാര്‍ക്കറ്റ്. ഈ കാലയളവില്‍ 1,900 പോയിന്റാണ് സെന്‍സെക്‌സ് സ്വന്തമാക്കിയത്. അഞ്ചര വര്‍ഷത്തിനിടയില്‍ ഇത്ര ശക്തമായ റാലിയിലൂടെ ഏഴ് ശതമാനം സെന്‍സെക്‌സ് മുന്നേറുന്നത് ആദ്യമാണ്.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പോയവാരം ഒരു ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തി. വിദേശ നാണയ വിനിമയ വിപണിയിലെ കരുതല്‍ ശേഖരത്തിലേക്ക് 2.67 ബില്യന്‍ ഡോളറിന്റെ പ്രവാഹമുണ്ടായി. ജനുവരി 16ന് അവസാനിച്ച വാരത്തിലെ കരുതല്‍ ശേഖരം 322.15 ബില്യന്‍ ഡോളറെന്ന റെക്കോര്‍ഡ് നിലവാരത്തിലാണ്. ബി എസ് ഇ യില്‍ 22,149 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 94,845 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.
യൂറോപ്യന്‍ കേന്ദ്ര ബേങ്ക് സാമ്പത്തിക ഉത്തേജക പദ്ധതികളുമായി മുന്നേറിയത് ഇന്ത്യന്‍ മാര്‍ക്കറ്റിന് നേട്ടമായി. ചൈനീസ് ഓഹരി വിപണിക്ക് ഒറ്റദിവസം നേരിട്ട് ഏഴ് ശതമാനം തകര്‍ച്ചയും ഫണ്ടുകളെ ഇന്ത്യയിലേയ്ക്ക് അടുപ്പിച്ചു. ഐ എം എഫ് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 2016 ലും നിലനിര്‍ത്തുമെന്ന് വ്യക്തമാക്കിയത് ഫണ്ടുകളെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കി.