Connect with us

Business

കുരുമുളക് വില പിടിച്ചുനിന്നു; റബ്ബര്‍ വില മന്ദഗതിയില്‍

Published

|

Last Updated

കൊച്ചി: ഇന്തോനേഷ്യന്‍ വെളിച്ചെണ്ണ വരവ് നാളികേര മേഖലക്ക് പുതിയ ഭീഷണി ഉയര്‍ത്തും. കര്‍ഷകര്‍ ചരക്ക് നീക്കം കുറച്ചത് കുരുമുളകിന്റെ വില തകര്‍ച്ചയെ തടഞ്ഞു. ടയര്‍ വ്യവസായികളുടെ തണുപ്പന്‍ മനോഭാവം റബ്ബര്‍ ഷീറ്റിന്റെ മുന്നേറ്റത്തെ ബാധിച്ചു. രാജ്യാന്തര സ്വര്‍ണ വില അഞ്ചര മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍.
വിദേശ വെളിച്ചെണ്ണ ഉത്തരേന്ത്യയില്‍ എത്തിയത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും നാളികേര കര്‍ഷകരുടെ സ്വപ്‌നങ്ങളെ കാറ്റില്‍ പറത്തുമോ ? ഇതര സംസ്ഥാനങ്ങളും നാളികേര വിളവെടുപ്പിനു തയ്യാറെടുക്കുകയാണ്. 4,500 ടണ്‍ വെളിച്ചെണ്ണയാണ് ഇറക്കുമതി നടന്നത്. ആഭ്യന്തര വിലയെ അപേക്ഷിച്ച് ഏതാണ്ട് പകുതി വിലക്കാണ് വിദേശ ചരക്ക് ഇറക്കുമതി നടന്നത്. കൊച്ചി ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ എണ്ണ 13,850 ല്‍ നിന്ന് 13,800 രൂപയായി. കൊപ്രയുടെ നിരക്ക് 9270 രൂപയാണ്.
കുരുമുളക് താഴ്ന്ന നിലവാരത്തില്‍ നിന്ന് തിരിച്ചു വരവിനുള്ള നീക്കത്തിലാണ്. കര്‍ഷകര്‍ ചരക്ക് നീക്കം നിയന്ത്രിച്ചത് വില തകര്‍ച്ചയെ പിടിച്ചു കെട്ടി. ചരക്ക് വരവ് കുറഞ്ഞതോടെ വാരാവസാനം നിരക്ക് ക്വിന്റലിന് 1,000 രുപ വര്‍ധിച്ചു. സീസണ്‍ അടുത്തതിനാല്‍ ചരക്ക് സംഭരണത്തിന് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ രംഗത്ത് സജീവമല്ല. തൊട്ട് മുന്‍വാരത്തില്‍ കുരുമുളക് വില ക്വിന്റലിന് 7,500 രൂപ ഇടിഞ്ഞിരുന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 59,500 രൂപയിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ഇനിയും ലഭിച്ചിട്ടില്ല. ഹൈറേഞ്ച് ചരക്ക് വരവ് ശക്തമാകുന്ന വേളയില്‍ വിദേശ ഓര്‍ഡറുകള്‍ നേടാനാവുമെന്നാണ് കയറ്റുമതിക്കാരുടെ വിലയിരുത്തല്‍. രാജ്യാന്തര മാര്‍ക്കറ്റില്‍ നിരക്ക് ടണ്ണിന് 10,600 ഡോളറാണ്.
ടയര്‍ വ്യവസായികളില്‍ നിന്ന് റബ്ബറിനു പോയവാരം ഡിമാന്‍ഡ് കുറഞ്ഞു. നാലാം ഗ്രേഡ് റബ്ബര്‍ ക്വിന്റലിന് 11,700 ല്‍ നിന്ന് 11,900 രൂപയായി. അഞ്ചാം ഗ്രേഡ് റബ്ബര്‍ 11,000 രൂപയിലും ഒട്ടുപാലും ലാറ്റക്‌സും 7,700 രൂപയിലുമാണ്.
ഉത്തരേന്ത്യന്‍ ഔഷധ നിര്‍മാതാക്കള്‍ ജാതിക്കയും ജാതിപത്രിയും ശേഖരിച്ചു. മുഖ്യ വിപണികളിലേക്കുള്ള ചരക്ക് വരവ് ചുരുങ്ങി. ജാതിക്ക തൊണ്ടന്‍ 300-320, തൊണ്ടില്ലാത്തത് 500-540, ജാതിപത്രി 775-900 രൂപയിലാണ്.
കേരളത്തില്‍ സ്വര്‍ണ വില പവനു 320 രൂപ വര്‍ധിച്ച് 21,310 രൂപയായി. 20,800 ല്‍ വില്‍പ്പന തുടങ്ങിയ പവന്‍ 21,400 വരെ കയറിയ ശേഷമാണ് വാരാന്ത്യം 80 രൂപ കുറഞ്ഞത്. ലണ്ടനില്‍ ഔണ്‍സിനു 1282 ഡോളറില്‍ നിന്ന് സ്വര്‍ണം 1307 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 1292 ഡോളറില്‍ ക്ലോസിംഗ് നടന്നു. ആഗസ്റ്റിനു ശേഷം ആദ്യമായാണ് സ്വര്‍ണം 1300 ഡോളറിലേക്ക് ഉയരുന്നത്.

---- facebook comment plugin here -----

Latest