Connect with us

Kerala

പിള്ള മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള മുന്നാക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലസ്ഥാനത്തെത്തിയ ഉടന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മനോജ്കുമാറാണ് ക്ലിഫ്ഹൗസിലെത്തി രാജിക്കത്ത് കൈമാറിയത്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് തന്നെ അപമാനിക്കുകയാണെന്നും അപമാനിതനായി തുടരാന്‍ താത്പര്യമില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ഈ മാസം 28ന് ചേരുന്ന യു ഡി എഫ് യോഗത്തിന് ശേഷമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
രാജിക്ക് മുന്നോടിയായി ഔദ്യോഗിക വാഹനം പിള്ള തിരികെയേല്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നടപടികളാണ് രാജിയിലേക്ക് നയിച്ചതെന്ന് പിള്ള മാധ്യമങ്ങളോട് വിശദമാക്കി. ബാലകൃഷ്ണപിള്ളയെ യു ഡി എഫില്‍ നിന്ന് പുറത്താക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 28 ാം തീയതി കഴിയട്ടേയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് വേദനയുണ്ടാക്കി. ബാര്‍കോഴ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞതും വിഷമിപ്പിച്ചു. തന്നെ പുറത്താക്കിയാല്‍ യു ഡി എഫിന്റെ മുഖം വികൃതമാകും. കെ എം മാണിയുടെ രാജി ധാര്‍മികതയുടെ വിഷയമാണ്. എന്നാല്‍ ധാര്‍മികത ആപേക്ഷികമാണെന്ന് പറഞ്ഞ പിള്ള അടുത്ത തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കുറഞ്ഞത് 120 സീറ്റു കിട്ടുമെന്നും പരിഹസിച്ചു. അതേസമയം രാജിക്കുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല.
ധനമന്ത്രി കെ എം മാണിക്കെതിരെ ബാറുടമ ബിജു രമേശുമായി പിള്ള നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായതോടെ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ 28ന് യു ഡി എഫ് അടിയന്തര യോഗം ചേരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാബിനറ്റ് പദവിയോടെയുള്ള മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ പിള്ള തീരുമാനിച്ചത്. യു ഡി എഫ് യോഗത്തിന് മുന്നോടിയായി രാജിക്കത്തും സമര്‍പ്പിക്കും. യു ഡി എഫ് ചേരുംമുമ്പ് രാജിയിലൂടെ എതിര്‍ചേരിയെ പ്രതിരോധത്തിലാക്കാനാണ് പിള്ളയുടെ നീക്കം. അതേസമയം, രാജിവെക്കരുതെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അടക്കമുള്ള പ്രധാന മുന്നണി നേതാക്കള്‍ പിള്ളയോട് ആവശ്യപ്പട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ്- ബിയെ മുന്നണിയില്‍ നിന്ന് പുറത്താക്കരുതെന്നാണ് യു ഡി എഫിലെ ഭൂരിപക്ഷാഭിപ്രായം. കേരള കോണ്‍ഗ്രസ് എമ്മിലെ ഒരുവിഭാഗവും മുസ്‌ലീം ലീഗും കേരള കോണ്‍ഗ്രസ് ജേക്കബും ഇതേ അഭിപ്രായക്കരാണ്. പിള്ളയെ പുറത്താക്കുന്നതിനോട് കോണ്‍ഗ്രസിലും ശക്തമായ വിജോയിപ്പുണ്ട്. മാണിക്ക് പിന്തുണ നല്‍കുന്നതോടൊപ്പം പിള്ളയോടും മൃദുസമീപനം സ്വീകരിക്കണമെന്നാണ് മുസ്‌ലിംലീഗിന്റെ അഭിപ്രായം.

Latest