Connect with us

National

ചര്‍ച്ചയില്ലാത്ത നിയമ നിര്‍മാണം ഗുണകരമല്ല: രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: ചര്‍ച്ച കൂടാതെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് പാര്‍ലിമെന്റിന്റെ നിയമനിര്‍മാണ പദവിയെ ബാധിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. പ്രവര്‍ത്തനക്ഷമമായ നിയമനിര്‍മാണ സഭയില്ലാതെ ഭരണമുണ്ടാകില്ല. സാംസ്‌കാരിക സംവാദത്തിലൂടെയുള്ള പുരോഗമനാത്മകമായ നിയമനിര്‍മാണം വഴി ജനാഭിലാഷം നിറവേറ്റുന്നതിനുള്ള സംവിധാനം സൃഷ്ടിക്കപ്പെടേണ്ട വേദിയാണത്. ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച്, നിയമനിര്‍മാണത്തില്‍ അഭിപ്രായസമന്വയം സാധ്യമാക്കണമെന്നും അത് ആവശ്യപ്പെടുന്നു.
ചര്‍ച്ച കൂടാതെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് പാര്‍ലമെന്റിന്റെ നിയമനിര്‍മാണ പദവിയെ ബാധിക്കും. പാര്‍ലിമെന്റില്‍ ജനങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെ അത് തകര്‍ക്കും. ഇത് ജനാധിപത്യത്തിനോ അത്തരം നിയമങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കോ ഗുണകരമല്ല. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, രബീന്ദ്രനാഥ ടാഗോര്‍, സൂബ്രഹ്മണ്യഭാരതി തുടങ്ങിയ ഒട്ടേറെ പേര്‍ക്ക് വ്യത്യസ്തങ്ങളായ പ്രവര്‍ത്തന രീതികളും സമീപനങ്ങളും ഉണ്ടായിരുന്നെങ്കിലും അവരെല്ലാം പറഞ്ഞത് ദേശസ്‌നേഹത്തിന്റെ ഭാഷയാണ്. ദേശീയതയുടെ ഈ മഹാത്മാക്കളായ സേനാനികളോട് സ്വാതന്ത്ര്യത്തിന് നാം കടപ്പെട്ടിരിക്കുന്നു. ഭാരതമാതാവിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച അറിയപ്പെടാത്ത വീരനായകരെയും നാം അഭിവാദ്യം ചെയ്യുന്നു.
എന്നാല്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഭാരതമാതാവിനെ സ്വന്തം മക്കള്‍ ബഹുമാനിക്കുന്നില്ല എന്നത് വേദനിപ്പിക്കുന്നു. ബലാത്‌സംഗങ്ങള്‍, കൊലപാതകങ്ങള്‍, യാത്രക്കിടയിലെ പീഡനങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണങ്ങള്‍ എന്നിവ സ്ത്രീകള്‍ക്ക് സ്വന്തം വീടിനുള്ളിലും പോലും ഭയം സൃഷ്ടിക്കുന്നു. പോയ വര്‍ഷം പലവിധത്തില്‍ സവിശേഷമായിരുന്നു. പ്രത്യേകത എന്തെന്നാല്‍, മൂന്ന് ദശാബ്ദത്തിനു ശേഷം രാജ്യത്തെ ജനങ്ങള്‍ ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം നല്‍കി സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അധികാരത്തിലേറ്റുകയും അതുവഴി, രാജ്യത്തെ ഭരണത്തെ കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഇത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിനും നിയമനിര്‍മാണം നടത്തി നടപ്പിലാക്കുന്നതിനുമുള്ള അധികാരം നല്‍കി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അതിര്‍ത്തികളെ രക്തക്കളമാക്കിയിരിക്കുന്നു. ഭീകരതയെ വിനാശകരമായ ഒരു വ്യവസായമാക്കി അത് മാറ്റിയിരിക്കുന്നു. ഭീകരതയും അക്രമവും നമ്മുടെ അതിര്‍ത്തിക്കുള്ളിലേക്കും കടന്നെത്തിയിരിക്കുന്നു.
സമാധാനം, അഹിംസ, നല്ല അയല്‍പ്പക്ക താത്പര്യങ്ങള്‍ എന്നിവ നമ്മുടെ വിദേശനയത്തിന്റെ ഭാഗമായിരിക്കെതന്നെ, സമ്പദ്‌സമൃദ്ധവും പക്ഷപാതരഹിതവുമായ ഒരു ഇന്ത്യയിലേക്കുള്ള നമ്മുടെ പുരോഗതിയില്‍ തടസ്സം സൃഷ്ടിക്കുന്ന പ്രതിയോഗികള്‍ക്കെതിരെ അലംഭാവത്തോടെയിരിക്കാന്‍ നമുക്കാവില്ല. നമ്മുടെ ജനങ്ങള്‍ക്കെതിരായ ഈ യുദ്ധത്തിന്റെ ശില്‍പ്പികളെ തോല്‍പ്പിക്കാനുള്ള ശക്തിയും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും നമുക്കുണ്ട്. ഭീകരതയെന്ന വിപത്തിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയോടൊപ്പം ചേരണം.
സാമ്പത്തിക പുരോഗതി എന്നത് ജനാധിപത്യത്തിന്റെ ഒരു പരീക്ഷ കൂടിയാണ്. 2015 പ്രതീക്ഷ നല്‍കുന്ന വര്‍ഷമാണ്. വിദേശനാണ്യശേഖരത്തിന്റെ ശക്തിപ്പെടല്‍, സാമ്പത്തിക സമാഹരണത്തിലേക്കുള്ള നീക്കം, വിലനിലവാരം നിയന്ത്രിക്കല്‍, നിര്‍മാണമേഖലയുടെ കുതിപ്പ്, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് കാര്‍ഷിക ഉത്പാദനം എന്നിവ നമ്മുടെ സാമ്പത്തിക വ്യവസ്ഥക്ക് ശുഭസൂചകങ്ങളാണ്. 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലും അഞ്ച് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചത് ഏഴ് മുതല്‍ എട്ട് വരെ വളര്‍ച്ചനിരക്കെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് പ്രതീക്ഷ പകരുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.