Connect with us

Ongoing News

അല്‍ഭുതകരം ഈ ദേശാന്തര ഗമനം

Published

|

Last Updated

യുഎ ഇയുടെ വാനം ഇപ്പോള്‍ വിരുന്നുകാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവയുടെ കളകളാരവങ്ങളും നീലാകശത്തിന്റെ വിസ്തൃതിയില്‍ ഒരൊറ്റ കൂട്ടമായി പറക്കലും പാര്‍ക്കുകളിലെയും മരങ്ങളിലെയും പറന്നിറങ്ങലും ആരെയും അതിശയിപ്പിക്കുന്ന തരത്തിലാണ്. പക്ഷി നിരീക്ഷകര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും വിസ്മയിപ്പിക്കുന്ന ചിന്തകള്‍ സമ്മാനിച്ചുകൊണ്ടാണ് ഓരോ പക്ഷിക്കൂട്ടവും പറന്നിറങ്ങുന്നത്.
പക്ഷിക്കൂട്ടങ്ങളുടെ സഞ്ചാരം നോക്കിയിരിക്കാന്‍ വലിയ രസമാണ്. താളാത്മകമായാണ് അവയുടെ സഞ്ചാരം. മുമ്പില്‍ ഒരു പക്ഷി. അതിനു പിന്നാലെ മറ്റു പക്ഷികള്‍. ഒരേ വേഗം, ഒരേ ചിറകടി. പൊടുന്നനെ മുമ്പിലെ പക്ഷി പിന്നിലേക്ക്, അല്ലെങ്കില്‍ വശത്തേക്ക്. ഇപ്പോള്‍ പറക്കലിന്റെ ആകൃതി മറ്റൊന്നാവുന്നു. പിന്നെയത് വേറൊരു ശൈലിയിലേക്ക്. പുതിയ പുതിയ രീതികളില്‍ പറന്നാടുന്ന പക്ഷി കൂട്ടങ്ങളെ നോക്കി നിന്നാല്‍ സമയം പോവുന്നതേ അറിയില്ല!

പക്ഷികളുടെ സഞ്ചാരം
ഒരു നാട്ടില്‍ നിന്ന് മറ്റൊരു വിദൂര നാട്ടിലേക്കുള്ള പക്ഷികളുടെ ഈ സഞ്ചാരം മനുഷ്യരെ അതിശയിപ്പിച്ചിട്ടുണ്ട്. 3,000 വര്‍ഷങ്ങള്‍ക്കു മുമ്പേ ഗ്രീക്ക് തത്വ ചിന്തകരായ ഹോമറും അരിസ്റ്റോട്ടിലും പക്ഷികളുടെ ദേശാടനത്തെ പറ്റി മനസ്സിലാക്കിയിരുന്നതായി രേഖകളുണ്ട്. ലോക സഞ്ചാരിയായിരുന്ന ഇബ്‌നു ബത്തൂത്ത തന്റെ ദേശാടനത്തെ ഉപമിക്കുന്നത് “പക്ഷികള്‍ കൂട് വിടുന്നത് പോലെ” എന്നാണ്. ഇബ്‌നു ബത്തൂത്തയുടെ സഞ്ചാര കഥകളില്‍ ഈ പരാമര്‍ശം കാണാം. പക്ഷികള്‍ ആരോടും വഴി ചോദിക്കാതെ ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് എങ്ങിനെയെന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലയെന്ന് പൗരാണിക ഇസ്‌ലാമിക ആത്മീയ ചിന്തകള്‍ മനുഷ്യരെ ഉദ്‌ബോധിപ്പിച്ചിട്ടുമുണ്ട്.
1749ല്‍ ജൊഹാനസ് ലെയെയാണ് പക്ഷികളുടെ ദേശാടനത്തെ കുറിച്ചുള്ള ആധുനിക പഠനങ്ങള്‍ക്ക് തുടക്കമിട്ടത്. അടുത്തിടെയായി ഇവയുടെ സഞ്ചാര പഥം നിര്‍ണയിക്കുന്നതിന് നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. അവക്ക് പ്രത്യേക ചിപ്പുകളടങ്ങിയ റിംഗുകളും മറ്റും ഘടിപ്പിച്ച് നിരീക്ഷിക്കുന്ന രീതി. ഈ ചിപ്പുകള്‍ പരിശോധിച്ച് യാത്രാ മാര്‍ഗത്തെ കുറിച്ചും മറ്റും പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്നുണ്ട്.
കൗതുകകരവും ചിന്താര്‍ഹവുമായ ഒട്ടനവധി വിഷയങ്ങളാണ് ഈ പഠനം നല്‍കുന്നത്. ആര്‍ടിക് മേഖലയില്‍ കാണപ്പെടുന്ന ഒരു തരം കടല്‍കാക്കകളാണ് ദേശാടനത്തിലെ മുമ്പന്മാര്‍. 25,000 മൈലാണ് ഇത് പറക്കുന്നത്. ആര്‍ടിക് മേഖലയില്‍ നിന്ന് ആന്റാര്‍ട്ടിക്കയിലേക്ക് എല്ലാ വര്‍ഷവും പോയി വരുന്നവരാണ് ഇവ. തെക്കന്‍ സമുദ്രം കടന്ന് ഭൂമിയെ ഒരു വട്ടം ചുറ്റിക്കറങ്ങി എത്തുന്ന പക്ഷികളുമുണ്ടത്രെ. 14,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ചെറു കടല്‍ പക്ഷിയാണ് ഷിയര്‍ വാട്ടര്‍.
ഓരോ പക്ഷികളും ദേശാടനത്തിനു വ്യത്യസ്ത സമയങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇങ്ങിനെ യഥാര്‍ഥത്തില്‍ വര്‍ഷം മുഴുവന്‍ പക്ഷി സഞ്ചാരം തുടര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്. ദിശ നിര്‍ണയത്തിന് അവയിലോരോന്നും വ്യത്യസ്ത മാര്‍ഗങ്ങളുമാണ് സ്വീകരിക്കുന്നത്. ചിലവ സൂര്യനെ കണക്കാക്കി പകല്‍ മാത്രം പറക്കുന്നു. നക്ഷത്രങ്ങളെയും ചന്ദ്രനെയും പരിഗണിക്കുന്നവയുമുണ്ട്. ഭൂഗുരുത്വാകര്‍ഷണം നോക്കി ചില പക്ഷികള്‍ പറന്നുകൊണ്ടിരിക്കും. കൊക്കുകളില്‍ സെന്‍സര്‍ പോലുള്ള ഒരു വസ്തുവുണ്ടെന്നും അതിലൂടെയാണ് ദിശ നിര്‍ണയിക്കപ്പെടുന്നതെന്നും അഭിപ്രായപ്പെടുന്ന പക്ഷി ശാസ്ത്രജ്ഞരുണ്ട്. ഏതായാലും ആധുനിക ജി പി എസ് സംവിധാനത്തെ വെല്ലുന്ന ക്ലിപ്തതയോടെയാണ് പക്ഷികള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും അതേ സമയത്ത്, അതേ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന ഇവക്ക് കൃത്യമായ സ്ഥാന നിര്‍ണയം നടത്താനുള്ള ശക്തി അപാരം തന്നെ.

ദേശാടനം എന്തിന്?
ഭക്ഷണത്തിന് വേണ്ടിയാണ് പക്ഷികളുടെ ദേശാടനമെന്ന് പൊതുവെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ഇതുമാത്രമല്ല കാരണങ്ങളെന്ന് പുതിയ പഠനങ്ങള്‍ ബോധ്യപ്പെടുത്തുന്നു. കാലാവസ്ഥ, രാത്രിയും പകലും തമ്മിലുള്ള ദൈര്‍ഘ്യം, പ്രജനനത്തിന് അനുയോജ്യമായ ഇടം തുടങ്ങിയവയൊക്കെ അവയുടെ സഞ്ചാരത്തിന് ഹേതുവാണ്. ഉത്തരാര്‍ധ ഗോളത്തിലും ആര്‍ടിക് മേഖലയിലും പക്ഷികള്‍ക്ക് ഭക്ഷണം ലഭിക്കുന്ന കാലം വളരെ കുറവാണ്. അത്തരമവസ്ഥയാണ് ദീര്‍ഘ സഞ്ചരണത്തിന്നായി പക്ഷികള്‍ തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടം. അതേ സമയം കഠിനമായ തണുപ്പും ചൂടും വരുമ്പോള്‍ അത് താങ്ങാനാവാതെ ജീവന്‍ നിലനിര്‍ത്താന്‍ ഇനങ്ങിയ കാലാവസ്ഥയിലേക്ക് പറക്കുന്നവയുണ്ട്. രാത്രി ദീര്‍ഘമാകുന്ന പ്രദേശങ്ങളില്‍ നിന്ന് കുറഞ്ഞിടത്തേക്കും കുറഞ്ഞിടത്ത് നിന്ന് കൂടിയ സ്ഥലങ്ങളിലേക്കും പറക്കുന്നവയുണ്ട്. ഇതുപോലെയാണ് പകലിന്റെ കാര്യവും. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ കൂടുതല്‍ അനുയോജ്യമായ സ്ഥലം തേടിപ്പോകുന്നവയുമുണ്ട്.
പക്ഷികളുടെ വംശനാശം പഠിക്കുന്നതിന്റെ ഭാഗമായി ഒരു പക്ഷിയെ അമേരിക്കന്‍ ഐക്യ നാടുകളിലെ വിദൂര ദ്വീപില്‍ നിന്ന് പിടിച്ച് ഉത്തര അമേരിക്കയലെ ഒരു പക്ഷി സങ്കേതത്തില്‍ കൊണ്ടുവന്ന് തുറന്നിട്ട ഒരു കഥയുണ്ട്. ഇത് ചെയ്ത ശാസ്ത്രജ്ഞര്‍ സ്വന്തം സ്ഥലത്ത് തിരിച്ചെത്തുന്നതിന് മുമ്പ് പക്ഷി തന്റെ കൂട്ടില്‍ തിരിച്ചെത്തിയിരുന്നു. നൂറു കണക്കിന് കോലോമീറ്ററുകള്‍ സഞ്ചരിച്ച്.
കൂട്ടംകൂട്ടമായാണ് പക്ഷികള്‍ ദേശാടനത്തിനിറങ്ങാറ്. ഒരു മണിക്കൂറില്‍ 9,000 പക്ഷികള്‍ വരെ ഒരു ആകാശമേലെ കടക്കുന്നുവെന്ന് റഡാറില്‍ പതിഞ്ഞിട്ടുണ്ട്. അതിശയിപ്പിക്കുന്ന നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്ന ഒന്നാണിത്. ഇവ തമ്മിലുള്ള ആശയ വിനിമയം എങ്ങിനെ? ഒറ്റപ്പെട്ടുപോവുന്ന പക്ഷികള്‍ അധിക സമയമെടുക്കാതെ കൂട്ടം തേടിപ്പിടിക്കുന്നതെങ്ങിനെ. യാത്രാ വേളയില്‍ എത്ര നേരം പറക്കണം, എവിടെ വിശ്രമിക്കണം, യാത്ര എപ്പോള്‍ പുനരാരംഭിക്കണം എന്നൊക്കെ എങ്ങിനെയാവും ഇവ തീര്‍ച്ചപ്പെടുത്തുന്നത്? ഇതൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. അവയുടെ വര്‍ധിച്ച മസ്തിഷ്‌ക ശേഷിയും ഇന്ദ്രിയ ക്ഷമതയും ഒരു കാരണമാണ്. ദീര്‍ഘ യാത്രക്ക് തയ്യാറാവുമ്പോള്‍ ഇടക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു? പഠനങ്ങള്‍ നടക്കേണ്ട മേഖലയാണിതൊക്കെ.
രാത്രി സഞ്ചരിക്കുന്ന പക്ഷികള്‍ നക്ഷത്രങ്ങളെ നോക്കിയാണ് ദിശ നിര്‍ണയിക്കുന്നതെന്ന് പറഞ്ഞുവല്ലോ. ചെറിയ പക്ഷികളാണ് ഇങ്ങിനെ രാത്രി പറക്കാന്‍ തിരഞ്ഞെടുക്കുന്നവയില്‍ അധികവും. സൂര്യന്റെ ചൂട് സഹിക്കാനാവാത്തതും ശത്രുക്കളുടെ ആക്രമണം ഇല്ലാതിരിക്കാനുമാണ് ഇവ രാത്രിയില്‍ പറക്കുന്നത്. അസ്മയം കഴിഞ്ഞ് ഉടന്‍ ഇവ യാത്ര തിരിക്കും. സൂര്യോദയത്തിനു മുമ്പ് വരെ ഏകദേശം 2000 മൈലുകള്‍ സഞ്ചരിക്കാറുണ്ട് ഇവ.
ദേശാടന പക്ഷികള്‍ക്ക് ശാരീരികമായ ചില പ്രത്യേകതകളും കണ്ടെത്തിയിട്ടുണ്ട്. ഭാരം പൊതുവെ കുറവായിരിക്കും ഇവക്ക്. കൂടാതെ രക്തത്തിലെ ചൂടു നിലനിര്‍ത്താന്‍ പ്രാപ്തമായ തൂവലുകള്‍ എണ്ണമയമുള്ളതിനാല്‍ വെള്ളം നനയുമ്പോള്‍ ഒട്ടിപ്പിടിക്കാതിരിക്കുകയും ചെയ്യും. ശക്തിയേറിയ ശ്വാസ കോശങ്ങളും ഭാരം കുറഞ്ഞ എല്ലുകളുമാണ് ഇവക്കുള്ളത്. ഇതൊക്കെയാണ് ദീര്‍ഘ ദൂരം പറക്കാനുള്ള ശേഷി നല്‍കുന്ന ഘടകങ്ങള്‍.
ഇടത്താവളങ്ങളില്‍ തങ്ങേണ്ട സാഹചര്യമാണ് പലപ്പോഴും ദേശാടന പക്ഷികള്‍ക്ക് ഭീഷണി ഉണ്ടാക്കുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥ അനുയോജ്യമായിരിക്കണമെന്നില്ല. നിര്‍ത്താതെ പറക്കുമ്പോഴുള്ള ശരീര താപം കുറക്കാനാണ് ഇടത്താവളങ്ങളില്‍ തങ്ങുന്നത്. പക്ഷ, ഇത്തരം വേളകളിലും യാത്ര പൂര്‍ത്തിയാകുമ്പോഴുമൊക്കെ വേട്ടക്കാരും മറ്റു ജന്തുക്കളും ശല്യമായി എത്താറുണ്ട്. ദേശാടന പക്ഷികളെ പിടിക്കുന്നതും വേട്ടയാടുന്നതും നിയമം മൂലം പല രാജ്യങ്ങളും കുറ്റകരമാക്കിയിട്ടുണ്ട്. എന്നാലും മനുഷ്യര്‍ കൂട് വിട്ട് വിദൂരങ്ങളിലേക്ക് പറന്നെത്തിയ അതിഥികളെ നിഷ്‌കരുണം കൊല്ലുന്നു. കൊന്ന ശേഷമായിരിക്കും ചിലപ്പോള്‍ ഭക്ഷണത്തിന് പറ്റിയതല്ലെന്ന് മനസ്സിലാവുക!.
ഏതായാലും പക്ഷികളുടെ ദേശാന്തരം മനുഷ്യര്‍ഏറെ ചിന്തിക്കേണ്ട, പഠന വിധേയമാക്കേണ്ട വിഷയമാണ്. അവയുടെ കൂട്ടങ്ങള്‍, കലപില ശബ്ദം നമുക്ക് പുതിയ ഊര്‍ജം സമ്മാനിക്കുന്നുണ്ടെന്നത് അവിതര്‍ക്കിതം. ജിവിതം എത്ര പ്രതീക്ഷാ നിര്‍ഭരമാണെന്ന സന്ദേശമാണ് ദേശാടന പക്ഷികള്‍ നല്‍കുന്നത്.