Connect with us

Gulf

നിസ്‌കാരം ഇലാഹീ സ്മരണക്കായ്

Published

|

Last Updated

പരലോക മോക്ഷമാണ് വിശ്വാസിയുടെ ലക്ഷ്യം. ആ ലക്ഷ്യ സാക്ഷാത്കാര വഴിയില്‍ ധാരാളം ബാധ്യതകള്‍ അവന്‍ നിറവേറ്റേണ്ടതുണ്ട്. അവയില്‍ സൃഷ്ടാവായ നാഥനോടുള്ളവയും സൃഷ്ടികളോടുള്ളവയും ഉണ്ട്. അല്ലാഹുമായുള്ള ബാധ്യതകളിലെ സുപ്രധാനമായതാണ് നിസ്‌കാരം. എന്നല്ല. വിശ്വാസിയുടെ പരലോക മോക്ഷമെന്ന ലക്ഷ്യം സാക്ഷാത്കൃതമാക്കുന്നതും നിസ്‌കാരത്തെ അടിസ്ഥാനപ്പെടുത്തിയാണ്. നബി (സ) പറയുന്നു: ഖബറില്‍ അടിമ നേരിടേണ്ടിവരുന്ന ആദ്യ വിചാരണ നിസ്‌കാരത്തെകുറിച്ചായിരിക്കും. അവന്റെ വിജയവും പരാജയവും ആ വിചാരണയെ അടിസ്ഥാനപ്പെടുത്തിയാകും. അതിലെ വിജയി ഭാഗ്യവാനും പരാജിതന്‍ നഷ്ടക്കാരനുമാകുന്നു. (മുസ്‌ലിം).
എല്ലാ പ്രവാചകന്മാരോടുമുള്ള പ്രഥമമായ സന്ദേശങ്ങളിലെല്ലാം നിസ്‌കാരം നിറഞ്ഞ് നില്‍ക്കുന്നത് കാണാം. മാത്രമല്ല- നിയമങ്ങളത്രയും പാലിച്ചു ഭക്തിയോടെ നിസ്‌കരിച്ചവരെ മുഴുവനും പ്രശംസിച്ചതായും ഖുര്‍ആനില്‍ ധാരാളം കാണാം. ഇവയെല്ലാം നിസ്‌കാരത്തിന്റെ പ്രാധാന്യം നമ്മെ തര്യപ്പെടുത്തുന്നവയാണ്
നിസ്‌കരിക്കുക എന്നല്ല നിസ്‌കാരം നിലനിര്‍ത്തുക എന്നതാണ് ഖുര്‍ആനിന്റെ കല്‍പന. ഇഖാമത്തുസ്സ്വലാ എന്നാണ് ഖുര്‍ആന്‍ അതിന് പ്രയോഗിച്ചത്. അതത്ര അനായാസകരമല്ല- നബി (സ) പറയുന്നു. നിങ്ങള്‍ നിസ്‌കാരത്തിലേക്ക് നില്‍ക്കുമ്പോള്‍ അണികള്‍ ശരിപ്പെടുത്തുക. നിശ്ചയം അണികള്‍ ശരിപ്പെടുത്തല്‍ ഇഖാമത്തുസ്സ്വലാ (നിസ്‌കാരം നിലനിറുത്തല്‍)ത്തില്‍ പെട്ടതാണ്. നോക്കുക, നിസ്‌കാരം നിലനിറുത്തുക എന്നത് എത്ര ശ്രമകരമായതാണെന്ന് ഇതില്‍ നിന്നു തന്നെ നമുക്ക് ബോധ്യമാകും.
കര്‍മശാസ്ത്ര നിയമങ്ങള്‍ പാലിച്ച് നിസ്‌കരിച്ചവന്‍ നിസ്‌കരിച്ചു എന്ന് പറയാം. അപ്പോഴും നിസ്‌കാരം നില നിറുത്തി എന്ന് പറയണമെങ്കില്‍ ധാരാളം ഘടകങ്ങള്‍ മേളിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് ഇലാഹീ സ്മരണ. അതാണ് നിസ്‌കാരത്തിലൂടെ കൈവരേണ്ടതും. അല്ലാഹു പറയുന്നു. എന്നെ സ്മരിക്കാന്‍ വേണ്ടി നീ നിസ്‌കാരം നില നിര്‍ത്തുക. അത് പൂര്‍ണാര്‍ഥത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞവരാണ് പ്രവാചകന്മാര്‍. അതു കൊണ്ടാണ് ഇലാഹീ സ്മരണയിലൂടെ അവരുടെ നയനങ്ങള്‍ക്ക് കുളിര്‍മ കൈവന്നത്. നബി (സ) പറയുന്നു. എന്റെ നയനങ്ങള്‍ക്ക് കുളിര്‍മ പകരുന്നത് നിസ്‌കാരത്തിലൂടെയാണ് (ഹദീസ്) മാത്രമല്ല അത്തരം നിസ്‌കാരത്തിലൂടെ ജീവിതത്തെ തന്നെ പ്രകാശിപ്പിക്കാന്‍ കഴിയും എന്നാണ് തിരുനബി (സ)യുടെ പാഠം.
അകവും പുറവും ഒന്നിച്ചു പങ്കുകൊള്ളുന്ന നിസ്‌കാരമാണ് ഇലാഹീ സ്മരണയുള്ള നിസ്‌കാരം. അകമറിയാത്ത ബാഹ്യ പ്രകടനങ്ങള്‍ നാം നിസ്‌കാരമെന്ന് പേരിട്ടാലും അത് അപൂര്‍ണം. ശൂന്യം. സര്‍വ്വജ്ഞനും സര്‍വാധിപതിയുമായ നാഥന്റെ മുമ്പിലാണ് താന്‍ നില്‍ക്കുന്നത്. ഞാന്‍ അവനെ കാണുന്നില്ലെങ്കിലും അവന്‍ എന്നെ കാണുന്നു എന്ന മനസ്സില്‍തട്ടിയ ബോധവും സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലും മേല്‍പോട്ടും ഇതര ഭാഗങ്ങളിലേക്കും ശ്രദ്ധയാകര്‍ഷിക്കുന്ന വസ്തുക്കളിലേക്കും നോക്കാതിരിക്കലും ഓതുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെയും ഉരുവിടുന്ന ദിക്‌റുകളുടെയും അര്‍ഥം ചിന്തിക്കലും അടിയന്തരമായി നേരിട്ട ആവശ്യങ്ങള്‍ നിര്‍വഹിച്ച് ഹൃദയം സ്വസ്ഥമാക്കിയ ശേഷം നിസ്‌കാരത്തില്‍ പ്രവേശിക്കുക എന്നിവയെല്ലാം ഇലാഹീ സ്മരണയുള്ള നിസ്‌കാരത്തിന് സഹായകരമായ കാര്യങ്ങളാണ്. അതു കൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെ കുറിച്ച് നബി വചനങ്ങളിലും മഹത്തുക്കളുടെ വാക്കുകളിലും പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ കാണാം.
അകത്ത് ഭക്തിയുണ്ട്- എങ്കില്‍ ബാഹ്യ പ്രകടനത്തിലും അതു തെളിഞ്ഞു കാണും. അപ്പോഴാണ് ഭക്തി പൂര്‍ണമാകുന്നത്. നിസ്‌കരിച്ചുകൊണ്ടിരിക്കെ താടികൊണ്ട് കളിക്കുന്ന ഒരാളെ പ്രമുഖ സ്വഹാബി സഈദ്ബ്‌നു മുസയ്യബ് (റ) കാണാനിടയായി. സഈദ് (റ) അദ്ദേഹത്തോട് പറഞ്ഞു. നിന്റെ മനസ്സ് നീ ഭക്തിയാല്‍ നിറക്കുക. നിന്റെ അകം ഭക്തമെങ്കില്‍ നിന്റെ ബാഹ്യാവയവങ്ങളും ആ ഭക്തിയില്‍ പങ്കുചേരുമായിരുന്നു നബി (സ) പറയുന്നു. ഏറ്റവും നീചനായ മോഷ്ടാവ് നിസ്‌കാരത്തില്‍ മോഷ്ടിക്കുന്നവനാണ്. സ്വഹാബത്ത് (റ) ആശ്ചര്യത്തോടെ ചോദിച്ചു. ആരെങ്കിലും നിസ്‌കാരത്തില്‍ മോഷ്ടിക്കുമോ? നബി (സ) പറഞ്ഞു. റുകൂഉം സുജൂദും പൂര്‍ണമാക്കാതെ നിസ്‌കരിക്കുന്നവനാണ് നിസ്‌കാരത്തിലെ മോഷ്ടാവ് (ഹദീസ്).
മനസ്സില്‍ തട്ടിയ ഭക്തിയാണ് നമുക്ക് വേണ്ടത്. ഭക്തിയുള്ളവനെപ്പോലെയുള്ള കാട്ടിക്കൂട്ടലുകളല്ല. ബാഹ്യ പ്രകടനങ്ങളിലെന്നപോലെ ഭക്തിയിലും വരാവുന്നതാണ് കാപട്യം. അബ്ദുര്‍റദാഅ് (റ) പറയാറുണ്ടായിരുന്നു. നിങ്ങള്‍ കാപട്യ ഭക്തിയില്‍ നിന്നും അഭയം തേടുക. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. കാപട്യ ഭക്തി എന്താണ്? അദ്ദേഹം പറഞ്ഞു. അകത്ത് ഭക്തി സ്പര്‍ശമേല്‍ക്കാത്ത ബാഹ്യ പ്രകടനങ്ങളായിത്തെളിയുന്ന ഭക്തിയുടെ കാട്ടിക്കൂട്ടലുകളാണ് അത്. അത് ജനങ്ങളെ കാണിക്കാനുള്ള ഭക്തിയാണ്. അത്തരം ഭക്തി പ്രകടനത്തിലുള്ള നിസ്‌കാരം പരലോകമോക്ഷമല്ല സമ്മാനിക്കുക എന്ന് നാം ഓര്‍ക്കുക.
കുറ്റകൃത്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ് നിസ്‌കാരം എന്നാണ് ഖുര്‍ആന്റെ ഭാഷ്യം. പക്ഷേ, നാം എത്രയോ നിസ്‌കരിച്ചു. എന്നിട്ട് ആ നിസ്‌കാരങ്ങള്‍ മുഖേന ജീവിതത്തില്‍ വരുന്ന തിന്മകളെ ഉഛാടനം ചെയ്യാന്‍ നമുക്ക് കഴിയുന്നുവോ? നാം എപ്പോഴും ആലോചിക്കേണ്ടതാണിത്. ആ നിലവാരത്തിലേക്ക് നാം ഉയര്‍ന്നിട്ടില്ലെങ്കില്‍ ഉറപ്പ്, നാം നിസ്‌കരിച്ചു, പക്ഷേ, നാം നിസകാരം നിലനിര്‍ത്തിയിട്ടില്ല. അല്ലാഹു ആവശ്യപ്പെട്ടത് നിസ്‌കാരം ഇഖാമത്ത് (നിലനിര്‍ത്തല്‍) ചെയ്യാനാണ്.

Latest