Connect with us

Gulf

ഓണ്‍ലൈന്‍ വോട്ടവകാശം കിട്ടാക്കനി

Published

|

Last Updated

പ്രവാസി ഭാരതീയ ദിവസിന്റെ രണ്ടാം ദിവസമാണ് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദി എത്തുന്നുവെന്നതും വിദേശ ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം പ്രഖ്യാപിച്ചേക്കുമെന്നതും ആകാംക്ഷക്ക് കാരണമായി.

ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനു മുമ്പ് തൊട്ടടുത്ത കെട്ടിടത്തില്‍ മഹാത്മജിയുടെ മ്യൂസിയം പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടതുണ്ട്. അത് കൊണ്ട്, പ്രധാനമന്ത്രിയുടെ അന്നത്തെ ഓരോ ചുവടുവെപ്പും ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. മഹാത്മാ മന്ദിറിലെ പ്രവാസി ഭാരതീയ ദിവസിന്റെ പ്രധാന വേദിയില്‍ പ്രതിനിധികള്‍ക്ക് സംപ്രേഷണം കാണാന്‍ സൗകര്യമൊരുക്കി.
യു എ ഇയില്‍ നിന്ന് ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, എം എ യൂസുഫലി, ഇസ്മാഈല്‍ റാവുത്തര്‍, ഡോ. ബി ആര്‍ ഷെട്ടി, അഡ്വ. വൈ എ റഹീം, മോഹന്‍ വെങ്കിട്ട്, സുധീര്‍കുമാര്‍ ഷെട്ടി, സോഹന്‍ റോയ്, കെ വി ശംസുദ്ദീന്‍ തുടങ്ങി നിരവധി പേര്‍ എത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ യു എ ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. എന്നാല്‍ ആഗോളാടിസ്ഥാനത്തില്‍ മലേഷ്യയില്‍ നിന്നാണ് കൂടുതല്‍ പേര്‍. ഏതാണ്ട് 500 ഓളം പേര്‍ മലേഷ്യയില്‍ നിന്ന് എത്തി. നിരവധി മാധ്യമ പ്രവര്‍ത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒമാനില്‍ നിന്ന് പ്രവാസി കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, ബഹ്‌റൈനില്‍ നിന്ന് രവി പിള്ള, പി വി രാധാകൃഷ്ണ പിള്ള, സോമന്‍ ബേബി, ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ സജീവമായിരുന്നു.
പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിച്ചത്. ഓരോ വാക്കുകളും പ്രതിനിധികള്‍ സാകൂതം കേട്ടു. ഓണ്‍ലൈന്‍ വോട്ടവകാശം പ്രഖ്യാപിക്കുന്നതിന് പ്രതിനിധികള്‍ കാത് കൂര്‍പിച്ചിരുന്നു. വോട്ടവകാശത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ അബുദാബിയിലെ ഡോ. ശംസീര്‍ വലിയ ആവേശത്തിലായിരുന്നു. പ്രധാനമന്ത്രിയുടെ അനുകൂല മനഃസ്ഥിതി പുറത്തുവന്നാല്‍ ഹര്‍ജി പൂര്‍ണമായും അംഗീകരിക്കപ്പെടുമെന്ന് ശംസീര്‍ പറഞ്ഞിരുന്നു.
“വിദേശത്തെ ഇന്ത്യന്‍ വംശജരില്‍ പി ഐ ഒ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ആജീവനാന്ത വിസ നല്‍കും. ഓരോ തവണ ഇന്ത്യയിലെത്തുമ്പോള്‍ പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങേണ്ടതില്ല. പി ഐ ഒ, ഒ സി ഐ കാര്‍ഡുകള്‍ തമ്മില്‍ ഇനി വേര്‍തിരിവുണ്ടാകില്ല. 43 രാജ്യക്കാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് വിദേശ സുഹൃത്തുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരുക എളുപ്പമാണ്.
ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം ഉടന്‍ തുറക്കും. നിങ്ങള്‍ക്ക് അതൊരു ആശ്രയ കേന്ദ്രമായി മാറും. ഇങ്ങനെയൊക്കെ ചെയ്തുവരുമ്പോള്‍ നിങ്ങളില്‍ നിന്ന് തിരിച്ചും ചിലത്, ഭരണ കൂടം പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വികസനത്തില്‍ നിങ്ങളുടെ പങ്കാളിത്തമാണത്. കൈയില്‍ കുറേ ഡോളറും പൗണ്ടും വേണമെന്നല്ല. മാലിന്യ നിര്‍മാര്‍ജനത്തിലും മറ്റും നിങ്ങള്‍ക്ക് സഹകരിക്കാന്‍ കഴിയും. പുണ്യ നദിയായ ഗംഗയെ ശുദ്ധീകരിക്കാനുള്ള ബൃഹദ് യത്‌നത്തിലാണ് ഭരണകൂടം. അതില്‍, വിദേശ ഇന്ത്യക്കാര്‍ എല്ലാവിധത്തിലും പങ്കാളികളാകണം. കൃഷി, ജലഗതാഗതം, നഗരവികസനം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്തണം, പ്രധാനമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ വോട്ടവകാശത്തെക്കുറിച്ച് പരാമര്‍ശം പോലും ഉണ്ടായില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്നത് കൊണ്ടാകാം പ്രധാനമന്ത്രി ഒന്നും പറയാത്തതെന്ന് ചിലര്‍ സമാധാനിച്ചു. ഉച്ച ഭക്ഷണ വേളയില്‍ പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ എം എ യൂസുഫലി, ബി ആര്‍ ഷെട്ടി, ഡോ. ശംസീര്‍, അശ്‌റഫ് താമരശ്ശേരി തുടങ്ങിയവര്‍ക്ക് അവസരം ലഭിച്ചു. പ്രധാനമന്ത്രി ഗള്‍ഫ് സന്ദര്‍ശിക്കണമെന്ന് യൂസുഫലി അഭ്യര്‍ഥിച്ചു. വോട്ടവകാശം ലഭ്യമാക്കുമെന്ന് ശംസീറിന് ഉറപ്പു നല്‍കി. അശ്‌റഫ് താമരശ്ശേരിയെ പ്രധാനമന്ത്രിക്കു പരിചയപ്പെടുത്തിയത് വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ്.
യു എ ഇയില്‍ നിന്ന് മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുന്ന സന്നദ്ധ സേവകനാണെന്നും മഹത്തായ കര്‍മമാണ് അശ്‌റഫ് നടത്തുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു. എന്താണ് അശ്‌റഫിന് പറയാനുള്ളതെന്ന് പ്രധാനമന്ത്രി ചോദിച്ചു. മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ലൈനറുകള്‍ക്കും കാര്‍ഗോ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് അശ്‌റഫ് മടികൂടാതെ പറഞ്ഞു.
(തുടരും)

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest