Connect with us

Gulf

ദുബൈ പൊതുഗതാഗതം വന്‍ കുതിപ്പില്‍

Published

|

Last Updated

ദുബൈ: പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തല്‍ വന്‍ വര്‍ധന. മെട്രോ, ട്രാം, ബസ്, ജല ഗതാഗതങ്ങളില്‍ 2014ല്‍ 53.13 കോടി യാത്രകള്‍ നടന്നു. 2013ല്‍ 44.06 കോടി യാത്രകളായിരുന്നു നടന്നത്. പൊതുഗതാഗത സംവിധാനങ്ങളില്‍ ദിവസം 14.75 ലക്ഷം യാത്രകള്‍ നടക്കുന്നുണ്ട്. 2013ല്‍ ശരാശരി 13 ലക്ഷമായിരുന്നു. ദുബൈ മെട്രോ 16.4 ലക്ഷം യാത്രക്കാരെ വഹിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് ആരംഭിച്ച ദുബൈ ട്രാമില്‍ 53,000 യാത്രകള്‍ നടന്നു. പൊതു ഗതാഗത സംവിധാനങ്ങല്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍തായര്‍ പറഞ്ഞു.

2006ല്‍ പൊതുഗതാഗതങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ആറ് ശതമാനമായിരുന്നെങ്കില്‍ 2014ല്‍ അത് 14 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2020ഓടെ 20 ശതമാനമായി വര്‍ധിക്കും. ഏറെ സൗകര്യ പ്രദവും മാനസികോല്ലാസവും സാമ്പത്തിക ലാഭവും നല്‍കുന്നതാണ് ദുബൈയിലെ പൊതു ഗതാഗത സംവിധാനം. സുരക്ഷിതത്വവും അത് നല്‍കുന്നു. 2020ലെ വേള്‍ഡ് എക്‌സ്‌പോ വരുന്നതോടെ ദുബൈ മെട്രോയുടെ ചുകപ്പുപാതയുടെ നീളം വര്‍ധിപ്പിക്കും. എക്‌സ്‌പോ നടക്കുന്ന കേന്ദ്രത്തിലേക്ക് ചുകപ്പു പാത നീട്ടും. അവിടങ്ങളിലേക്കുള്ള റോഡ് സൗകര്യം വര്‍ധിപ്പിക്കും. മെട്രോ സംവിധാനങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തും. ദുബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസ് ഗതാഗത സംവിധാനം വര്‍ധിപ്പിക്കും. 16 പുതിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും. ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി വരുന്നതോടെ ജല ഗതാഗതത്തിലും മാറ്റങ്ങളുണ്ടാകും.
ദുബൈ മെട്രോ ചുകപ്പ്, പച്ച പാതയില്‍ കഴിഞ്ഞ വര്‍ഷം 16.43 ലക്ഷം യാത്രകളാണ് നടന്നത്. 2012ല്‍ നിന്ന് 2014ലേക്കെത്തുമ്പോള്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് നേടിയത്. ദിനം പ്രതി ദുബൈ മെട്രോയില്‍ ശരാശരി 4.5 ലക്ഷം യാത്രക്കാരാണ് ഉണ്ടാകുന്നത്. 2014ല്‍ നവംബര്‍ 11ന് ആരംഭിച്ച ദുബൈ ട്രാം വന്‍ വിജയമാണ്. യാത്രക്കാരുടെ എണ്ണത്തില്‍ ദിവസം പ്രതി വര്‍ധനവുണ്ടാകുന്നുണ്. ബസുകളിലും നിരവധി യാത്രക്കാരുണ്ട്. കഴിഞ്ഞ വര്‍ഷം 13.5 കോടി യാത്രകളാണ് നടന്നത്. 2013ല്‍ 11.56 കോടിയായിരുന്നു. ദിവസം പ്രതി 3.71 ലക്ഷം യാത്രകള്‍ നടക്കുന്നുണ്ട്. ഫീഡര്‍ ബസുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
ദുബൈ ഫെറി കഴിഞ്ഞ വര്‍ഷം 1.32 കോടി യാത്രക്കാരെ ഉള്‍ക്കൊണ്ടു. അബ്രയാണ് ഏറ്റവും കൂടുതല്‍ ആളുകളെ വഹിക്കുന്ന ജലഗതാഗത സംവിധാനം. 1.26 കോടി യാത്രക്കാരെ വഹിച്ചിട്ടുണ്ട്. ദുബൈ ടാക്‌സി, ഹലാ ടാക്‌സി ഉള്‍പ്പെടുന്ന ദുബൈ ടാക്‌സി സംവിധാനം കഴിഞ്ഞ വര്‍ഷം 10 കോടി യാത്രകള്‍ നടത്തിയിട്ടുണ്ട്. 2013നെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മത്തര്‍ അല്‍ തായര്‍ പറഞ്ഞു.