Connect with us

Gulf

ഔഷധങ്ങള്‍ക്ക് വില കുത്തനെ കുറച്ചു

Published

|

Last Updated

ദുബൈ: ഔഷധങ്ങള്‍ക്ക് വീണ്ടും വിലകുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 250 ഓളം അവശ്യമരുന്നുകള്‍ക്കാണ് വിലകുറയുക. ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. ഏതാണ്ട് 55 ശതമാനം വരെ വിലകുറയുമെന്ന് ചില്ലറ വില്‍പനക്കാര്‍ അറിയിച്ചു. 2,200 ഓളം ഫാര്‍മസികളുമായും വിതരണക്കാരുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണ് തീരുമാനം. സാംക്രമിക രോഗങ്ങള്‍, ഉദര രോഗങ്ങള്‍, ചര്‍മ രോഗങ്ങള്‍ തുടങ്ങിയവക്കുള്ള ഔഷധങ്ങളുടെ വിലയാണ് പ്രധാനമായും കുറയുക.
ആറ് മുതല്‍ 55 ശതമാനം വില കുറയുമെന്ന് പൊതു ജനാരോഗ്യ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. ഹമീദ് അല്‍ അമീരി ചൂണ്ടിക്കാട്ടി. 2011 മുതല്‍ ക്രമാനുഗതമായി ഔഷധങ്ങള്‍ക്ക് വില കുറക്കുന്ന പ്രക്രിയയിലാണ് മന്ത്രാലയം. പ്രമേഹം, രക്ത സമ്മര്‍ദം, അമിത വണ്ണം തുടങ്ങിയവക്കുള്ള മരുന്നുകളുടെ വില നേരത്തെ തന്നെ കുറച്ചിരുന്നു. 2011 ജൂലൈ മുതലാണ് നിരക്ക് കുറക്കുന്ന പ്രക്രിയ തുടങ്ങിയത്. 2011 ജൂലൈ മുതല്‍ 565 ഓളം ഔഷധങ്ങള്‍ക്ക് അഞ്ച് മുതല്‍ 55 ശതമാനം വരെ വില കുറച്ചിരുന്നു. 2012 ജനുവരിയില്‍ 115 ഔഷങ്ങള്‍ക്ക് അഞ്ച് മുതല്‍ 35 വരെയും 2013 ജൂണില്‍ 6,791 ഔഷധങ്ങള്‍ക്ക് ഒന്ന് മുതല്‍ 40 വരെയും 2014 ജനുവരിയില്‍ 192 ഔഷങ്ങള്‍ക്ക് ഒന്ന് മുതല്‍ 60 ശതമാനം വരെയും വില കുറച്ചു.
പ്രമേഹം, രക്ത സമ്മര്‍ദം, അമിതമായ കൊഴുപ്പ്, സാംക്രിമികരോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായാണ് വില കുറക്കുന്നതെന്ന് ഡോ. അമീന്‍ പറഞ്ഞു.

Latest